ADVERTISEMENT

കേരളത്തിന്റെ വൈദ്യുതി സ്വപ്നങ്ങൾക്ക്  വഴികാട്ടിയ ഒരു ഗോത്രത്തലവനുണ്ടായിരുന്നു. കുറവൻ– കുറത്തി മലകളെ ലോകത്തിനു കാട്ടിക്കൊടുത്ത ഊരാളി ഗോത്ര തലവൻ ചെമ്പൻ കൊലുമ്പൻ. ചെമ്പൻ കൊലുമ്പന്റെ ഓർമകൾക്ക് ഇന്ന് 50 വർഷം

idukki-chemban-kolumban
ഇടുക്കി അണക്കെട്ട് നിർമാണം ആരംഭിക്കുന്നതിനു മുൻപ് കുറവൻ–കുറത്തി മലകൾക്കു മുന്നിൽ ചെമ്പൻ കൊലുമ്പൻ.

∙ കൊലുമ്പൻ കാട്ടിയ വഴിയേ

ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നു 5 കിലോമീറ്റർ അകലെയുള്ള ചെമ്പച്ചേരി ( ചെമ്പകശ്ശേരി) നരിക്കാട് ആയിരുന്നു കൊലുമ്പന്റെ കുടി. 5 അടി പൊക്കം, കരിങ്കറുപ്പ് നിറം, മുട്ടോളം മാത്രമുള്ള ഒറ്റമുണ്ട്, ചെമ്പിച്ച് ജട പിടിച്ചു കാൽപാദം വരെ എത്തുന്ന നീണ്ട മുടി. കയ്യിൽ ആറടി നീളം ഉള്ള വടി. ആരേയും കൂസാത്ത പ്രകൃതം. നടു നിവർത്തി, മൂക്ക് വിടർത്തിയുള്ള വേഗത്തിലുള്ള നടപ്പ്. ഇതിനിടയിൽ വനത്തിലെ നേരിയ ചലനങ്ങൾ പോലും പിടിച്ച് എടുക്കുന്ന കടുകിട തെറ്റാത്ത ശ്രദ്ധ.

ഇതായിരുന്നു കൊലുമ്പൻ. ഊരാളിക്കുടിയിലെ മരച്ചുവട്ടിൽ ഈറ്റ കൊണ്ടു മറച്ച കുടിലിൽ ആണ് ആഹാരം പാകം ചെയ്തിരുന്നത്. രാത്രി ഉറക്കമാകട്ടെ മരത്തിനു മുകളിലുള്ള ഏറുമാടത്തിലും. കൊലുമ്പനെ കണ്ടാൽ കാട്ടാനയും കാട്ടുപോത്തും കടുവയും ഉൾപ്പെടെയുള്ള വന്യജീവികൾ വഴിമാറി കൊടുത്തിരുന്നു എന്നാണ് കാട്ടിലെ പഴമൊഴി. മന്ത്രവാദിയായിരുന്ന കൊലുമ്പൻ മന്ത്രമോതിയ കത്തിയുമായി എത്തിയാൽ കടുവകൾ പോലും വഴിമാറിപ്പോകും എന്ന് വിശ്വാസം.

idukki-arch-dam
ഇടുക്കി ആർച്ച് ഡാം നിർമാണത്തിന്റെ ചിത്രം. എം.ജെ.ഫിലിപ്പ് പകർത്തിയത്

∙ ഇടുക്കിയുടെ കഥ, കൊലുമ്പന്റെയും

1932–ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്യൂ.ജെ. ജോൺ നായാട്ടിനായി ഈ കൊടും കാട്ടിൽ എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. അന്ന് ഈ ഭാഗത്തെ ഊരാളി ഗോത്ര തലവനായിരുന്ന കരുവെള്ളയാൻ ചെമ്പൻ കൊലുമ്പൻ എന്ന ആദിവാസിയുമായി പരിചയപ്പെട്ട ജോൺ ഇയാളെ നായാട്ടിന് സഹായിയായി വിളിച്ചു. കൊലുമ്പൻ അനുഗമിച്ചു. അയാൾ നാടൻ പാട്ടിലെ കുറവൻ– കുറത്തി കഥ ജോണിനു പറഞ്ഞുകൊടുത്തു. ഇടുക്കി കാണിച്ചുകൊടുത്തു.

കുറവൻ കുറത്തി മലകൾക്കിടയിലൂടെ ഞെങ്ങി ഞെരുങ്ങി ഒഴുകുന്ന പെരിയാർ ജോണിന്റെ ശ്രദ്ധയെ ആകർഷിച്ചു. ആ മല ഇടുക്കിൽ അണക്കെട്ട് പണിതാൽ വൈദ്യുതോൽപാദനത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്താമെന്ന് ജോൺ എന്ന ധിക്ഷണശാലിക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായി. ഇവിടെ നിന്നു മടങ്ങിയ ജോൺ എൻജിനീയറായ അനുജന്റെ സഹായത്തോടെ ഇടുക്കിയുടെ സാധ്യതകളെപ്പറ്റി തിരുവതാംകൂർ ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു.

പിന്നീട് 1937–ൽ ഇറ്റലിക്കാരായ ആഞ്ചലോ ഒമേദയോ, ക്ലാന്തയോ മാസലെ എന്നീ എൻജിനീയർമാർ ഇടുക്കിയിൽ അണക്കെട്ടു നിർമിക്കുന്നതിന് അനുകൂലമായ ഒരു പഠന റിപ്പോർട്ട് സമർപ്പിച്ചു. 1947-ൽ തിരുവതാംകൂറിലെ ഇലക്ട്രിക്കൽ എൻജിനീയറായിരുന്ന പി.ജോസഫ് ജോണിന്റെ റിപ്പോർട്ടിൽ പെരിയാറിനെയും ചെറുതോണി പുഴയെയും ബന്ധിപ്പിച്ച് അണക്കെട്ട് നിർമിക്കുവാനും അറക്കുളത്തു വൈദ്യുതി നിലയം സ്ഥാപിക്കുവാനും ശുപാർശ ചെയ്തു.

idukki-kolumban
കരുവെള്ളയാൻ ചെമ്പൻ കൊലുമ്പൻ

1956–ൽ കേരള സർക്കാരിനു വേണ്ടിയും അടുത്ത വർഷം കേന്ദ്ര ജലവൈദ്യുത കമ്മിഷനു വേണ്ടിയും സമഗ്രമായ പഠനങ്ങൾ നടന്നു. എങ്കിലും 1961–ലാണ് ഇടുക്കി അണക്കെട്ടിന്റെ രൂപകൽപന ഉണ്ടാക്കിയത്. 1963–ൽ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം ലഭിച്ചു. തുടർന്ന് ഇടുക്കി പദ്ധതിയുടെ നിർമാണ ചുമതല കേരള വൈദ്യുതി വകുപ്പ് ഏറ്റെടുത്തു.

1966–ൽ കൊളംബോ പദ്ധതി പ്രകാരം കാനഡ സർക്കാർ സഹായഹസ്തം നീട്ടുകയും ഇന്ത്യയും കാനഡയും ഇതു സംബന്ധിച്ചുള്ള കരാർ ഉണ്ടാക്കുകയും ചെയ്തു. 1976ൽ ഇടുക്കി ഡാം കമ്മിഷൻ ചെയ്തു. കനേഡിയൻ സർക്കാർ ഡാം നിർമാണ ജോലികൾ ഏറ്റെടുത്തപ്പോൾ കൊലുമ്പൻ വിശിഷ്‌ടാഥിതി ആയിരുന്നു. ആദ്യ ഘട്ടത്തിൽ എല്ലാ പ്രധാന ചടങ്ങുകളിലും ആദരിക്കപ്പെടുകയും ഹൈ കമ്മിഷണറോടൊപ്പം ചടങ്ങിൽ പങ്കെടുക്കുകയും ചെയ്‌തിരുന്നു ഇദ്ദേഹം.

idukki-kolumban-statue
ചെറുതോണിയിൽ പൂർത്തിയാവാതെ കിടക്കുന്ന കൊലുമ്പൻ സ്മാരകത്തിനുള്ളിൽ കൊലുമ്പന്റെ പ്രതിമ മൂടിവച്ചിരിക്കുന്നു.

പിൻമുറക്കാരെ മറന്നു

ഇടുക്കി അണക്കെട്ട് കമ്മിഷൻ ചെയ്ത 1976 നു ശേഷം കൊലുമ്പന്റെ പിൻമുറക്കാർക്ക് വൈദ്യുതി ബോർഡിൽ നിന്നു മാസം ചെറിയ തുക ഗ്രാൻഡ് നൽകിയിരുന്നു. പിന്നീട് ഇത് നിർത്തലാക്കി. കൊലുമ്പന്റെ പൗത്രി പൊൻമാലയ്ക്ക് കെഎസ്ഇബി സ്വീപ്പർ തസ്തികയിൽ വാഴത്തോപ്പിൽ ജോലി നൽകി. 20 വർഷം മുൻപ് ഇവർ സർവീസിൽ നിന്നും വിരമിച്ചതോടെ കൊലുമ്പന്റെ പിൻമുറക്കാർക്കുള്ള സർക്കാർ സഹായവും നിലച്ചു. പാറേമാവിൽ 140 ഏക്കർ സ്ഥലത്ത് ആയിരുന്നു കൊലുമ്പൻ കോളനി. ഇന്ന് കോളനിയിൽ കൊലുമ്പന്റെ സമുദായക്കാർ നാമമാത്രമാണ്.

∙ സ്മാരകം എന്ന സ്വപ്നം

പദ്ധതി കമ്മിഷൻ ചെയ്യുന്നതിനു മുൻപേ മരിച്ചു പോയ ചെമ്പൻ കൊലുമ്പനെ ഇടുക്കി– ചെറുതോണി അണക്കെട്ടുകൾക്ക് അഭിമുഖമായി സംസ്കരിച്ചത് അന്നത്തെ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമായിരുന്നു. അങ്ങനെ ചെറുതോണി െവള്ളാപ്പാറയിൽ കൊലുമ്പനെ സംസ്കരിച്ചു. 2102–13 സംസ്ഥാന ബജറ്റിലാണു പദ്ധതിയ്ക്കു അംഗീകാരം ലഭിക്കുന്നത്. കൊലുമ്പന്റെ പൂർണകായ പ്രതിമയും മണ്ഡപവും ഉൾപ്പെടെയാണു സ്മാരകം. 2015ൽ പുരാവസ്തു വകുപ്പിന്റെ കീഴിൽ സമാധിയോട് അനുബന്ധിച്ചു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

പ്രവർത്തനങ്ങൾ വർഷങ്ങളോളം ഇഴഞ്ഞുനീങ്ങി. ഇപ്പോൾ അവസാന ഘട്ടത്തിലുള്ള പ്രവൃത്തികൾ പൂർത്തികരിച്ചു അടുത്ത മാസം ഉദ്ഘാടനം ചെയ്യാനാണു നീക്കം. റോഷി അഗസ്റ്റിൻ എംഎൽഎ ചെയർമാനും എഡിഎം സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്. തുടർന്നു സ്മാരകം ടൂറിസം വകുപ്പിനു കൈമാറും.

കൊലുമ്പന്റെ രണ്ടു പ്രതികളും നിർമിക്കാൻ ഭാഗ്യം ലഭിച്ചത് ഒരേ ശിൽപിക്കാണ്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് പ്രൊഫസറായിന്ന കുന്നുവിള മുരളിയാണ് 1976ൽ ഇടുക്കി പദ്ധതി കമ്മിഷൻ ചെയ്യുന്നതിനോപ്പം ചെറുതോണി അണക്കെട്ടിലേക്കു നോക്കിനിൽക്കുന്ന രീതിയിൽ കൊലുമ്പന്റെ പ്രതിമ നിർമിച്ചത്. 2016ലെ നിർമാണവും മുരളിയുടെ നേതൃത്വത്തിലാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com