ADVERTISEMENT

രാജകുമാരി ∙ കാട്ടാനയെ പേടിച്ച് ചിന്നക്കനാൽ നിവാസികൾ. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പകൽ പോലും കാട്ടാനകൾ  ഇറങ്ങി നടക്കുന്നത് പതിവു കാഴ്ചയാണ്. കൃഷി നശിപ്പിക്കുന്നതിനൊപ്പം ആളുകളെ കാട്ടാന ആക്രമിക്കുന്നതായും പരാതിയുണ്ട്. 3 പതിറ്റാണ്ടിനിടെ മുപ്പതോളം പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

കഴിഞ്ഞ ദിവസം ചിന്നക്കനാലിൽ തൊഴിലാളികളുമായി പോയ ജീപ്പ് ഒറ്റയാൻ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കാട്ടാനയാക്രമണം തടയാൻ ജില്ലാ ഭരണകൂടവും വനം വകുപ്പും ഏറെ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഒന്നും ഫലപ്രദമായില്ലെന്ന് നാട്ടുകാർ പറയുന്നു.  നാട്ടിലിറങ്ങുന്ന കാട്ടാനകളെ കുറിച്ച് വിവരം നൽകാൻ 3 വർഷം മുൻപ് മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷൻ എസ്എംഎസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു.

ഇത് ഇപ്പോൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. 301 കോളനി, അപ്പർ സൂര്യനെല്ലി, സിമന്റു പാലം, പുതുപ്പരട്ട് കോളനി, പുതുപ്പാറ വിളക്ക്, സിങ്കുകണ്ടം, വക്കച്ചൻ കാട്, പുതുപ്പാറ, നാഗമല എന്നിവിടങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷം. അരികൊമ്പൻ, മുറിവാലൻ കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ ഒറ്റയാൻമാരാണ് നാടിന്റെ ഉറക്കം കെടുത്തുന്നത്.

വാഗ്ദാനങ്ങൾ മാത്രം

2 വർഷം മുൻപ് വനംവകുപ്പ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ചിന്നക്കനാൽ മേഖലയിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരമായി അക്രമകാരികളായ കാട്ടാനകളെ പിടികൂടി ആനത്താവളങ്ങളിലേക്ക് മാറ്റണമെന്നും താമസയോഗ്യമല്ലാത്ത മേഖലകളിലെ ആളുകളെ മാറ്റി താമസിപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.

എച്ച്എൻഎല്ലിന്റെ ഉടമസ്ഥതയിൽ ചിന്നക്കനാൽ വനമേഖലയിലുള്ള ഭൂമി പുൽപ്രദേശമായി നിലനിർത്തി കാട്ടാനകൾക്ക് ആവാസമൊരുക്കാനും ആനയിറങ്കൽ ജലാശയത്തിനോടു ചേർന്ന പുൽമേടുകളിൽ കന്നുകാലികളെ മേയ്ക്കുന്നതിന് നിരോധനം കൊണ്ടുവരാനും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശാന്തൻപാറയിൽ ചേർന്ന ജനജാഗ്രത സമിതിയിൽ തീരുമാനമെടുത്തിരുന്നു. ഇതെല്ലാം വെള്ളത്തിലെ വര പോലെയായി എന്നാണ് നാട്ടുകാർ പറയുന്നത്. 

ചിന്നക്കനാലിൽ സംസ്ഥാനത്തെ ആദ്യ കാട്ടാന സംരക്ഷണ കേന്ദ്രം സ്ഥാപിച്ചാൽ സമീപ പ്രദേശങ്ങളിലെ കാട്ടാന ശല്യം നിയന്ത്രിക്കാൻ കഴിയുമെന്ന് വനം വകുപ്പ് കണ്ടെത്തി. എന്നാൽ, പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ എതിർപ്പു മൂലം ഇൗ പദ്ധതി ഫയലിലൊതുങ്ങി. ചിന്നക്കനാലിൽ മാങ്കുളം മാതൃകയിൽ ക്രാഷ് ഗാർഡ് ഫെൻസിങ് കൊണ്ടു വരുമെന്ന വാഗ്ദാനവും വെറുതെയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com