തൊടുപുഴ ∙ ഞറുക്കുറ്റി വളവിൽ സ്വകാര്യ ബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രികനു പരുക്ക്. കരിമണ്ണൂർ പുതുമറ്റത്തിൽ ജോസ് ഫ്രാൻസിസിന് (53) ആണു പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഞറുക്കുറ്റിയിൽ നിന്നു വണ്ണപ്പുറം റോഡിലേക്ക് തിരിഞ്ഞ സ്വകാര്യ ബസിന്റെ ഇടതുവശത്തു തട്ടി ബസിന്റെ പിൻചക്രത്തിനു മുന്നിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്കൂട്ടർ ഓടിച്ചിരുന്ന ജോസ് പുറത്തേക്ക് വീണതിനാൽ രക്ഷപ്പെട്ടു.
കാലിനും കൈകളിലും പരുക്കേറ്റ ജോസിനെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിമണ്ണൂർ റോഡിൽ നിന്ന് വണ്ണപ്പുറം റോഡിലേക്കു തിരിയുന്ന ഭാഗത്ത് വാഹന അപകടങ്ങൾ വർധിക്കുന്നതായി നാട്ടുകാർ പറഞ്ഞു. കയറ്റവും കൊടുംവളവുമുള്ള ഇവിടെ റോഡ് പുനർ നിർമിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.