ADVERTISEMENT

ഇപ്പോഴും ചെങ്കോലും കിരീടവുമൊക്കെയായി രാജഭരണം നിലനിൽക്കുന്ന ഒരിടമുണ്ട് ഇടുക്കിയിൽ. കാഞ്ചിയാർ പഞ്ചായത്തിലെ കോവിൽമല, അഥവാ മന്നാൻ സമുദായത്തിന്റെ ആസ്ഥാനം. ദക്ഷിണേന്ത്യയിലെ ഏക ആദിവാസി രാജവംശമാണ് മന്നാൻ സമുദായം. വൈവിധ്യമാർന്ന ആചാരങ്ങളും പ്രത്യേകതകളുമുള്ള അവരുടെ ജീവിത വഴികളിലൂടെ....

കട്ടപ്പന ∙ കയ്യിൽ അണിയാൻ ശംഖും നെൽക്കതിരുമുള്ള കാപ്പ്, തലയിൽ ചൂടാൻ മുത്തുകളും മറ്റുമുള്ള തലപ്പാവ്, അധികാര ദണ്ഡ്, തോളിൽ അംഗവസ്ത്രം... ഇന്ത്യയിൽ നിലവിലുള്ള 2 ആദിവാസി രാജവംശങ്ങളിൽ ഒന്നായ ഇടുക്കി ജില്ലയിലെ മന്നാൻ ആദിവാസി സമുദായ രാജാവിന്റെ ഔദ്യോഗിക ചിഹ്നങ്ങളാണിവ. ദക്ഷിണേന്ത്യയിലെ ഏക ആദിവാസി രാജവംശമാണിത്. രാമൻ രാജമന്നാൻ ആണ് ഇപ്പോഴത്തെ രാജാവ്. കാഞ്ചിയാർ പഞ്ചായത്തിലെ കോവിൽമലയാണ് ആസ്ഥാനം. കാഞ്ചിയാർ പള്ളിക്കവലയ്ക്കു സമീപത്തെ മന്നാക്കുടിയായിരുന്നു അതിനു മുൻപത്തെ ആസ്ഥാനം. 

പതിനേഴാമത്തെ രാജാവ്

മന്നാൻ സമുദായത്തിന്റെ പതിനേഴാമത്തെ രാജാവാണ് രാമൻ രാജമന്നാൻ. പതിനാലാമത്തെ രാജാവായിരുന്ന നായൻ രാജമന്നാന്റെ കാലം മുതലാണ് ഈ വിഭാഗത്തെക്കുറിച്ച് കാര്യമായ തോതിൽ പുറംലോകം അറിഞ്ഞു തുടങ്ങിയത്. 4 പതിറ്റാണ്ടോളം അദ്ദേഹം രാജാവായി തുടരുകയും പുറംലോകവുമായി മികച്ച ബന്ധം പുലർത്തുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഇടപെടലിലൂടെ കാഞ്ചിയാറിൽ സ്ഥാപിതമായ ഏകാധ്യാപക വിദ്യാലയം ഇന്ന് ട്രൈബൽ സ്‌കൂളാണ്. 1995 മാർച്ചിൽ നായൻ രാജമന്നാന്റെ മരണശേഷം തേവൻ രാജമന്നാൻ രാജാവായി. അദ്ദേഹത്തിന്റെ കാലശേഷം 26 വയസ് മാത്രമുണ്ടായിരുന്ന അരിയാൻ രാജമന്നാനാണ് രാജാവായത്. അരിയാൻ രാജമന്നാൻ 2011ൽ മരിച്ചതോടെയാണ് 2012ൽ രാമൻ രാജമന്നാൻ തിരഞ്ഞെടുക്കപ്പെട്ടത്. 

കുടിയേറ്റം തമിഴ്നാട്ടിൽ നിന്ന്.?

മന്നാൻ സമുദായത്തിന്റെ ജീവിതം തമിഴ് സംസ്‌കാരവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അവരുടെ ഭാഷയിലും ആചാരാനുഷ്ഠാനങ്ങളിലുമെല്ലാം അവ പ്രകടവുമാണ്. ഇവരുടെ പൂർവഭൂമി തമിഴ്‌നാടായിരുന്നെന്നും പിന്നീട് ഇടുക്കിയിലേക്ക് കുടിയേറിയതായി കരുതപ്പെടുന്നുണ്ടെങ്കിലും കുടിയേറ്റ കാലഘട്ടത്തെക്കുറിച്ച് വ്യക്തതയില്ല.

ചോള-പാണ്ഡ്യ യുദ്ധത്തിൽ പാണ്ഡ്യ രാജാവിനെ സഹായിച്ചതിന് പാരിതോഷികമായി വനം പതിച്ചു നൽകിയെന്നും വനാധിപതികൾ എന്ന സ്ഥാനപ്പേരു നൽകി കുടിയിരുത്തിയതാണെന്നും മധുരയിലും സമീപ മേഖലകളിലും ഉണ്ടായ യുദ്ധത്തെ തുടർന്ന് പലായനം ചെയ്ത് എത്തിയതാണെന്നുമെല്ലാം കരുതപ്പെടുന്നുണ്ട്.

ഇളയ രാജാവ്, കാണിക്കാർ തുടങ്ങിയവരെല്ലാം ഉൾപ്പെടുന്ന ഒരു ഭരണ സംവിധാനവും ഇവർക്കുണ്ട്. സ്വന്തമായി പൊലീസുമുണ്ട്. 46 കുടികളിലായി മുക്കാൽ ലക്ഷത്തോളം അംഗങ്ങളാണ് മന്നാൻ സമുദായത്തിന് ഉള്ളത്.

ആചാരങ്ങളും വിശ്വാസങ്ങളും

ജനനം, മരണം, വിവാഹം, കാർഷിക വൃത്തി തുടങ്ങിയവയെല്ലാമായി ബന്ധപ്പെട്ടാണ് ഇവരുടെ ആചാരങ്ങളും വിശ്വാസങ്ങളും രൂപപ്പെട്ടിരിക്കുന്നത്. പരമ്പരാഗത ആദിവാസി തനിമ നിലനിർത്തുന്ന ഇവരുടെ കാലാവൂട്ട് മഹോത്സവം ഫെബ്രുവരി, മാർച്ച് മാസത്തിലാണ്. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട വിളവെടുപ്പ് ഉത്സവമായി ഇതു പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും പാണ്ഡ്യരാജാവിനെ സഹായിച്ചതിന് വനാധിപതികൾ സ്ഥാനം നൽകിയ പാർപ്പിച്ചെന്ന് കരുതുന്നതിനാൽ യുദ്ധവിജയത്തിന്റെ സന്തോഷം പങ്കുവയ്ക്കാൻ നടത്തിയിരുന്ന ഒത്തുചേരൽ പിന്നീട് ഉത്സവമായി മാറുകയായിരുന്നെന്നും കരുതപ്പെടുന്നു. 

സമുദായത്തിന്റെ പരദേവതയായ മുത്തിയമ്മയുടെ കോവിലിനു മുൻപിൽ പ്രത്യേക പൂജകൾക്കുശേഷമാണ് കൂത്ത് എന്ന കലാരൂപം അരങ്ങേറുന്നത്. മണ്ണും കൃഷിയുമായി മന്നാൻ സമുദായത്തിനുള്ള ആത്മബന്ധമാണ് കാലാവൂട്ട് മഹോത്സവം. ദൈവ സ്തുതികൾക്കൊപ്പം മികച്ച വിളവുതന്ന മണ്ണിനെ അനുസ്മരിക്കുകയും നല്ല വിളവുതന്ന് ഞങ്ങളെ രക്ഷിക്കണമെന്ന പൊരുളും കൂത്തിന്റെ അടിസ്ഥാനമാണ്.

സംഘകാലം മുതൽ രൂപപ്പെട്ട കൂത്ത് എന്ന കലാരൂപത്തിലെ വിഷയം തമിഴ് സാഹിത്യത്തിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നായ ചിലപ്പതികാര കഥയിലെ കണ്ണകി-കോവിലൻ കഥാതന്തുവാണ്. പാട്ടുകൾ, ചൊല്ലുകൾ, സംഭാഷണങ്ങൾ, എന്നിവ ഇടകലർന്നാണ് കൂത്ത്. മൃഗവേഷം, സ്ത്രീവേഷം, കോമാളിവേഷം, പക്ഷി വേഷം എന്നിവ കെട്ടിയ നൃത്തക്കാർ ആദിവാസി കൂത്തിന്റെ പ്രത്യേകതയാണ്. പിന്നണിയിൽ പാട്ടുകാരും ചെണ്ടക്കാരുമുണ്ടാവും.

ബിരുദധാരിയായ രാജാവ്

തമിഴിനോട് സാമ്യമുള്ള ഭാഷയാണ് ഇവർ സംസാരിക്കുന്നതെങ്കിലും ലിപി ഇല്ല. പൊതുസമൂഹവുമായുള്ള ഇടപെടൽ വർധിച്ചതോടെ ഇവരുടെ ഭാഷയിൽ ഉൾപ്പെടെ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. മുൻപ് വന വിഭവങ്ങളും മറ്റും ശേഖരിച്ച് ഉപജീവനം നടത്തിയിരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും ഇപ്പോൾ കൃഷിയിടങ്ങളിലും മറ്റും കൂലിപ്പണി ഉൾപ്പെടെ ചെയ്യാൻ പുറംലോകവുമായി ബന്ധപ്പെടുന്നുണ്ട്. എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണ് ഇപ്പോഴത്തെ രാജാവ് രാമൻ രാജമന്നാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com