ADVERTISEMENT

പട്ടയ വിവാദം വീണ്ടും പുകയുന്നു. കെഡിഎച്ച് വില്ലേജിലെ ഭൂമിക്ക് അനുവദിച്ച രവീന്ദ്രൻ പട്ടയം അസാധുവാക്കിയ സർക്കാർ നടപടി മൂന്നാറിൽ ഭൂമി സംബന്ധമായ വിവാദങ്ങൾക്ക് വീണ്ടും തിരികൊളുത്തി

തൊടുപുഴ ∙ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യു ഉത്തരവ് ജില്ലയിലെ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുമോ എന്ന ആശങ്കയാണ് പട്ടയ ഉടമകളായ സാധാരണക്കാർക്ക്. 1999 ൽ 9 വില്ലേജുകളിലായി 530 പേർക്കാണ് ദേവികുളം അഡീഷനൽ തഹസിൽദാരായിരുന്ന എം.ഐ.രവീന്ദ്രൻ പട്ടയം നൽകിയത്. ഇൗ പട്ടയ ഉടമകളിൽ ഏറെയും സാധാരണക്കാരാണ്. ചിലർ ഇൗ‍ ഭൂമി വൻകിടക്കാർക്ക് വിൽപന നടത്തിയെന്നതും യാഥാർഥ്യമാണ്. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യുന്നതോടെ ഇൗ ഭൂമിയുടെ അവകാശം സർക്കാരിൽ നിക്ഷിപ്തമാകും.

അർഹരായവർക്ക് അപേക്ഷ നൽകുമ്പോൾ പുതിയ പട്ടയം നൽകുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് ഏറെ കാലതാമസമെടുക്കില്ലേ, എന്ന ആശങ്ക റവന്യു അധികൃതർക്കു പോലുമുണ്ട്. റദ്ദാക്കപ്പെടുന്ന പട്ടയ ഭൂമിയിൽ കൃഷിക്കും വീടിനുമല്ലാതെ വ്യാവസായിക ആവശ്യങ്ങൾക്കായി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ, അക്കാരണങ്ങളാൽ പട്ടയ അപേക്ഷ തള്ളാനും അധികൃതർക്കു കഴിയുമെന്ന് നിയമ വിദഗ്ധർ പറയുന്നു. പട്ടയ അപേക്ഷകൾ നിരസിക്കപ്പെടുന്നവർക്കെതിരെ സർക്കാർ ഭൂമി കയ്യേറ്റത്തിനും കൈവശം വച്ചതിനും ക്രിമിനൽ കേസെടുക്കാനുള്ള ചട്ടമുണ്ട്.

രവീന്ദ്രൻ പട്ടയങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് അർഹതയുള്ളവർക്ക് പുതിയ പട്ടയം നൽകണമെന്നും അല്ലാത്തവ റദ്ദ് ചെയ്യണമെന്നും 2019 ഓഗസ്റ്റ് 22 ലെ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ദേവികുളം ഡപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി സർക്കാരിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ ഉത്തരവ് ഇറങ്ങിയത്.1971 ന് മുൻപ് കുടിയേറിയവർക്കാണ് 1964 ലെ ഭൂപതിവ് ചട്ട പ്രകാരം പുതിയ പട്ടയം അനുവദിക്കുന്നത്.

പട്ടയം റദ്ദാക്കപ്പെടുന്നവർ 1971 ന് മുൻപ് കുടിയേറിയവരാണെന്ന് തെളിയിക്കേണ്ട രേഖകൾ പുതിയ പട്ടയത്തിന് മാനദണ്ഡമാക്കുമോ എന്ന ആശങ്കയുമുണ്ട്. പഴയ പട്ടയ ഉടമകൾ മരിച്ച കേസുകളിൽ പുതിയ പട്ടയത്തിന് അനന്തരാവകാശികൾ അർഹരാണോ എന്നും വ്യക്തമല്ല. രവീന്ദ്രൻ പട്ടയത്തിന്റെ നിയമ സാധുത ചോദ്യമായി അവശേഷിക്കുമ്പോഴും ഇത് ഇൗടായി സ്വീകരിച്ച് ചില ബാങ്കുകൾ ഭൂവുടമകൾക്ക് വായ്പ നൽകിയിട്ടുണ്ട്.

24 വർഷം മുൻപ് നൽകിയ പട്ടയം ക്രമവൽക്കരിച്ച് നൽകുമെന്ന പ്രതീക്ഷയിൽ ചില പട്ടയ ഉടമകൾ തങ്ങൾക്ക് ലഭിച്ച ഭൂമിയിൽ ഉപജീവന മാർഗമെന്ന നിലയിൽ കടമുറികളുൾപ്പെടെ നിർമിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് ഉന്നത സ്ഥാനങ്ങളിലുള്ള ചിലർക്ക് രവീന്ദ്രൻ പട്ടയമുള്ള ഭൂമിയിൽ വൻകിട റിസോർട്ടുകളും സ്ഥാപനങ്ങളുമുണ്ട്. കോടതിയെ സമീപിച്ച് കരം അടയ്ക്കാനും നിർമാണ പ്രവർത്തനം നടത്താനുമുള്ള അനുമതി വാങ്ങിയവരാണ് ഇക്കൂട്ടത്തിൽ കൂടുതലും. 

രവീന്ദ്രൻ പട്ടയങ്ങൾ എങ്ങനെ തിരിച്ചറിയാം? പട്ടയത്തിലെ ഒപ്പിലാണ് കാര്യം

തൊടുപുഴ ∙ നമ്പർ 1 മുതൽ 3 വരെയുള്ള എല്ലാ റജിസ്റ്ററുകളും പൂർത്തിയാക്കി താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി അംഗീകരിച്ച പട്ടയമാണ് കലക്ടറുടെ അനുമതിയോടെ ഭൂവുടമകൾക്ക് നൽകുന്നത്. കോർപറേഷൻ പരിധിയിലെ ഭൂമിക്കും, ആദിവാസികൾക്ക് പതിച്ചു നൽകുന്ന ഭൂമിക്കും നൽകുന്ന പട്ടയങ്ങളിൽ കലക്ടറാണ് ഒപ്പിടേണ്ടത്. മറ്റെല്ലാ പട്ടയങ്ങളിലും തഹസിൽദാരാണ് ഒപ്പിടുന്നത്.

1999 ൽ ജില്ല കലക്ടർ അഡീഷനൽ തഹസിൽദാരുടെ ചുമതല നൽകിയ എം.ഐ.രവീന്ദ്രൻ ഒപ്പിട്ട 530 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതാണ് രവീന്ദ്രൻ പട്ടയങ്ങൾ. കലക്ടർ സാക്ഷ്യപ്പെടുത്തേണ്ട കെഡിഎച്ച് ചട്ടപ്രകാരമുള്ള പട്ടയത്തിലും എം.ഐ.രവീന്ദ്രനാണ് ഒപ്പു വച്ചിട്ടുള്ളത്. ഇതോടൊപ്പം ശംഖുമുദ്രയും പട്ടയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പിന്നീട് ഈ സർക്കാർ സീൽ കാണാതെ പോയി എന്നാണ് റിപ്പോർട്ട്. അതുകൊണ്ട് മറ്റ് പട്ടയങ്ങളിൽ ഈ മുദ്ര കാണാനാവില്ല. പട്ടയം നൽകാനുള്ള ചുമതല എം.ഐ.രവീന്ദ്രന് നൽകിയത് ഗസറ്റിൽ പരസ്യപ്പെടുത്താൻ വിട്ടു പോയതാണ് ഇൗ പട്ടയങ്ങളുടെ നിയമ സാധുത ചോദ്യം ചെയ്യപ്പെടാൻ പ്രധാന കാരണം. 

റദ്ദാക്കൽ നടപടിക്ക് എതിരെ സംഘടനകളും

രവീന്ദ്രൻ പട്ടയം റദ്ദു ചെയ്യാനുള്ള നീക്കം തെറ്റാണെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, രക്ഷാധികാരികളായ ആർ.മണിക്കുട്ടൻ, സി.കെ.മോഹനൻ, മൗലവി മുഹമ്മദ് റഫീഖ് ആൾ കൗസരി എന്നിവർ പറഞ്ഞു. സാങ്കേതിക പിഴവ് മൂലം പട്ടയം റദ്ദാക്കുമ്പോൾ പട്ടയത്തിന് അർഹരായവരുടെ അവകാശങ്ങൾ നിഷേധിക്കുകയാണ്.

സാങ്കേതിക പിഴവുകൾ മുൻകാല പ്രാബല്യത്തോടെ ക്രമവൽക്കരിച്ച് നൽകുകയാണ് വേണ്ടത്. പട്ടയത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ കാര്യത്തിൽ പോലും വേഗത ഇല്ലാത്ത സാഹചര്യത്തിൽ പട്ടയം റദ്ദ് ചെയ്യപ്പെടുന്നവർ പാടേ അവഗണിക്കപ്പെടും എന്നുറപ്പാണെന്നും ഉദ്യോഗസ്ഥർക്ക് വലിയ അഴിമതിക്കുള്ള അവസരമായി ഇത് മാറുമെന്നും നേതാക്കൾ പറഞ്ഞു. 

ചട്ടം മാറ്റി പട്ടയം നൽകുന്നത് വീണ്ടും ആളുകളെ ബുദ്ധിമുട്ടിലാക്കാൻ

രവീന്ദ്രൻ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം നൽകുമെന്ന വാഗ്ദാനം വിശ്വസിക്കാൻ കഴിയില്ലെന്ന് അതിജീവന പോരാട്ട വേദി ചെയർമാൻ റസാഖ് ചൂരവേലിൽ, കൺവീനർ മഞ്ജേഷ് കുമാർ എന്നിവർ പറഞ്ഞു. കാലങ്ങളായി അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് പോലും പട്ടയം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പുതിയ പട്ടയ നടപടികൾ വൻ അഴിമതിക്ക് അവസരമൊരുക്കും.

24 വർഷം മുൻപ് 2 കെഡിഎച്ച് വില്ലേജുകളിൽ 1964 ലെ ഭൂപതിവ് ചട്ടമനുസരിച്ചാണ് പട്ടയം നൽകിയത്. ചട്ട വിരുദ്ധമായ ഇൗ നിലപാടാണ് റവന്യു വകുപ്പ് ഇപ്പോഴും തുടരുന്നത്. ഇത് ഭാവിയിൽ ഭൂവുടമകളെ നിയമക്കുരുക്കിലാക്കുമെന്നും അതിജീവന പോരാട്ട വേദി നേതാക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com