ADVERTISEMENT

മൂന്നാർ ∙ പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണപ്പെടുന്ന വരയാടുകളുടെ ആവാസമേഖലയായ ഇരവികുളം ദേശീയോദ്യാനത്തിൽ വരയാട് കണക്കെടുപ്പിന് ഇന്നലെ തുടക്കമായി. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) പ്രത്യേക സംരക്ഷിത ജീവി വിഭാഗത്തിൽ പെടുത്തിയിരിക്കുന്ന നീലഗിരി താർ എന്നറിയപ്പെടുന്ന വരയാടുകളുടെ കണക്കെടുപ്പ് വനം വകുപ്പ് ആരംഭിച്ചത് 1996ലാണ്.

ന്യൂയോർക്ക് സുവോളജിക്കൽ സൊസൈറ്റി ഡയറക്ടർ ജോർജ്.വി.ഷാലർ ആണ് ആദ്യമായി ഈ മേഖലയിൽ വരയാടുകളെക്കുറിച്ച് പഠനം നടത്തിയത്. 1969 ൽ ലക്കം കുടിയിലെ രംഗസ്വാമി മുതുവാന്റെ സഹായത്തോടെ വരയാടുകളെ നിരീക്ഷിച്ചും കണക്കെടുത്തുമായിരുന്നു പഠനം. അന്ന് 500 ആടുകളാണ് ഉണ്ടായിരുന്നത്. 1980 ൽ ഷാലർ പ്രസിദ്ധീകരിച്ച ‘സ്റ്റോൺസ് ഓഫ് ദ് സൈലൻസ്’ എന്ന പുസ്തകത്തിൽ ഈ പഠനത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പിന്നീട് കണക്കെടുപ്പ് നടന്നത് 1978 ലായിരുന്നു.

പരിസ്ഥിതി പ്രവർത്തകനായ ഇആർസി ദേവ്ദറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ 550 വരയാടുകളെ കണ്ടെത്തി. 1980 ൽ യുഎസ് പരിസ്ഥിതി പ്രവർത്തകൻ ക്ലിഫോർഡൈസ് നടത്തിയ വിവരശേഖരണത്തിൽ ആടുകളുടെ എണ്ണം 580 ആയിരുന്നു. തൊട്ടടുത്ത വർഷവും ഇദ്ദേഹം നടത്തിയ കണക്കെടുപ്പിൽ 614 എണ്ണത്തെ കണ്ടെത്തി. വനംവകുപ്പ് ആദ്യമായി, 1996ൽ നടത്തിയ കണക്കെടുപ്പിൽ 640 എണ്ണത്തെയാണ് കണ്ടത്. 2003 മുതലാണ് വനം വകുപ്പ് തുടർച്ചയായി സെൻസസ് നടത്തി തുടങ്ങിയത്.

കഴി‍ഞ്ഞ വർഷം 723 എണ്ണത്തെ കണ്ടതിൽ 111 എണ്ണം നവജാതരായിരുന്നു. വരയാടുകളുടെ സംരക്ഷണാർഥം 1975 ലാണ് ഇരവികുളം വനമേഖലയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അന്നത്തെ കമ്പനി ജനറൽ മാനേജരായിരുന്ന ജെ.സി.ഗോൾസ്ബെറിയാണ് അതിന് മുൻകൈ എടുത്തത്. 95 ശതമാനം പുൽമേടും 5 ശതമാനം ചോലവനവും എന്നതാണ് ഇരവികുളത്തിന്റെ ഭൂപ്രകൃതി. കഴിഞ്ഞ ഒരു ദശകമായി വരയാടുകളുടെ എണ്ണം 700 മുതൽ 800 വരെ സ്ഥിരതയോടെ കാണപ്പെടുന്നതിനാൽ ഇവ വംശനാശ ഭീഷണി നേരിടുന്നില്ലെന്ന് ആശ്വസിക്കാം. ഇന്നലെ ആരംഭിച്ച കണക്കെടുപ്പ് 24 നാണ് സമാപിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com