ADVERTISEMENT

തൊടുപുഴ∙ പുതുവർഷത്തിൽ കുതിച്ചുയർന്നു കോവിഡ് കേസുകൾ. അതീവ ജാഗ്രത വേണമെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ്. ഡിസംബർ 13നു പ്രതിദിന പോസിറ്റീവ് കേസുകളുടെ എണ്ണം 63 മാത്രമായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടിപിആർ) 5.49 ഉം. കൃത്യം ഒരു മാസം പിന്നിടുമ്പോൾ, ഇന്നലെ ജില്ലയിൽ കോവി‍ഡ് സ്ഥിരീകരിച്ചതു 316 പേർക്കാണ്. ടിപിആറും ഉയർന്ന് 17.96 ആയി.

കഴിഞ്ഞമാസം മിക്ക ദിവസവും ടിപിആർ 10 ൽ താഴെയായിരുന്നു. പ്രതിദിന കോവിഡ് കേസുകളും ടിപിആറും കൂടി വരുന്ന സാഹചര്യമാണ്. സംസ്ഥാനത്ത് ഏറെപ്പേരെയും ബാധിക്കുന്നതു കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദമാണെന്നാണ് കണ്ടെത്തൽ.  

 പ്രതിരോധം പ്രധാനം

വരും ദിവസങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ ഇനിയും ഉയരാ‍ൻ ഇടയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ,  ആൾക്കൂട്ടങ്ങൾ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ എൻ 95 മാസ്ക്കോ ഡബിൾ മാസ്ക്കോ ധരിക്കണം.

പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളിൽ ഇറങ്ങരുത്. ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തണമെന്നും അധികൃതർ നിർദേശിക്കുന്നു. രണ്ടാം ഡോസ് വാക്സീൻ എടുത്താലും മാസ്ക് ധരിക്കുകയും ആൾക്കൂട്ടം പരമാവധി ഒഴിവാക്കുകയും വേണം.

 കരുതൽ ഡോസ് തുടരുന്നു

ജില്ലയിൽ 2369 പേർ കരുതൽ ഡോസ് വാക്സീൻ സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ ഗുരുതര രോഗബാധിതർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്. ഓൺലൈൻ ആയി ബുക്ക് ചെയ്തോ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയോ വാക്സീൻ സ്വീകരിക്കാം.

     കുട്ടി വാക്സീൻ

15–18 വയസ്സ് പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷൻ 51 ശതമാനം പിന്നിട്ടു. 26,600 കുട്ടികളാണ് ഇതുവരെ ജില്ലയിൽ വാക്സീൻ സ്വീകരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com