ADVERTISEMENT

കരുണാപുരം ∙ കരുണാപുരം പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതിക്കെതിരെ കോൺഗ്രസ് മെംബർമാരുടെ അവിശ്വാസപ്രമേയം ഇന്നു നടക്കും. ഇന്നു പ്രസിഡന്റിനെതിരെയുളള അവിശ്വാസ പ്രമേയവും 5 നു വൈസ് പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയും നടക്കുമെന്നു നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കരുണാപുരം പഞ്ചായത്തിലെ എൽഡിഎഫ് ഭരണ സമിതിക്കെതിരെ കോൺഗ്രസ് മെംബർമാർ ഒരാഴ്ച മുൻപാണു അവിശ്വാസ പ്രമേയ നോട്ടിസ് നൽകിയത്. ഇരുമുന്നണികൾക്കും തുല്യ സീറ്റുകൾ ഉള്ള പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. നിലവിലുള്ള പ്രസിഡന്റ് വിൻസി വാവച്ചന്റെയും വൈസ് പ്രസിഡന്റ് കെ.ടി.സാലിയുടെയും കെടുകാര്യസ്ഥതയും ഏകാധിപത്യ നടപടികളും മൂലം പദ്ധതികൾ നടപ്പിലാക്കുന്നതിനോ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനോ സാധിക്കുന്നില്ലെന്ന് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ അവിശ്വാസപ്രമേയ നോട്ടിസിൽ പറയുന്നു.

ഫണ്ടുകൾ വകമാറ്റി ചെലവഴിച്ച് ധൂർത്ത് നടത്തുകയാണെന്നും ആരോപണമുണ്ട്. കോൺഗ്രസിലെ മിനി പ്രിൻസ്, റാബി സിദ്ദിഖ് ജെയ് തോമസ്, ശ്യാമള മധുസൂദനൻ, ഡി നടരാജ പിള്ള, സുനിൽ പൂതക്കുഴിയിൽ, ആൻസി തോമസ്, ശോഭനാമ്മ ഗോപിനാഥ് എന്നിവരാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടിരിക്കുന്നത്.

ബിഡിജെഎസ് ആരെ തുണയ്ക്കും?

17 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും 8 മെംബർമാർ വീതമാണ് ഉള്ളത്. ആറാം വാർഡിൽ നിന്നും വിജയിച്ച ബിഡിജെഎസ് സ്വതന്ത്രനായ പി.ആർ. ബിനു ആണ് മറ്റൊരു മെംബർ. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ബിനു പി.ആർ വിട്ടുനിന്നിരുന്നു. തുടർന്ന് ഇരുപക്ഷത്തിനും തുല്യ വോട്ട് ലഭിച്ചതിനാൽ നറുക്കെടുപ്പിലൂടെ വിൻസി വാവച്ചനെ പ്രസിഡന്റായും കെ.ടി സാലിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കുകയായിരുന്നു.

കക്ഷിനില

എൽഡിഎഫിൽ സിപിഎം 5, സിപിഐ 2, കേരള കോൺഗ്രസ്(എം) ഒന്ന് എന്നതാണ് കക്ഷിനില. യുഡിഎഫിലെ എട്ടുപേരും കോൺഗ്രസ് അംഗങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com