ADVERTISEMENT

മ്ലാമല ∙ കനത്ത മഴ പെയ്യരുതേ, മുല്ലപ്പെരിയാറിന് ഒന്നും സംഭവിക്കരുതേ.. ഓരോ മഴക്കാലത്തും മ്ലാമല, കീരിക്കര നിവാസികളുടെ പ്രാർഥന ഇതാണ്.  പെരിയാറിന് കുറുകെയുള്ള പാലങ്ങളോ, അഴുത ഡ്രൈവേർഷൻ പദ്ധതിക്ക് കുറുകെയുള്ള നൂറടിപ്പാലമോ കടക്കാതെ ഇവിടുത്തുകാർക്ക് പുറം ലോകവുമായി ബന്ധപ്പെടാനാവില്ല. പാലങ്ങളാൽ ചുറ്റപ്പെട്ട ഈ ഉൾഗ്രാമത്തിന്റെ രോദനം ഇതുവരെ അധികാരികളുടെ കണ്ണ് തുറപ്പിച്ചിട്ടില്ല.

ഹൈക്കോടതി നിർദേശത്തോടു പോലും പുറംതിരിഞ്ഞ സമീപനമാണ് ബന്ധപ്പെട്ടവർ തുടരുന്നത്. ശാന്തിപ്പാലം, പൂണ്ടിക്കുളം–മൂങ്കലാർ പാലം, മ്ലാമല–മൂങ്കലാർ പാലം, ചന്ദ്രവനം–ഡൈമുക്ക് പാലം എന്നിവയാണ് മ്ലാമലയെ പുറം ലോകവുമായി ബന്ധിപ്പിക്കാൻ പെരിയാറിന് കുറുകെ നിർമിച്ചിരിക്കുന്ന പാലങ്ങൾ‍. ഇതിന് പുറമേ വണ്ടിപ്പെരിയാർ റൂട്ടിലാണ് അഴുത ഡ്രൈവേർഷൻ പദ്ധതിക്ക് കുറുകെയുള്ള നൂറടിപ്പാലം.

2018ലെ പ്രളയത്തിൽ ഈ പാലങ്ങൾക്കെല്ലാം കേടുപാടുകൾ സംഭവിച്ചതോടെ പ്രദേശവാസികൾ ഒറ്റപ്പെട്ടതോടെയാണ് ഇവരുടെ ദുരിതകഥ ചർച്ചയായത്. തോട്ടം തൊഴിലാളികളും ചെറുകിട കർഷകരും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന് വികസനസ്വപ്നങ്ങൾ ഏറെയാണ്.  പുറംലോകവുമായി തീർത്തും ഒറ്റപ്പെട്ടുപോയ ഇവരുടെ പ്രശ്നം പരിഹരിക്കാൻ അധികൃതരാരും രംഗത്ത് വന്നില്ല. അതോടെ മ്ലാമല ഫാത്തിമ സ്കൂളിലെ കൂട്ടികൾ ഹൈക്കോടതി ജഡ്ജിമാർക്ക് തങ്ങളുടെ ദുരിതങ്ങൾ വിവരിച്ച് കത്തെഴുതി.

ഈ കത്ത് ഫയലിൽ സ്വീകരിച്ച കോടതി 18 മാസങ്ങൾക്കുള്ളിൽ ശാന്തിപ്പാലവും നൂറടിപ്പാലവും പുതുക്കിപ്പണിയാൻ സർക്കാരിന് നിർദേശം നൽകി. ഉത്തരവ് പുറപ്പെടുവിച്ചിട്ട് ഒരു വർഷമായെങ്കിലും പാലം പണി സംബന്ധിച്ച പേപ്പർ ജോലികൾ നടന്നതല്ലാതെ നിർമാണം തുടങ്ങിയിട്ടില്ല.

2018ഓഗസ്റ്റ് 15ന് തകർന്ന പൂണ്ടിക്കുളം–മൂങ്കലാർ നടപ്പാലം നാട്ടുകാർ ചില അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗിക്കുന്നു. മ്ലാമല–മൂങ്കലാർ പാലത്തിന്റെ തകർന്ന കൈവരികൾ നന്നാക്കിയതല്ലാതെ ഒന്നും സംഭവിച്ചില്ല.  ശാന്തിപ്പാലം നാട്ടുകാരും സുമനസ്സുള്ള സമീപ പ്രദേശങ്ങളിലെ ആളുകളും ചേർന്ന് വീണ്ടും സഞ്ചാരയോഗ്യമാക്കി. നൂറടിപ്പാലം പഞ്ചായത്ത് ഇരുമ്പ് കേഡറുകൾ ഉപയോഗിച്ച് താൽക്കാലികമായി സഞ്ചാരയോഗ്യമാക്കി.  ഇനിയൊരു പ്രളയത്തെ അതിജീവിക്കാൻ ഈ പാലങ്ങൾക്കാവില്ല എന്നതാണ് മ്ലാമലക്കാരുടെ ഉറക്കം കെടുത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com