12,000 കോടി രൂപയുടെ ഇടുക്കി പാക്കേജിനെപ്പറ്റി സൂചനകളില്ലാതെ സംസ്ഥാന ബജറ്റ്

idukki-vyga-dam
SHARE

തൊടുപുഴ ∙ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു മുഖ്യമന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ച 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജിനെപ്പറ്റി സൂചനകളില്ലാതെ സംസ്ഥാന ബജറ്റ്. ബജറ്റിൽ ഇടുക്കിക്കു മാത്രമായി പ്രത്യേകം പുതിയ പദ്ധതികളില്ല. അതേസമയം ടൂറിസം മേഖലയിലും തോട്ടംമേഖലയും കൂടുതൽ ശ്രദ്ധപതിപ്പിച്ചതു ജില്ലയ്ക്കു നേട്ടമാകും. പ്ലാന്റേഷൻസ് ഡയറക്ടറേറ്റ് ശക്തിപ്പെടുത്താൻ 2 കോടി അനുവദിച്ചതു തോട്ടം തൊഴിലാളികൾക്ക് ഗുണകരമാകും. എന്നാൽ അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ പദ്ധതികളൊന്നും ഇല്ല. പരമ്പരാഗത തോട്ടവിളകൾക്കു പുറമേ പുതിയ വിളകളായ റംബുട്ടാൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റിൻ, ലോങ്കൻ, ഫലവർഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്യാനും വിപണനം ചെയ്യാനും ശേഖരിച്ച് സൂക്ഷിക്കാനും നയം രൂപീകരിക്കുമെന്ന പ്രഖ്യാപനവും ഉണർവേകുന്നതാണ്. ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 2 കോടി രൂപയാണ് വകയിരുത്തിയത്.

ഇടുക്കിക്ക്

∙റബർ സബ്സിഡി കുടിശിക കൊടുത്തു തീർക്കുന്നതിന് 50 കോടി
∙പട്ടിക ജാതി / പട്ടിക വർഗ സംരംഭകർക്കു കുറഞ്ഞ പലിശയ്ക്കു വായ്പ– 10 കോടി
∙ടൂറിസം വകുപ്പിനു മാർക്കറ്റിങ്ങിന് 50 കോടി അധികമായി അനുവദിച്ചു. നേരത്തേ 100 കോടി അനുവദിച്ചിരുന്നു
∙ടൂറിസം മേഖലയിൽ കൂടുതൽ പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനു കെഎഫ്സി വഴി വായ്പ – 400 കോടി
∙ടൂറിസം രംഗത്തെ പല സംരംഭങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇവയ്ക്കായി പുനരുജ്ജീവന പാക്കേജ് – 30 കോടി
∙പട്ടിക ജാതി / പട്ടിക വർഗ വിഭാഗത്തിൽനിന്ന് കല, സാംസ്കാരിക, സാഹിത്യ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച 1500 പേർക്ക് പിന്തുണ– ഒരാൾക്ക് ഒരു ലക്ഷം രൂപ.

ഇടക്കൃഷിയിൽ പ്രതീക്ഷ

തോട്ടങ്ങളിൽ പഴവർഗങ്ങൾ കൂടി കൃഷി ചെയ്യാൻ നയം രൂപീകരിക്കുമെന്ന പ്രഖ്യാപനം തോട്ടം മേഖലയുടെ വളരെക്കാലമായുള്ള ആവശ്യമാണ്. 6 മാസം കൊണ്ട് നയം രൂപീകരിക്കാനാണു പദ്ധതി. ജില്ലയുടെ വലിയൊരു ശതമാനം തോട്ടം മേഖലയാണ്. റബർ, തേയില, കാപ്പി, ഏലം, കൊക്കോ തോട്ടങ്ങളിലായി ഒന്നര ലക്ഷം തൊഴിലാളികളുണ്ട്. ഉയർന്ന കൃഷിച്ചെലവും ഉൽപന്നങ്ങളുടെ വിലയിടിവും തോട്ടങ്ങളുടെ തകർച്ചയ്ക്കു കാരണമായി. പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാമാറ്റവും ഉൽപാദനം ഗണ്യമായി കുറച്ചു. ഈ സാഹചര്യത്തിലാണു പഴവർഗങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം അനുവദിക്കണമെന്ന വാദം ശക്തമായത്. കാലാവസ്ഥയും പഴക്കൃഷിക്ക് അനുകൂലമാണ്.

ജില്ലയെ അവഗണിച്ചു: ഡിസിസി

ബജറ്റിൽ ജില്ലയെ അവഗണിച്ചതായി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. മുൻപ് ജില്ലയ്ക്കായി പ്രഖ്യാപിച്ച പാക്കേജുകളെപ്പറ്റി ഒരു സൂചനയുമില്ല. ക്ഷീരകർഷകർക്കു നേരിട്ട് സഹായം ലഭിക്കുന്ന പദ്ധതി, പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ നടപടി, കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം ഉയർത്തൽ, പ്ലാന്റേഷൻ മേഖലയിലെ പാക്കേജ്, കർഷകരുടെ വായ്പ എഴുതിത്തള്ളൽ, പലിശയും പിഴപ്പലിശയും ഒഴിവാക്കൽ, കാട്ടാന അക്രമങ്ങൾക്കെതിരെ നടപടി, ശബരി റെയിൽ പാത തുടങ്ങിയവ ജില്ല പ്രതീക്ഷിച്ചിരുന്നു. ഇതെല്ലാം ബജറ്റ് അവഗണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എംഎൽഎമാർ പറയുന്നു

കാർഷിക മേഖലയ്ക്ക് അർഹമായ പരിഗണന നൽകിയിട്ടില്ല. വ്യാപാര മേഖലയ്ക്ക് ഉത്തേജക പാക്കേജ് ഉണ്ടാകേണ്ടതായിരുന്നു. വായ്പ പദ്ധതികളാണു പൊതുവേ പറഞ്ഞത്. ടൂറിസം സർക്യൂട്ട് നിശ്ചയിച്ചപ്പോൾ മധ്യകേരളം തഴയപ്പെട്ടു. കുമരകം, തേക്കടി, മൂന്നാർ സർക്യൂട്ട് വിട്ടു കളഞ്ഞതു ശരിയായില്ല.
പി.ജെ. ജോസഫ്

ഉടുമ്പൻചോല മണ്ഡലത്തിലെ ജനങ്ങളോടു നീതി പുലർത്തിയ ബജറ്റ്. മുൻപു പ്രഖ്യാപിച്ച പദ്ധതികളുടെ തുടർച്ചയാണ് ഈ ബജറ്റിലുള്ളത്. പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കും.
എം.എം.മണി

തോട്ടം മേഖലയ്ക്കിത് ചരിത്ര ബജറ്റാണ്. പ്ലാന്റേഷൻ ഡയറക്ടറേറ്റിനു കീഴിൽ തോട്ടങ്ങൾ എത്തുന്നതോടെ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും വേഗത്തിൽ പരിഹാരം കാണാം
വാഴൂർ സോമൻ

കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിന് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ ഇടുക്കിക്ക് ഏറെ പ്രതീക്ഷ നൽകുന്നു. എല്ലാ സിഎച്ച്സികളിലും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും പകർച്ച വ്യാധികൾക്കായി 10 കിടക്കകൾ വീതമുള്ള ഐസലേഷൻ വാർഡുകൾ നിർമിക്കുമെന്ന പ്രഖ്യാപനം സ്വാഗതാർഹമാണ്. മെഡിക്കൽ കോളജിൽ പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഇടുക്കിയോടുള്ള പ്രത്യേക കരുതലാണ്.
മന്ത്രി റോഷി അഗസ്റ്റിൻ

പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ആരോഗ്യം, ഭക്ഷണം, തൊഴിൽ മേഖലകൾക്കാണു പുതുക്കിയ ബജറ്റിൽ പ്രാമുഖ്യം. പ്ലാന്റേഷൻ ഡയറക്ടറേറ്റ്ശക്തിപ്പെടുത്താൻ രണ്ട് കോടി അനുവദിച്ചത് തോട്ടം തൊഴിലാളികളുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെടാൻ സഹായിക്കും. ടൂറിസം മാർക്കറ്റിങ്ങിന് കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 100 കോടി ഈ ബജറ്റിൽ 150 കോടിയായി ഉയർത്തിയതും ടൂറിസം പുനരുജ്ജീവനത്തിനുള്ള 30 കോടിയും മൂന്നാറിന് ഗുണകരമാകും.
എ. രാജ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA