ADVERTISEMENT

മൂന്നാർ ∙ ഇടമലക്കുടിയിൽ കാട്ടാനക്കൂട്ടം രണ്ടു വീടുകൾ തകർത്തു. പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയുടെ സമീപം സ്ഥിതി ചെയ്യുന്ന കണ്ടത്തിൽ കുടി, ഷെഡ് കുടി എന്നിവിടങ്ങളിലാണ് ആക്രമണം. വീടുകളിൽ ഉണ്ടായിരുന്നവർ പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ടു. പുതുക്കിപ്പണിത പഞ്ചായത്ത് ഓഫിസ് കെട്ടിടവും അക്ഷയ കേന്ദ്രവും രണ്ടാഴ്ച മുൻപ് ആനകൾ തകർത്തിരുന്നു. ജനങ്ങൾ താമസിക്കുന്ന ഉൗരുകളിൽ ഈയിടെയാണ് ആനശല്യം രൂക്ഷമായത്.

ഒറ്റപ്പെട്ട് ഇടമലക്കുടി

രണ്ടാഴ്ച മുൻപ് ബിഎസ്എൻഎല്ലിന്റെ ഡിഷ് ആന്റിന കാട്ടാനകൾ നശിപ്പിച്ചതിനെത്തുടർന്നു പുറംലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ട നിലയിലാണ് ഇടമലക്കുടി നിവാസികൾ. 25 ലക്ഷം രൂപ വില വരുന്ന ആന്റിന സുരക്ഷിതമായി എവിടെയെങ്കിലും സ്ഥാപിച്ച ശേഷം നന്നാക്കാം എന്ന നിലപാടിലാണ് ബിഎസ്എൻഎൽ.

പഞ്ചായത്ത് ഓഫിസ് പരിസരത്താണ് ആന്റിന സ്ഥാപിച്ചിരുന്നത്. ഈ കെട്ടിടത്തിനു ചുറ്റും ട്രഞ്ച് പണിയാൻ പഞ്ചായത്ത് എസ്റ്റിമേറ്റ് തയാറാക്കി അനുമതിക്കായി വനം വകുപ്പിനെ സമീപിച്ചെങ്കിലും അനുമതി നൽകിയില്ല. ഇനി അടുത്ത വർഷത്തെ പദ്ധതിയിൽ മാത്രമേ തുക വകയിരുത്താൻ കഴിയൂ. അനുമതിയും ഫണ്ടും ആയാലും ട്രഞ്ച് പണിയാൻ പിന്നെയും മാസങ്ങൾ വേണ്ടതിനാൽ വാർത്താവിനിമയ ബന്ധം പുനഃസ്ഥാപിക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരും.

പദ്ധതികൾ പാഴാകുന്നു

വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തത് മൂലം ഇടമലക്കുടിയിൽ ഇക്കൊല്ലം പാഴാകുന്നത് അരക്കോടിയുടെ പദ്ധതികൾ. പഞ്ചായത്ത് ഓഫിസിന് ചുറ്റും ട്രഞ്ച് നിർമിക്കാനുള്ള പദ്ധതിയുടെ അനുമതിക്കുള്ള ഫയൽ വനം വകുപ്പിന്റെ മേശപ്പുറത്ത് വിശ്രമിക്കുന്നു. കീഴ്പത്തംകുടി, ഷെഡ്കുടി എന്നിവിടങ്ങളിൽ ശുദ്ധജല പദ്ധതികൾക്കായി 40 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയെങ്കിലും വനം വകുപ്പിന്റെ അനുമതിക്കായി 4 മാസമായി കാത്തിരിക്കുകയാണ്. മാർച്ച് കഴിഞ്ഞാൽ ഈ തുകയെല്ലാം നഷ്ടമാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com