ADVERTISEMENT

മൂലമറ്റം ∙ യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വിൽപനയ്ക്കും ഇറക്കുമതിക്കും കടുത്ത നിയന്ത്രണങ്ങളുള്ള ചെഞ്ചെവിയൻ ആമയെ (റെഡ് ഇയേഡ് സ്ലൈഡർ ടർട്ടിൽ) ഇടുക്കിയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം മലങ്കര ജലാശയത്തിൽ മീൻപിടിക്കാൻ വന്ന മഠത്തിപ്പറമ്പിൽ രാഹുലിന്റെ വലയിൽ കുടുങ്ങിയ ആമയെ മുട്ടം ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി. പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിന് കൈമാറും. ജലത്തിലെ മുഴുവൻ സസ്യജാലങ്ങളെയും മത്സ്യങ്ങളെയും തവളകളെയും നശിപ്പിക്കാൻ ശേഷിയുള്ള ചെഞ്ചെവിയൻ ആമ ജൈവവൈവിധ്യം തകർക്കുമെന്നതിനാലാണ് പല രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

മനുഷ്യനെ ബാധിക്കുന്ന രോഗാണുക്കളെ വഹിക്കുന്നവയുമാണ് ഇവ. കാഴ്ചയിൽ കൗതുകമുണർത്തുന്ന ആമയ്ക്ക് തുടക്കത്തിൽ 5 സെന്റിമീറ്ററോളമേ വലുപ്പമുണ്ടാകൂ. വൻവിലയ്ക്ക് വിൽക്കാമെന്നതിനാൽ പലയിടത്തും നിരോധനം മറികടന്ന് ഇവയെ സൂക്ഷിക്കാറുണ്ട്. പെട്ടെന്നു വളരുന്നതിനാൽ 33 സെന്റിമീറ്റർ വരെ വലുപ്പം വയ്ക്കുമ്പോൾ വീടുകളിലെ ചെറിയ അക്വേറിയങ്ങളിൽ പാർപ്പിക്കാനാകാത്തതിനാൽ ജലസ്രോതസ്സുകളിലേക്കു വിടുകയാണു പതിവ്.

പല രാജ്യങ്ങളിലും ഇവയെ ഇങ്ങനെ പുറന്തള്ളുന്നതു വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. കേരളത്തിൽ 2018ൽ രണ്ടിടങ്ങളിൽ ഈ ആമയെ കണ്ടിട്ടുണ്ടെങ്കിലും ജൈവവൈവിധ്യത്തെ ബാധിക്കാത്ത തരത്തിൽ സുരക്ഷിതമായി മാറ്റിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തൃശൂരിലും ചെഞ്ചെവിയൻ ആമയെ കണ്ടെത്തിയിരുന്നു.  മലങ്കര ജലാശയത്തിൽ ആമയെ കണ്ടെത്തിയതോടെ സമീപത്തെ കൃഷിയിടങ്ങളിലും പാടങ്ങളിലും കർഷകർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർ‌ദേശിച്ചു.

English Summary: Dangerous red eared slider turtle in Idukki Malankara reservoir

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com