ADVERTISEMENT

മൂന്നാർ ∙ മൂന്നാറിലെ ‘പുലിമുരുകൻ’ ഒടുവിൽ വനംവകുപ്പിന്റെ പിടിയിലായി. തന്റെ പ്രിയപ്പെട്ട പശുവിനെ കൊന്നുതിന്ന പുലിയെ ഒന്നരവർഷം കാത്തിരുന്നു പിടികൂടി വകവരുത്തിയ മൂന്നാർ കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിലെ എ.കുമാർ (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 8 ന് കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ 4 വയസ്സുള്ള പുലി കെണിയിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് വനപാലകർ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായതും ഒന്നരവർഷം കാത്തിരുന്ന പ്രതികാരത്തിന്റെ കഥ പുറത്തുവന്നതും. ഒന്നര വർഷം മുൻപ് കുമാറിന്റെ കറവപ്പശുവിനെ പുലി ആക്രമിച്ചു കൊന്നിരുന്നു. കുമാറിന്റെ ഏക വരുമാനമാർഗമായിരുന്നു ഓമനിച്ചു വളർത്തിയ ഈ പശു.

പറമ്പിൽ മേയാൻ വിട്ട പശുവിനെ പട്ടാപ്പകലാണ് പുലി വകവരുത്തിയത്. അതിനുശേഷം പുലിയെ പിടികൂടുമെന്നും പ്രതികാരം വീട്ടുമെന്നും കുമാർ പറഞ്ഞിരുന്നതായി അയൽവാസികൾ പറഞ്ഞു.ഒന്നര വർഷം മുൻപ് കെണിവച്ചു കാത്തിരുന്ന ശേഷമാണ് കഴിഞ്ഞ ദിവസം പുലി കെണിയിലായത്. മിക്ക ദിവസവും മറ്റാരും കാണാതെ കെണിയുടെ അടുത്തു പോയി പരിശോധന നടത്തുമായിരുന്നെന്ന് വനപാലകരുടെ

ചോദ്യം ചെയ്യലിൽ കുമാർ വെളിപ്പെടുത്തി. ജീവനോടെ കെണിയിൽ പെട്ട പുലിയെ കുമാർ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അയൽവാസികൾ വനപാലകരോട് കുമാറിന്റെ പകയുടെ കഥ പറഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൂന്നാർ എസിഎഫ് ബി.സജീഷ്കുമാർ, റേഞ്ച് ഓഫിസർ എസ്.ഹരീന്ദ്രനാഥ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com