ADVERTISEMENT

കുമളി ∙ ഇറച്ചിക്കോഴി വിൽപന കേന്ദ്രങ്ങളിൽ നിന്നു മാലിന്യങ്ങൾ ശേഖരിച്ച് റോഡരികിൽ തള്ളുന്നത് പതിവാക്കിയ ഓട്ടോ ഡ്രൈവറെ പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ കാത്തിരുന്നു പിടികൂടി. തെളിവ് സഹിതം പഞ്ചായത്തധികൃതർ പരാതി നൽകിയതോടെ പൊലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. കുമളി ടൗണിൽ ഗ്രേസ് തിയേറ്ററിന് സമീപത്ത് മാലിന്യങ്ങൾ തള്ളുന്നത് ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഏതാനും ദിവസം മുൻപ് ഇവിടെ തള്ളിയ മാലിന്യത്തിൽ നിന്നു ദുർഗന്ധം പരന്നതോടെ വാർഡ് മെംബർ വിനോദ് ഗോപി ക്ലീൻ കുമളി ക്ലീൻ കുമളി സൊസൈറ്റിയിലെ ജീവനക്കാരുടെ സഹായത്തോടെ ഇവിടെ നിന്നു നീക്കം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും മാലിന്യങ്ങൾ തള്ളുന്നത് രാത്രി കാത്തിരുന്നു കണ്ടെത്തി. ആളുകൾ പിടികൂടുമെന്ന് ബോധ്യമായതോടെ ഓട്ടോയുമായി ഇയാൾ കടന്നുകളഞ്ഞെങ്കിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോറിക്ഷ കണ്ടെത്തുകയായിരുന്നു.

കോഴിക്കടകളിൽ നിന്നുള്ള മാലിന്യങ്ങൾ പതിവായി ശേഖരിച്ച് കുമളി പഞ്ചായത്തിലെ വിവിധ മേഖലകളിൽ കൊണ്ടുപോയി തള്ളുന്നത് ഇയാളുടെ പതിവാണെന്ന് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾ പറഞ്ഞു. ഓരോ ദിവസവും ഓരോ സ്ഥലത്തായിരിക്കും ഇവ ഉപേക്ഷിക്കുക. അതിനാൽ കാത്തിരുന്ന് ഇയാളെ പിടികൂടുക പ്രയാസമായിരുന്നു. എന്നാൽ ഇത്തവണ വാർഡ് മെംബർ കൂടി തൊഴിലാളികൾക്കൊപ്പം സജീവമായി നിലയുറപ്പിച്ചതോടെ കാത്തിരുന്ന തൊഴിലാളികൾക്കു മുന്നിൽ ഇയാൾ കുടുങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com