ADVERTISEMENT

കുമളി ∙ വിനോദസഞ്ചാരികളെ വരവേൽക്കാൻ അരുവിക്കുഴി ഒരുങ്ങി. പാറക്കെട്ടിലൂടെ തമിഴ്നാട്ടിലേക്ക് കുത്തിയൊഴുകുന്ന വെള്ളച്ചാട്ടവും തമിഴ്നാടിന്റെ വിദൂര ദൃശ്യഭംഗിയും ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികൾ എത്താറുണ്ട്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളില്ലാതിരുന്നത് സഞ്ചാരികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

Idukki News
സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങിയ അരുവിക്കുഴി.

ഇതിനു പരിഹാരമായി ടൂറിസം വകുപ്പ് 4.98 കോടി രൂപ ചെലവഴിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി. അമെനിറ്റി സെന്റർ, നടപ്പാത, റെയിൻ ഷെൽട്ടറുകൾ, പാർക്കിങ് സംവിധാനം, സോളർ ലൈറ്റുകൾ തുടങ്ങിയ സംവിധാനങ്ങളാണ് സജ്ജമായിരിക്കുന്നത്. എപ്പോഴും കുളിർക്കാറ്റുള്ള പ്രദേശമാണിത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന പെൻസ്റ്റോക്ക് പൈപ്പുകൾ, ലോവർക്യാംപ് വൈദ്യുതി നിലയം, ഗൂഡല്ലൂർ, കമ്പം തുടങ്ങിയ സ്ഥലങ്ങളിലെ കൃഷികൾ, രാത്രിയായാൽ മിന്നാമിന്നികൾ പോലെ തെളിഞ്ഞുനിൽക്കുന്ന ലൈറ്റുകൾ ഇതെല്ലാം സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്ന കാഴ്ചകളാണ്.

അരുവിക്കുഴി പദ്ധതിയുടെ ഉദ്ഘാടനം ഇന്നു 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും.  മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മന്ത്രി എം.എം മണി, ഡീൻ കുര്യാക്കോസ് എംപി, ഇ.എസ്. ബിജിമോൾ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.

അരുവിക്കുഴിയിൽ എത്താൻ

കുമളി–മൂന്നാർ റോഡിൽ അണക്കരയിൽ നിന്നാണ് അരുവിക്കുഴിയിലേക്കു തിരിയേണ്ടത്. തേക്കടിയിൽ നിന്ന് 17 കിലോമീറ്റർ ദൂരം. അണക്കരയിൽ നിന്ന് ചെല്ലാർകോവിൽ വഴി 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. മൂന്നാറിൽ നിന്ന് തേക്കടിയിലേക്ക് വരുന്നവർക്കും തേക്കടിയിൽ നിന്ന് മൂന്നാറിന‌‌ു പോകുന്നവർക്കും യാത്രയ്ക്കിടെ അരുവിക്കുഴിയും സന്ദർശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com