പതിപ്പള്ളിയിൽ പൊട്ടിയത് 15 ഉരുളുകൾ, നഷ്ടത്തിന്റെ കണക്ക് നിരത്തി ഹൈറേഞ്ച്– ചിത്രങ്ങൾ

ശനിയാഴ്ച ഉണ്ടായ മലവെള്ളപ്പാച്ചിലിൽ സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലായ മൂലമറ്റം കെഎസ്ആർടിസി ഡിപ്പോ.
ശനിയാഴ്ച ഉണ്ടായ മലവെള്ളപ്പാച്ചിലിൽ സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലായ മൂലമറ്റം കെഎസ്ആർടിസി ഡിപ്പോ.
SHARE

വെള്ളത്തിലായി ഉള്ളതെല്ലാം

മൂലമറ്റം ∙ മലവെള്ളം സംഹാരതാണ്ഡവം ആടിയപ്പോൾ എല്ലാം നഷ്ടപ്പെട്ട് താഴ്‌വാരം കോളനി. കോളനിയിലെ 23 വീടുകളിലാണ് വെള്ളം കയറിയത്. പെട്ടെന്ന് വെള്ളം പൊങ്ങിയതിനാൽ എല്ലാം ഇട്ടെറിഞ്ഞ് ഓടി. കുറച്ചാളുകൾ റോഡിലെത്തി. ബാക്കിയുള്ളവർ വീടുകളിൽ കുടുങ്ങി. മൂലമറ്റം, തൊടുപുഴ എന്നീ സ്ഥലങ്ങളിലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഓടിയെത്തിയതിനാൽ ആളപായമുണ്ടായില്ല. ആളുകളെയെല്ലാം രക്ഷപ്പെടുത്തി കരയിലെത്തിച്ചു.

താഴ്‌വാരം കോളനിയിലെ വെള്ളം കയറിയ വീടുകൾ ഡിവൈഎഫ്ഐ, സേവാഭാരതി, യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്നു ശുചീകരിക്കുന്നു.
താഴ്‌വാരം കോളനിയിലെ വെള്ളം കയറിയ വീടുകൾ ഡിവൈഎഫ്ഐ, സേവാഭാരതി, യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്നു ശുചീകരിക്കുന്നു.

3 മണിക്കൂറിനുശേഷം വെള്ളം ഇറങ്ങിയപ്പോൾ കോളനി നിവാസികൾ വീടുകളിൽ മടങ്ങിയെത്തിയെങ്കിലും വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമടക്കം ഇവർക്ക് നഷ്ടമായി. എല്ലാം നഷ്ടപ്പെട്ട നിലയിലാണ് താഴ്‌വാരം കോളനി നിവാസികൾ. കോളനിയിൽ താമസിക്കുന്ന മുത്താരത്തിൽ ചിന്നമ്മ ബേബിയുടെ വീട് പൂർണമായും തകർന്നു. കാൻസർ രോഗിയായ ചിന്നമ്മയും മാതാവും ഇപ്പോൾ ക്യാംപിലാണ് താമസം. ഇവരെ ഉടൻ പുനരധിവസിപ്പിക്കണം.

ശാന്തിഗ്രാം അതിരുകുളങ്ങര ഷാജി ജോസഫിന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്ന് ഓട്ടോറിക്ഷയ്ക്കു മുകളിലേക്ക് പതിച്ചപ്പോൾ.
ശാന്തിഗ്രാം അതിരുകുളങ്ങര ഷാജി ജോസഫിന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്ന് ഓട്ടോറിക്ഷയ്ക്കു മുകളിലേക്ക് പതിച്ചപ്പോൾ.

കൂടാതെ കോളനിയിലുണ്ടായിരുന്ന കുടുംബങ്ങളുടെ വീട്ടുപകരണങ്ങളടക്കം ഒഴുകിപ്പോയി. താമസ സ്ഥലത്തിന് പട്ടയമില്ലാത്തതിനാൽ ലോൺ എടുത്തുപോലും പുതിയ ഒരു തുടക്കത്തിനു കഴിയാതെ വിഷമിക്കുകയാണ് കോളനി നിവാസികൾ. ഇന്നലെ ഡിവൈഎഫ്‌ഐ, സേവാഭാരതി പ്രവർത്തകർ, യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് കോളനിയിലെ വീടുകൾ ശുചീകരിച്ചു.

നഷ്ടത്തിന്റെ കണക്ക് നിരത്തി ഹൈറേഞ്ച് 

കട്ടപ്പന ∙ ശനിയാഴ്ച പെയ്ത കനത്ത മഴയിൽ ഹൈറേഞ്ചിൽ വ്യാപക നാശനഷ്ടം. വീടുകൾക്കു കേടുപാടുകൾ സംഭവിക്കുകയും വ്യാപകമായി കൃഷി ഒലിച്ചുപോകുകയും ചെയ്തു. പ്രധാന റോഡുകളിലും ഗ്രാമീണ പാതകളിലും മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ശാന്തിഗ്രാം അതിരുകുളങ്ങര ഷാജി ജോസഫിന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്നു വീണു. സംരക്ഷണഭിത്തിക്കു സമീപം റോഡിൽ പാർക്കു ചെയ്തിരുന്ന ഷാജിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ പൂർണമായി നശിച്ചു.

15 ഉയരവും 90 അടി നീളവുമുള്ള സംരക്ഷണഭിത്തിയാണ് തകർന്നത്. കോൺക്രീറ്റ് ചെയ്തശേഷം അതിനു മുകളിൽ സിമന്റ് ഇഷ്ടിക കെട്ടി നിർത്തിയിരുന്ന സംരക്ഷണഭിത്തിയാണ് നശിച്ചത്. ഇതേ തുടർന്ന് വീടും അപകട ഭീഷണിയിലായി. നത്തുകല്ല് കോയിക്കൽ ജയ്സന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. ഇതേ തുടർന്നു വീടിന്റെ ഭിത്തിക്കും കേടുപാട് സംഭവിച്ചു. 10 അടി ഉയരവും 80 അടി നീളവുമുള്ള സംരക്ഷണഭിത്തിയാണ് നശിച്ചത്.

തൊടുപുഴ താലൂക്കിൽ 169 പേർ ദുരിതാശ്വാസ ക്യാംപിൽ 

തൊടുപുഴ ∙ തൊടുപുഴ താലൂക്കിൽ ആകെ 6 ദുരിതാശ്വാസ ക്യാംപുകളാണ് ഉള്ളത്. ക്യാംപുകൾ വില്ലേജ് അടിസ്ഥാനത്തിൽ: അറക്കുളം–1, ഇലപ്പള്ളി–1, വെളളിയാമറ്റം–2, തൊടുപുഴ–2. ഇതിൽ 61 കുടുംബങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം 169 ആളുകൾ ക്യാംപുകളിലുണ്ട്. ഇതിൽ അറക്കുളം മൂലമറ്റം ഗവ. ഐഎച്ച്ഇപി യുപി സ്‌കൂളിലെ ക്യാംപിൽ 36 കുടുംബങ്ങളിൽ നിന്നായി 44 പുരുഷൻമാരും 47 സ്ത്രീകളും 24 കുട്ടികളും അടക്കം 115 പേരുണ്ട്.

കാഞ്ഞിരമറ്റം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാംപിൽ ഒരു കുടുംബത്തിലെ ഒരു പുരുഷനും ഒരു സ്ത്രീയും 4 കുട്ടികളുമടക്കം 6 പേർ കഴിയുന്നുണ്ട്. തൊടുപുഴ ഡയറ്റ് സ്‌കൂളിൽ ഒരു കുടുംബത്തിലെ 4 പേരെ താമസിപ്പിച്ചിട്ടുണ്ട്. വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റം സെന്റ് ജോസഫ് എൽപി സ്‌കൂളിൽ ആറ് കുടുംബങ്ങളിൽ നിന്നായി 6 പുരുഷൻമാരും 5 വനിതകളുമടക്കം 11 ആളുകൾ കഴിയുന്നുണ്ട്.

പീരുമേട്ടിൽ ദുരിതാശ്വാസ ക്യാംപുകളിൽ 543 പേർ

പീരുമേട് ∙ താലൂക്കിൽ 16 ദുരിതാശ്വാസ ക്യാംപുകളിലായി 543 പേർ. ഇതിൽ കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിൽ ആണ് കൂടുതൽ ക്യാംപുകൾ. വീടുകൾ പൂർണമായും ഭാഗികമായും തകർന്നവർ ആണ് ഇവിടങ്ങളിൽ കഴിയുന്നവരിൽ ഏറെയും. 35–ാം മൈൽ ജംക്‌ഷൻ മുതൽ ജില്ലാ അതിർത്തിയായ 34–ാം മൈൽ വരെ ഒരു കിലോമീറ്റർ ദൂരത്തിൽ 55 വീടുകളിൽ വെളളം കയറി വൻ നാശം വിതച്ചു.

ഉരുൾപൊട്ടലിനെ തുടർന്ന് ഇരച്ചെത്തിയ മലവെള്ളം മുണ്ടക്കയം ആറ്റിൽ ജലനിരപ്പ് ഉയർത്തി. ഇതോടെ ആണ് വീടുകളിൽ വെളളം കയറിയത്. മിക്ക വീടുകളിൽ നിന്നും ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നു. ധരിച്ചിരുന്ന വസ്ത്രങ്ങൾ മാത്രം ആണ് പലർക്കും ബാക്കിയുളളത്. 

പതിപ്പള്ളിയിൽ പൊട്ടി 15 ഉരുളുകൾ

മൂലമറ്റം ∙ പതിപ്പള്ളിയെ വിറപ്പിച്ച് 15 ഉരുളുകൾ പൊട്ടി. ശനിയാഴ്ച രാവിലെ 10 നും 1 മണിക്കുമിടയിലാണ് പതിപ്പള്ളി തെക്കുംഭാഗത്ത് 15 ഉരുളുകൾ പൊട്ടിയത്. ആളപായം ഉണ്ടായില്ലെങ്കിലും വൻ കൃഷിനാശമാണിവിടെ ഉണ്ടായിരിക്കുന്നത്. 5 വീടുകൾ ഭാഗികമായി തകർന്നു. വലിയ പാറക്കൂട്ടങ്ങളും മണ്ണും വന്നടിഞ്ഞ് ഇവിടേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.

ഇവിടെയുണ്ടായ ഉരുളിലെ വെള്ളമാണ് നച്ചാറിൽ വെള്ളപ്പൊക്കത്തിന് കാരണമായത്. 2 ദിവസമായ വാർഡ് മെംബറുടെ നേതൃത്വത്തിൽ നാട്ടുകാരും മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ച് പണിതിട്ടും റോഡുകൾ തുറക്കാനായില്ല. ഗോത്രവർഗ വിഭാഗത്തിൽ പെട്ടവർ താമസിക്കുന്ന പ്രദേശമാണിവിടം. പട്ടികവർഗ വകുപ്പിന്റെ ഹരിത രശ്മി പദ്ധതിയിൽ ഒട്ടേറെ ആളുകൾ ചെയ്തിരുന്ന പച്ചക്കറി കൃഷി പൂർണമായി തകർന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA