ADVERTISEMENT

മൂന്നാർ∙ ഗവർണറുടെയും മുഖ്യമന്ത്രിയുടെയും സന്ദർശനത്തോട് അനുബന്ധിച്ചു മൂന്നാറിലും പെട്ടിമുടിയിലും ഒരുക്കിയത് കർശന സുരക്ഷ. വിഐപി വാഹന വ്യൂഹം കടന്നുപോയ വഴികളിൽ ഒരു മണിക്കൂറോളം വാഹന ഗതാഗതം തടഞ്ഞു. ഇരുവരുടെയും സന്ദർശനം പ്രമാണിച്ചു പെട്ടിമുടിയിലേക്കു മറ്റുവാഹനങ്ങളെ കടത്തി വിടില്ലെന്നു ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

ആനച്ചാൽ മുതൽ അഞ്ചാംമൈൽ വരെയുള്ള പാതയിൽ 200 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. പഴയ മൂന്നാറിലും ടൗണിലും പെരിയവരെയിലും ആണ് കൂടുതൽ പൊലീസിനെ നിയോഗിച്ചിരുന്നത്. അഞ്ചാംമൈൽ- പെട്ടിമുടി പാതയിൽ ഗതാഗതം രാവിലെ മുതൽ നിരോധിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമിയും അഡിഷനൽ എസ്പി സുരേഷ്കുമാറും മൂന്നാറിലെ നിയന്ത്രണങ്ങൾക്ക് നേതൃത്വം നൽകി.

 മുഖ്യമന്ത്രി എത്തിയത് രണ്ടാം തവണ, ഗവർണർ ആദ്യം

മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാറിലെത്തുന്നത് ഇത് രണ്ടാം തവണ. എറണാകുളം മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിന് സിപിഎം നിർമിച്ച വീട് കൈമാറാനാണ് 2019 ജനുവരി 13ന് പിണറായി വിജയൻ വട്ടവടയിലെത്തിയത്. അന്ന് വട്ടവടയിലെ ഗ്രാമം സന്ദർശിച്ചിരുന്നെങ്കിലും തോട്ടം തൊഴിലാളി മേഖലയിൽ മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യമായാണ്.

മുഖ്യമന്ത്രിമാരായിരിക്കെ വി.എസ്. അച്യുതാനന്ദനും ഉമ്മൻചാണ്ടിയും മൂന്നാർ സന്ദർശിച്ചിട്ടുണ്ട്. ഔദ്യോഗിക സന്ദർശനത്തിനായി കേരള ഗവർണർ മൂന്നാറിലെത്തുന്നത് ഇതാദ്യമായാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com