ADVERTISEMENT

ചിന്നക്കനാൽ ∙ അവധിക്കാലത്ത് ജില്ലയിൽ ഏറ്റവുമധികം വിനോദ സഞ്ചാരികളെത്തിയ സ്ഥലം ചിന്നക്കനാൽ പഞ്ചായത്തിലെ കൊളുക്കുമല. ദിനംപ്രതി മൂവായിരത്തിലധികം സഞ്ചാരികൾ കൊളുക്കുമല സന്ദർശിച്ചു എന്നാണ് അനൗദ്യോഗിക കണക്ക്. സൂര്യോദയ കാഴ്ചകളാൽ പ്രശസ്തമായ ഈ വിനോദ സഞ്ചാര കേന്ദ്രത്തിൽ പക്ഷേ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനു ശുചിമുറികളില്ലാത്തതു സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നു. സൂര്യനെല്ലിയിൽ നിന്നു കൊളുക്കുമല വരെ പോകുന്നതിന് 2000 രൂപയാണ് സഞ്ചാരികളിൽ നിന്നു ജീപ്പ് വാടക ഈടാക്കുന്നത്. തേയില കമ്പനിയുടെ ഉടമസ്ഥതയിലുളള റോഡിലൂടെ മറ്റ് സ്വകാര്യ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതിയില്ല.

ഒരു ജീപ്പിൽ 7 പേർക്ക് വരെ യാത്ര ചെയ്യാം. സഞ്ചാരികളിൽ നിന്ന് ഈടാക്കുന്ന 2000 രൂപയിൽ 300 രൂപ കമ്പനിക്കും പഞ്ചായത്തിനും ഡിടിപിസിക്കും ഉള്ളതാണ്. 1700 രൂപ ജീപ്പ് വാടകയും. ഇത്രയും പണം മുടക്കുമ്പോഴും സഞ്ചാരികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. കൊളുക്കുമലയിൽ കേരളത്തിന്റെ അധീനതയിലുള്ള ഭാഗത്ത് റവന്യു, വനം വകുപ്പുകൾക്ക് ഭൂമിയുണ്ട്. ഇവിടെ ശുചിമുറികൾ നിർമിച്ച് നടത്തിപ്പ് ചുമതല കരാർ നൽകണമെന്ന ആവശ്യം ശക്തമാണ്. നേരത്തെ സൂര്യനെല്ലിയിലും ശുചിമുറി സൗകര്യമുണ്ടായിരുന്നു.

എന്നാൽ പിന്നീട് പഞ്ചായത്ത് പുതിയ ശുചിമുറികൾ നിർമിച്ചെങ്കിലും പൊതുജനങ്ങൾക്ക് തുറന്നു നൽകിയിട്ടില്ല. കൊളുക്കുമലയിൽ തമിഴ്നാടിന്റെ ഭാഗത്ത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തേയില ഫാക്ടറിയും ലയങ്ങളുമുണ്ട്. ഏതാനും വർഷം മുൻപ് വരെ ഇവിടം സന്ദർശിക്കാൻ ഒരാൾക്ക് 100 രൂപയായിരുന്നു ചാർജ്. ഇവിടെ ശുചിമുറി സൗകര്യമുണ്ട്. പിന്നീട് ഒരു ജീപ്പിന് 950 രൂപ എന്ന നിരക്ക് നിശ്ചയിച്ചേതോടെ വളരെ കുറച്ച് സഞ്ചാരികൾ മാത്രമാണ് അതിർത്തി കടന്ന് ഇവിടേക്ക് പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com