ADVERTISEMENT

മൂന്നാർ ∙ ജീവനെടുത്ത അതേ മണ്ണിലേക്ക് അവരുടെ അവസാനയാത്ര. പെട്ടിമുടിയിൽ ഉരുളെടുത്ത 26 പേരെ രാജമലയിൽ തന്നെ സംസ്കരിച്ചു. 5 മൃതദേഹങ്ങൾ വീതം രാജമല എസ്റ്റേറ്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഒരു കിലോമീറ്റർ അകലെ സംസ്കാരത്തിന് എത്തിക്കുകയായിരുന്നു. 15 മീറ്റർ നീളത്തിലും 6 അടി ആഴത്തിലുമെടുത്ത കുഴികളിൽ മൃതദേഹങ്ങൾ ഒന്നിച്ചാണ് അടക്കം ചെയ്തത്. ബന്ധുക്കളുടെ കണ്ണീരും രക്ഷാപ്രവർത്തകരുടെ സങ്കടവുമല്ലാതെ പൊതുദർശനമോ ആചാരങ്ങളോ ഇല്ലാതെ അന്ത്യയാത്ര. 

ഇനി കണ്ടെത്താനുള്ളത് 40 പേരെയാണ്. ലയങ്ങളുടെ അവശിഷ്ടങ്ങൾ മാങ്കുളത്തെ പെരുമ്പൻകുത്ത് പുഴയിൽ കണ്ടെത്തിയതായി ചിലർ പറയുന്നുണ്ട്. അപകടത്തിൽപ്പെട്ട പലരുടെയും മൃതദേഹം പെട്ടിമുടിയാറിലൂടെ ഒഴുകിപ്പോയേക്കാമെന്നും നാട്ടുകാർ പറയുന്നു. കല്ലും ചെളിയും നീക്കി, അതീവ ശ്രദ്ധയോടെയാണ് മണ്ണുമാന്തി ഉപയോഗിച്ചുള്ള തിരച്ചിൽ. ആദ്യം പുറത്തെടുക്കാനായത് ദമ്പതികളായ കുട്ടിരാജയുടെയും വിജിലയുടെയും മൃതദേഹങ്ങളാണ്.

ഒരേ കട്ടിലിൽ ഉറങ്ങാൻ കിടന്ന ദമ്പതികളുടെ മൃതദേഹങ്ങൾ പത്തടി മാറിയാണ് കണ്ടെത്തിയത്. ഇവരുടെ മകനായ മണികണ്ഠന്റെ മൃതദേഹം അൽപം കഴിഞ്ഞ് കണ്ടെത്തി. മറ്റൊരു മകനായ ദീപക്കിന്റെ മൃതദേഹവും കണ്ടെടുത്തു.വൈകിട്ടു തിരച്ചിൽ നിർത്താൻ തുടങ്ങവേയാണ് എട്ടാമത്തെ ശരീരം കണ്ടെത്തിയത്. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ തമിഴ്നാട്ടിൽ നിന്ന് എത്തിയതോടെ പെട്ടിമുടിയിൽ വൻ ജനക്കൂട്ടമായിരുന്നു. കേരളത്തിൽ 2 ദിവസം കഴിയാനുള്ള പാസുമായാണ് പലരും എത്തിയത്. 

ഉരുൾപൊട്ടലിൽ മരിച്ചയാളുടെ മൃതദേഹം സംസ്കാരത്തിനായി പെട്ടിമുടി മൈതാനത്തേക്കു കൊണ്ടുപോകുന്നു.
ഉരുൾപൊട്ടലിൽ മരിച്ചയാളുടെ മൃതദേഹം സംസ്കാരത്തിനായി പെട്ടിമുടി മൈതാനത്തേക്കു കൊണ്ടുപോകുന്നു.

ഉരുളെടുത്തത് കുടുംബത്തിലെ 31 പേരെ

മൂന്നാർ ∙  രണ്ട് ആൺമക്കൾ ഉൾപ്പെടെ കുടുംബത്തിലെ 31 പേരെ ഉരുളെടുത്ത സങ്കടവുമായാണ് ഷൺമുഖനാഥൻ ഇന്നലെ പെട്ടിമുടിയിലെത്തിയത്.  ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനാണ് ഷൺമുഖനാഥൻ.  അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ എ. അനന്തശിവൻ‍ ദേവികുളം പഞ്ചായത്തിലെ മുൻ അംഗം. അനന്തശിവന്റെ പേരക്കുട്ടിയുടെ ജന്മദിനം ആഘോഷിക്കാൻ മൂന്നാറിൽ നിന്നു കേക്കും വാങ്ങി എത്തിയതാണ് ഷൺമുഖന്റെ മക്കളായ ദിനേശും നിധീഷും. എൻജിനീയറിങ്ങ് വിദ്യാർഥികളാണ് ഇരുവരും. വെള്ളിയാഴ്ച തിരിച്ചെത്താമെന്ന് പറഞ്ഞ് വീട്ടിൽ നിന്നു പോന്നതാണ്. 

അനന്തശിവൻ (58), ഭാര്യ വേലുത്തായി (55), മകൻ ഭാരതിരാജ (35),ഭാര്യ രേഖ (26), ഇവരുടെ രണ്ട് മക്കൾ, അനന്തശിവന്റെ സഹോദരൻ ഗണേശൻ (48), ഭാര്യ തങ്കമ്മ (40), മറ്റൊരു സഹോദരൻ മയിൽസ്വാമി (45), ഭാര്യ രാജേശ്വരി (40), മക്കളായ ശിവരഞ്ജിത്ത് (13), സിന്ദൂജ (12), മയിൽസ്വാമിയുടെ സഹോദരി പളനിയമ്മ (51), ഭർത്താവ് പ്രഭു (54), മകൻ പ്രതീഷ് (26), ഭാര്യ കസ്തൂരി (24), ഇവരുടെ രണ്ട് കുട്ടികൾ, പ്രഭുവിന്റെ മരുമകൾ മുത്തുലക്ഷ്മി (30), അനന്തശിവന്റെ അമ്മാവന്റെ മകൻ രാജ രവിവർമ (35),ഇദ്ദേഹത്തിന്റെ ഭാര്യ,

രണ്ട് കുട്ടികൾ, ഭാര്യാ പിതാവ് ഡ്രൈവർ ഷൺമുഖയ്യ (52), അനന്തശിവന്റെ ഭാര്യയുടെ പിതൃസഹോദരൻ (60), ഭാര്യ സരസ്വതി (52), അനന്തശിവന്റെ ഭാര്യയുടെ മറ്റൊരു പിതൃസഹോദരനായ അച്ചുതൻ (56), ഭാര്യ പവൻത്തായി (47), മകൻ മണികണ്ഠൻ (28), സഹോദരിയുടെ ഭർത്താവ് ഏശയ്യ (55), ഭാര്യ മണി (54), മകൻ കപിൽദേവ് (26) എന്നിവരെയാണ് ഉരുൾ കവർന്നത്. അടുത്തടുത്ത ലയങ്ങളിലായിരുന്നു ഈ കുടുംബങ്ങൾ താമസം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com