ADVERTISEMENT

രാജകുമാരി ∙ അമ്മയാനയുടെ വേർപാടും കുട്ടിയാനയുടെ ഒറ്റപ്പെടലും ചിന്നക്കനാൽ 301 കോളനിയിലെ ആദിവാസികൾക്ക് വേദനയാകുന്നു. കഴിഞ്ഞ 12നാണ് 301 കോളനിക്കു സമീപം 45 വയസ്സ് പ്രായമുള്ള പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത്. കൃഷിയിടത്തിൽ നിന്നും കാട്ടാനയെ അകറ്റുന്നതിനായി സ്ഥാപിച്ച സോളർ ഫെൻസിങ്ങിൽ എൽടി ലൈനിൽ നിന്നും നേരിട്ട് കണക്‌ഷൻ നൽകിയതാണ് കാട്ടാനയ്ക്കു വൈദ്യുതാഘാതമേൽക്കാൻ കാരണം. സംഭവത്തിൽ പ്രതിയായ യുവാവ് ഒളിവിലാണ്. 

ചരിഞ്ഞ കാട്ടാനയ്ക്ക് രണ്ട് വയസ്സ് പ്രായമുള്ള കുട്ടിയാനയുണ്ട്. ഇൗ കുട്ടിയാനയും മറ്റ് അഞ്ച് പിടിയാനകളും കൂട്ടമായാണ് സഞ്ചരിക്കുന്നത്. അമ്മയാനയുടെ ജഡം ദഹിപ്പിച്ച സ്ഥലത്തു തന്നെയാണ് ഇൗ ആനക്കൂട്ടം ഇപ്പോൾ ഉള്ളത്. പകൽ സമയത്ത് കുട്ടിയാന മറ്റ് ആനകൾക്കൊപ്പം പുൽമേട്ടിൽ മേയുന്നുണ്ടെങ്കിലും രാത്രിയാകുമ്പോൾ അമ്മയാനയുടെ ജഡം ദഹിപ്പിച്ച സ്ഥലത്തേക്ക് വരുമെന്ന് കാട്ടാനക്കുട്ടിയെ നിരീക്ഷിക്കുന്ന വനം വകുപ്പ് വാച്ചർ രാമരാജ് പറയുന്നു.

മുന്നിൽ നടക്കുന്ന കുട്ടിയാനയെ പിന്തുടർന്ന് മറ്റ് ആനകളും ഇവിടെയെത്തും. എല്ലാ ദിവസവും രാവിലെ സംഘം ആനയിറങ്കൽ ജലാശയത്തിന്റെ കരയിലേക്ക് തിരിച്ചു പോകും. കുട്ടിയാനകൾ ആറ് വയസ്സു വരെയെങ്കിലും അമ്മയാനയുടെ മുലപ്പാൽ കുടിക്കാറുണ്ട്. ദിവസങ്ങളായി മുലപ്പാൽ കുടിക്കാത്ത കുട്ടിയാനയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നതിനാണു വനം വകുപ്പ് വാച്ചറെ നിയമിച്ചത്.

മുതിർന്ന ആനകളും രണ്ട് ചെറിയ ആനകളും കൂടെയുള്ളതിനാൽ കുട്ടിയാന പുൽമേട്ടിലെ തീറ്റകൾ ഭക്ഷിച്ച് സ്വാഭാവിക വളർച്ച കൈവരിക്കുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഒറ്റയാൻമാരെ ഭയന്ന് കാടിനുള്ളിലേക്ക് പോകാതെ വനാതിർത്തികളിൽ കഴിയുന്ന പിടിയാനക്കൂട്ടം 301 കോളനിയിലെയും പരിസരത്തെയും ആളുകൾക്ക് നിത്യ കാഴ്ചയായിരുന്നു. പുൽമേടുകളിൽ തുള്ളി ചാടി നടന്നിരുന്ന കുട്ടിയാനയ്ക്ക് അമ്മ നഷ്ടപ്പെട്ടതോടെ കുറുമ്പും കുസൃതിയുമില്ലെന്നു പ്രദേശവാസികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com