ADVERTISEMENT
പുല്ലുപാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് കുടുങ്ങിയ തേജസ്സ് ബസ്. പിന്നാലെയെത്തിയ കെഎസ്ആർടിസി ബസും കാണാം. ഈ ബസിലേക്കാണ് യാത്രക്കാരെ സുരക്ഷിതമായി മാറ്റിയത്.
പുല്ലുപാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് കുടുങ്ങിയ തേജസ്സ് ബസ്. പിന്നാലെയെത്തിയ കെഎസ്ആർടിസി ബസും കാണാം. ഈ ബസിലേക്കാണ് യാത്രക്കാരെ സുരക്ഷിതമായി മാറ്റിയത്.

നെടുങ്കണ്ടം ∙ സ്വകാര്യ, കെഎസ്ആർടിസി ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിൽ ജീവിതം തിരിച്ചുകിട്ടിയത് 33 യാത്രക്കാർക്കാണ്. നെടുങ്കണ്ടം – മുണ്ടക്കയം റൂട്ടിൽ പുല്ലുപാറയിൽ ഉരുൾപൊട്ടി ബസിനു മുന്നിലും പിന്നിലും കല്ലും മണ്ണും ചെളിയും നിറഞ്ഞ് മരണം മുന്നിൽക്കണ്ട 30 യാത്രക്കാരെ ബസ് ജീവനക്കാർ സുരക്ഷിതമായി പുറത്തെത്തിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവർ ജീവനക്കാരെ അഭിനന്ദിച്ചു. കെഎസ്ആർടിസി ബസ് ഡ്രൈവർ തോമസ്, കണ്ടക്ടർ ജയ്സൺ, തേജസ്സ് ബസിലെ ഡ്രൈവർ സുരാജ്, കണ്ടക്ടർ പ്രവീൺ, ടാക്സി ഡ്രൈവർമാരായ നിതിൻ, റിയാസ് എന്നിവരാണ് ആ സൂപ്പർ ഹീറോകൾ.

പുല്ലുപാറയിൽ കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ കണ്ട് കാറിൽ നിന്ന് ഇറങ്ങിയോടിയ ഗുജറാത്ത് സ്വദേശികളായ പിതാവും മകനും ഒഴുക്കിൽപെട്ടപ്പോൾ.
പുല്ലുപാറയിൽ കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ കണ്ട് കാറിൽ നിന്ന് ഇറങ്ങിയോടിയ ഗുജറാത്ത് സ്വദേശികളായ പിതാവും മകനും ഒഴുക്കിൽപെട്ടപ്പോൾ.

ആ സംഭവങ്ങൾ ഇവർ പങ്കുവയ്ക്കുന്നു: ശനിയാഴ്ച രാവിലെ 7.15നാണ് തേജസ്സ് ബസ് നെടുങ്കണ്ടത്ത് നിന്ന് കോട്ടയത്തേക്കു സർവീസ് തുടങ്ങിയത്. കട്ടപ്പന കഴിഞ്ഞപ്പോൾ മഴ കനത്തു. 9.45ന് പുല്ലുപാറയിൽ എത്തിയപ്പോൾ വലിയൊരു മുഴക്കം കേട്ടു. ഉരുൾപൊട്ടി മണ്ണും ചെളിയും വലിയ കല്ലുകളും ബസിന് മുന്നിൽ വന്നു വീണു. ബസ് നിർത്തി കണ്ടക്ടറും ഡ്രൈവറും മാത്രം പുറത്തിറങ്ങി. യാത്രക്കാരെ ആരെയും പുറത്തിറക്കിയില്ല. ഉരുൾപൊട്ടലിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ അപ്‍ലോഡ് ചെയ്തു. വിവരം പുറംലോകത്ത് അറിയിച്ചു.

ജീവനക്കാർ വീണ്ടും തേജസ്സ് ബസിൽ കയറി. ബസിന്റെ പിൻഭാഗത്തും മണ്ണിടിച്ചിലുണ്ടായി. ബസ് ഒരിടത്തേക്കും നീക്കാൻ കഴിയാത്ത നിലയായി. കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള രോഗികളടക്കം ബസിലുണ്ട്. എല്ലാവരെയും മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിലേക്ക് മാറ്റി. കെഎസ്ആർടിസി ഡ്രൈവർ തോമസ്, കണ്ടക്ടർ ജയ്സൺ, ടാക്സി ഡ്രൈവർമാരായ നിതിൻ, റിയാസ് എന്നിവരും തേജസ്സിലെ സുരാജും പ്രവീണും ചേർന്ന് റോഡിലെ കല്ലും മണ്ണും മരങ്ങളും നീക്കി. ബസിലെ യാത്രക്കാർക്ക് സമീപത്തെ കടയിൽ നിന്നു ഭക്ഷണം വാങ്ങിക്കൊടുത്തു

കെഎസ്ആർടിസി ബസിനു പിറകിൽ വന്ന കാറിൽ നിന്നു മൂന്നു യാത്രക്കാർ പുറത്തിറങ്ങിയപ്പോൾ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപെട്ടു. ജയ്സൺ മൂന്നു പേരെയും പിടിച്ച് ബസിലേക്ക് വലിച്ചുകയറ്റി. തേക്കടി സന്ദർശനത്തിനു ശേഷം മടങ്ങുകയായിരുന്ന ഗുജറാത്തി കുടുംബമായിരുന്നു അപകടത്തിൽപെട്ടത്. പുല്ലുപാറയിൽ ഉരുൾപൊട്ടി വരുന്നതു കണ്ടു കാറിൽ നിന്ന് ഇറങ്ങി ഓടിയ പിതാവും മകനുമാണ്  വെള്ളപ്പാച്ചിലിൽ പെട്ട് റോഡിലൂടെ ഒഴുകിപ്പോയത്. കെഎസ്ആർടിസി ബസിൽ യാത്രക്കാരെ മുറിഞ്ഞപുഴ സെന്റ് ജോർജ് പള്ളിയിലെത്തിച്ച് സുരക്ഷിതരാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com