ADVERTISEMENT

പൂപ്പാറ ∙ ഒരു വർഷം മുൻപ് അഞ്ചേക്കറിലധികം സ്ഥലത്ത് നീലക്കുറിഞ്ഞി പൂവിട്ട പൂപ്പാറ തോണ്ടിമലയിലെ പുൽമേട് വെട്ടി തെളിച്ച് കൃഷിയിടമാക്കി കൊണ്ടിരിക്കുന്നു. സമീപത്ത് ഒരു താൽക്കാലിക കെട്ടിടവും നിർമിച്ചിട്ടുണ്ട്. മതികെട്ടാൻചോല ദേശീയോദ്യാനത്തോടു ചേർന്നുള്ള ഇൗ ഭൂമി ജൈവവൈവിധ്യ കേന്ദ്രവും അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതുമാണ്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലും സമീപത്തെ റവന്യു ഭൂമിയിലുമാണ് 2020 ൽ നീലക്കുറിഞ്ഞി പൂവിട്ടത്.

നീലക്കുറിഞ്ഞി പോലെ സംരക്ഷിത വിഭാഗത്തിൽ പെടുന്ന സസ്യങ്ങൾ നിൽക്കുന്ന സ്ഥലങ്ങൾ പ്രാദേശിക ജൈവ വൈവിധ്യ പൈതൃക പട്ടികയിലുൾപ്പെടുത്തി സംരക്ഷിക്കാൻ കഴിയുമെങ്കിലും അധികൃതർ അത് പരിഗണിക്കാറില്ല. റവന്യു വകുപ്പ് സർക്കാർ ഭൂമി തിട്ടപ്പെടുത്തി നൽകാത്തതും ഇത്തരം ജൈവവൈവിധ്യ കേന്ദ്രങ്ങളുടെ നാശത്തിന് കാരണമാകുന്നു. രാജമലയും കൊളുക്കുമലയും കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവുമധികം നീലക്കുറിഞ്ഞി ഉദ്യാനങ്ങളുള്ളത് ശാന്തൻപാറ പഞ്ചായത്തിലാണ്. 

എന്നാൽ ഇവിടെ നീലക്കുറിഞ്ഞി പൂത്ത മലനിരകൾ അങ്ങനെ തന്നെ സംരക്ഷിക്കാൻ അധികൃതർ തയാറായിട്ടില്ല. 12 വർഷം മുൻപ് രണ്ടേക്കറിലധികം സ്ഥലത്ത് വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ട ശാന്തൻപാറ പുത്തടി കഴുതക്കുളം മേട്ടിൽ ഇത്തവണ 50 ൽ താഴെ നീലക്കുറിഞ്ഞി ചെടികളാണ് പൂത്തത്. ബാക്കിയുള്ള സ്ഥലം മുഴുവൻ തേയില കൃഷി ചെയ്തിരിക്കുകയാണ്. പഞ്ചായത്തുകളിലെ ജൈവ വൈവിധ്യ വികസന സമിതികൾ സജീവമല്ലാത്തതാണ് പരിസ്ഥിതി പ്രാധാന്യമുള്ള ഇത്തരം സ്ഥലങ്ങളുടെ നാശത്തിന് കാരണം.

നീലക്കുറിഞ്ഞിക്ക് ചേർന്ന ഭൂപ്രകൃതി

ഒരു വ്യാഴവട്ടത്തിനു ശേഷം മാത്രം പുഷ്പിക്കുന്ന കുറിഞ്ഞി ചെടികൾ സസ്യലോകത്തെ അത്ഭുതങ്ങളിലൊന്നാണ്. പൂവിട്ടതിനു ശേഷം ഒരു വർഷം കഴിയുമ്പോഴാണ് വിത്ത് പാകമാകുന്നത്. ഇതിനിടെ ചെടിയും വിത്തും ഉണങ്ങി മണ്ണിനോടു ചേരുന്നു.   ഇൗ സമയത്ത് കുറിഞ്ഞിയുണ്ടായിരുന്ന സ്ഥലങ്ങളിൽ തീപിടിത്തമുണ്ടായാലും പിന്നീട് കുറിഞ്ഞി ചെടികൾ മുളച്ചു വരും. പക്ഷേ മണ്ണ് ഉഴുതു മറിച്ചാൽ പിന്നെ ആ സ്ഥലത്ത് കുറിഞ്ഞി ചെടി മുളയ്ക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com