തലയിൽ ചുറ്റിക കൊണ്ട് അടിയേറ്റ നിലയിൽ ഭാര്യയുടെ മൃതദേഹം; ഭർത്താവ് ജീവനൊടുക്കിയ നിലയിൽ

ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ ആനക്കുളത്തെ വീട്  (ഇൻസെറ്റിൽ മാങ്കുളം ആനക്കുളത്ത് മരിച്ച ജോസഫ്, സെലിൻ. )
ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ ആനക്കുളത്തെ വീട് (ഇൻസെറ്റിൽ മാങ്കുളം ആനക്കുളത്ത് മരിച്ച ജോസഫ്, സെലിൻ. )
SHARE

അടിമാലി ∙ മാങ്കുളം ആനക്കുളത്ത് ഭാര്യയെ കൊലചെയ്യപ്പെട്ട നിലയിലും ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. നെടുംപാലപുഴയിൽ ജോസഫ് (ജോസ് –65), ഭാര്യ സെലിൻ (60) എന്നിവരെയാണ് മരിച്ചനിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. സെലിനെ കൊലപ്പെടുത്തിയ ശേഷം ജോസഫ് തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ മൂന്നരയോടെ ആനക്കുളത്തിനു സമീപത്തെ കോഴിയിള ആദിവാസിക്കുടി നിവാസികൾ ജോസഫിനെ അന്വേഷിച്ചു വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ വീടിനുള്ളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തലയിൽ ചുറ്റിക കൊണ്ടുള്ള അടിയേറ്റ നിലയിൽ വീടിനുള്ളിലെ കട്ടിലിലാണ് സെലിന്റെ മൃതദേഹം കിടന്നിരുന്നത്. ജോസഫിന്റെ മൃതദേഹത്തിനു സമീപത്തു നിന്ന് ചുറ്റിക പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾക്ക് ഒരു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ പാലായിലുള്ള മകളുടെ ഭർത്താവ് ഇവരെ വിളിച്ചിരുന്നെങ്കിലും ഫോണിൽ ലഭിച്ചിരുന്നില്ല. കുടുംബശ്രീ പ്രവർത്തകർ ബാങ്ക് ആവശ്യത്തിന് സെലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. വീടുകളിലും കുടികളിലും എത്തി ജോസഫ് മലഞ്ചരക്ക് സാധനങ്ങൾ വാങ്ങി വിൽപന നടത്തി വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജോസഫിനെ അന്വേഷിച്ച് ആദിവാസിക്കുടി നിവാസികൾ വീട്ടിലെത്തിയത്. ഒരു വർഷമായി മാനസിക പിരിമുറക്കത്തിന് ജോസഫ് ചികിത്സയിലായിരുന്നതായും പൊലീസ് പറഞ്ഞു.

മൂന്നാർ ഡിവൈഎസ്പി കെ. ആർ. മനോജ്, എസ്എച്ച്ഒ മനേഷ് കെ. പൗലോസ്, എസ്ഐ എം.പി. സാഗർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കൂടുതൽ വിദഗ്ധ പരിശോധനകൾക്കു ശേഷം മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകും. മകൾ: ലിത. മരുമകൻ: സനൂപ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA