ADVERTISEMENT

കുമളി ∙ ചക്കുപള്ളം പഞ്ചായത്തിലെ ജനങ്ങളെ ഭീതിയിലാക്കി പുലിയും കരടിയും വിലസുന്നു. വനപാലകരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി ഉയർന്നിട്ടുണ്ട്. അണക്കരയിൽ പുലിയുടെ വിളയാട്ടം തുടരുമ്പോൾ വലിയപാറ ഭാഗത്ത് കരടിയുടെ സാന്നിധ്യമാണ് ആളുകളെ ഭീതിയിലാക്കുന്നത്. കഴിഞ്ഞ ദിവസം ചക്കുപള്ളം പഞ്ചായത്തിലെ ആറാം വാർഡിൽപെട്ട ചാഞ്ഞപ്ലാക്കൽ ജയേഷിന്റെ വീടിനോടു ചേർന്നുള്ള കൂടിനുള്ളിൽ നിന്ന് 7 മുയലുകളെയാണു പുലി അകത്താക്കിയത്.

ഏതാനും ദിവസം മുൻപ് സമീപത്തുള്ള മറ്റൊരു വീട്ടിലും ഇതേ അനുഭവമുണ്ടായി. അവിടെ മുയൽക്കൂടിന് സമീപം പുലിയുടെ കാൽപാടു കണ്ടെത്തിയിരുന്നു. കൂടാതെ ഈ വീടിന്റെ തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ പുലിയുടെ ദൃശ്യം പതിയുകയും ചെയ്തു. ആറാംമൈൽ വലിയപാറ ഭാഗത്താണ് കരടിയെ കണ്ടെത്തിയത്. വീടുകളുടെ സിറ്റൗട്ടിൽ കയറി കരടി വിശ്രമിക്കുന്ന സ്ഥിതിയാണ്.

നേരം ഇരുട്ടിയാൽ വീടിന് പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുകയാണ്. വീടിന്റെ സിറ്റൗട്ടിൽ പതിഞ്ഞ കാൽപാട് കരടിയുടേതാണെന്ന് വനപാലകർ സ്ഥിരീകരിക്കുകയും ചെയ്തു. പക്ഷേ നടപടികളൊന്നുമില്ല. വന്യമൃഗശല്യം തുടർക്കഥയായതോടെ പല തവണ നാട്ടുകാർ വനപാലകരെ സമീപിച്ച് പരാതി നൽകി. എന്നാൽ വനപാലകരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടാകുന്നില്ല.

ഏതു മൃഗമാണ് എത്തുന്നതെന്ന് ഉറപ്പാക്കാൻ ക്യാമറക്കെണി സ്ഥാപിക്കാൻ പോലും നടപടിയില്ല. വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ട വിവരം അറിയിച്ചപ്പോൾ അതു പൂച്ചപ്പുലിയായിരിക്കും എന്ന മറുപടിയാണു വനപാലകർ നൽകിയത്. വന്യമൃഗങ്ങളുടെ സാന്നിധ്യം ഉറപ്പായതിനാൽ ക്യാമറ സ്ഥാപിച്ച് ഇത് ഏതു മൃഗമാണെന്നു കണ്ടെത്തണമെന്നും കെണിയൊരുക്കി അതിനെ പിടികൂടണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com