ഇടുക്കിയുടെ അച്ചായൻ ഇന്ന് ജില്ലയോട് വിടപറയും

idukki-congress-leader
ഇടുക്കിയിൽ എത്തിയ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ എം.ടി തോമസ് സ്വീകരിക്കുന്നു (ഫയൽ ചിത്രം)
SHARE

പീരുമേട് ∙ അഞ്ചരപ്പതിറ്റാണ്ട് തന്റെ കർമ മണ്ഡലമായിരുന്ന പീരുമേടിനോട് വിട ചോദിക്കാൻ അച്ചായൻ ഇന്നെത്തും . കഴിഞ്ഞ ദിവസം അന്തരിച്ച ജില്ലയിലെ തലമുതിർന്ന കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം.ടി.തോമസിന്റെ മ്യതദേഹം ഇന്ന് രണ്ടിന് കുട്ടിക്കാനത്തെ വീട്ടിൽ എത്തിക്കും . വേറിട്ട പ്രവർത്തന ശൈലി കൊണ്ടു എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽപ്പെടുന്നവർ പോലും അച്ചായൻ എന്ന വിളിപ്പേര് നൽകിയിരുന്ന എം.ടി.തോമസിന്റെ വിയോഗത്തിലൂടെ ഇടുക്കിക്ക് നഷ്ടമായത് വിത്യസ്തനായ പൊതുപ്രവർത്തകനെയും മികച്ച സഹകാരിയേയും .

 യൂത്ത് കോൺഗ്രസിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തുകയായിരുന്നു . തോട്ടം തൊഴിലാളി മേഖലയിലെ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിച്ചു . ഇടുക്കി ജില്ല രൂപം കൊള്ളുന്ന 1972–ൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഓർഗ് നൈസിങ് സെക്രട്ടറിയായി . 1978–ൽ പാർട്ടി പിളർന്നപ്പോൾ ഡിസിസി ട്രഷറർ സ്ഥാനത്ത് എത്തി. 1981–ൽ ഡിസിസി പ്രസിഡന്റായി 1988 വരെ എഴു വർഷക്കാലം പദവിയിൽ തുടർന്നു .

തങ്കമണി പൊലീസ് വെടിവയ്പിനു ശേഷം വന്ന 1987–ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരെ ഇടതുപക്ഷം ഇതു പ്രധാന പ്രചാരണ വിഷയമാക്കി. ഇതിനെതിരെ തങ്കമണിയിൽ ദുരനുഭവം നേരിട്ടവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനു വേണ്ടി മാളയിലെ പ്രചാരണവേദികളിൽ എത്തിച്ചു എം.ടി.തോമസ് കോൺഗ്രസ് രാഷ്ട്രീയത്തിൽ കരുത്ത് കാട്ടി . 

.26–ാം വയസ്സിൽ കൺസ്യൂമർഫെഡ് ചെയർമാനായി. പിന്നിടു അരനൂറ്റാണ്ടു കാലം കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ,എക്സിക്യൂട്ടീവ് ഡയറക്ടർ, ഭരണസമിതി അംഗം എന്നി നിലകളിൽ തുടർന്നു . ഫിഷ് മാർക്കറ്റിങ് ഫെഡറേഷൻ വൈസ് ചെയർമാൻ,സംസ്ഥാന സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ,ദേശീയ സഹകരണ ഫെഡറേഷൻ അംഗം തുടങ്ങിയ പദവികളും വഹിച്ചു .മലനാട് തോട്ടം തൊഴിലാളി യൂണിയന്റെ സ്ഥാപകനുമായിരുന്നു . 

രണ്ട് തവണ ജില്ലാ പഞ്ചായത്ത് അംഗമായി 2012 മുതൽ 2016വരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. പീരുമേട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ,ജില്ലാ സേവാദൾ ചെയർമാൻ സ്ഥാനങ്ങളും വഹിച്ചു. വാഗമൺ മലനാട് സർവീസ് ബാങ്കിന്റെ സ്ഥാപകനായ എം.ടി. തോമസ് രാജ്യത്ത് ആദ്യമായി സഹകരണ മേഖലയെ തേയില വ്യവസായവുമായി ബന്ധപ്പെടുത്തി കൊണ്ടു ചായപ്പൊടി ഉൽപാദനത്തിനു ഫാക്ടറി ആരംഭിച്ചു . 

നിലവിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഭദ്രാസന അസംബ്ലി അംഗം ആണ് .സംസ്കാരം ചൊവ്വാഴ്ച രണ്ടിന് തിരുവല്ല ആനമല സെന്റ് തോമസ് പള്ളിയിൽ . വീട്ടിലെയും പള്ളിയിലെയും ചടങ്ങുകൾ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചായിരിക്കും നടത്തുക .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA