ADVERTISEMENT

തൊടുപുഴ ∙ എട്ടു വർഷത്തിലേറെയായി നഗരസഭയുടെ ലോറി സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി ഡിപ്പോ  ഉഴുതു മറിച്ച പാടത്തെക്കാൾ കഷ്ടമാണ് ഇപ്പോൾ. ഇവിടെയുള്ള ജില്ല ട്രാൻസ്പോർട്ട് ഓഫിസർ (ഡിടിഒ) ഓഫിസിൽ കയറണമെങ്കിൽ മുട്ടൊപ്പം വെള്ളമുള്ള ചെളിക്കുളം നീന്തണം.  വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർ സിമന്റ് കട്ടകളിലും കല്ലുകളിലും  ചവിട്ടിയാണ് ചെളി പറ്റാതെ ഓഫിസിൽ കയറുന്നത്. ഓഫിസിൽ പെൻഷൻ വാങ്ങാൻ എത്തുന്ന വയോധികരായ പഴയ ജീവനക്കാർ വളരെ സാഹസപ്പെട്ടാണ് ഓഫിസിൽ എത്തുന്നത്.

ചോർന്നൊലിക്കുന്ന ഓഫിസിലാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. വർഷങ്ങൾ പഴക്കമുള്ള സ്വകാര്യ   കെട്ടിടത്തിനു മുകളിൽ പടുത ഇട്ടിട്ടുണ്ടെങ്കിലും ചോർച്ചയ്ക്ക് കുറവില്ലെന്നാണ് ജീവനക്കാർ പറയുന്നത്.  ഓഫിസ് പുതുതായി നിർമിച്ചിരിക്കുന്ന ഡിപ്പോയുടെ കെട്ടിടത്തിലേക്ക് മാറ്റാമെന്ന് നിർദേശം വന്നെങ്കിലും ഇതും അനുവദിച്ചില്ല.  ഇതിലും കഷ്ടമാണ് ഇവിടത്തെ ബസ് സ്റ്റാൻഡിന്റെ സ്ഥിതി. ഒരു പതിറ്റാണ്ട് മുൻപ് ലോറി സ്റ്റാൻഡിനായി നഗരസഭ ടാർ ചെയ്ത സ്ഥലത്താണ് ഇപ്പോൾ ബസുകൾ പാർക്ക് ചെയ്യുന്നത്.  യാത്രക്കാരും ബസ് ജീവനക്കാരും ചെളിക്കുഴിയിലൂടെ  നടന്നാണ് ബസിൽ കയറുന്നത്. മഴ ശക്തമായി പെയ്യുന്നതിനാൽ ചെളി വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്ക് ദുരിതമായിട്ട് വർഷങ്ങളായി. 

പുതിയ ഡിപ്പോ പണി  ഭൂരിഭാഗവും പൂർത്തിയാക്കിയെങ്കിലും അവിടേക്കു മാറ്റാൻ നടപടി ആയിട്ടില്ല. അടുത്ത മാസം ഡിപ്പോ പുതിയ സമുച്ചയത്തിലേക്ക് മാറ്റും എന്നാണ് അധികൃതർ നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, പണികൾ മുഴുവൻ തീർത്ത ശേഷം ലോറി സ്റ്റാൻഡിൽ നിന്ന് മാറ്റിയാൽ മതിയെന്നാണ്  അധികൃതർ പറയുന്നത്.  2 വർഷത്തിനകം പണി പൂർത്തിയാക്കി പുതിയ ഡിപ്പോയിലേക്ക് മാറ്റാം എന്ന് വാഗ്ദാനം ചെയ്ത് പ്രവർത്തനം ആരംഭിച്ച താൽക്കാലിക ഡിപ്പോ  8 വർഷത്തിലേറെയായി തുടരുകയാണ്.  ഈ വർഷമെങ്കിലും ഡിപ്പോ പുതിയ സമുച്ചയത്തിലേക്ക് മാറ്റും എന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ജീവനക്കാരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com