ADVERTISEMENT

നെടുങ്കണ്ടം∙ ടൗണിലെ അപകടങ്ങളും മരണങ്ങളും വർധിക്കുന്നതിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ജനം. അധികൃതർക്ക് അമിതവേഗം നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ ഇടപെടുമെന്ന് നാട്ടുകാരുടെ മുന്നറിയിപ്പ്. 10 ദിവസത്തിനിടെ വ്യത്യസ്ത അപകടങ്ങളിൽ 2 ജീവനുകളാണ് പൊലിഞ്ഞത്. 3 മാസത്തിനിടെ വാഹനാപകടങ്ങളിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും വർധിച്ചു.

ഇന്നലെ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ബൈക്ക് ഇടിച്ചു കയറി വിദ്യാർഥി മരിച്ചതാണ് ഒടുവിലത്തെ അപകടം. 2 അപകടങ്ങളും നടന്നത് 500 മീറ്റർ ദൂരപരിധിയിലാണ്. ഇവിടെ നിന്ന്  പൊലീസ് സ്റ്റേഷനിലേക്ക്  25 മീറ്റർ പോലുമില്ല.

∙ജനുവരി 16, ഓട്ടോറിക്ഷയിടിച്ച് കർഷകൻ മരിച്ചു

നെടുങ്കണ്ടം കിഴക്കേ കവലയിൽ റോഡ് കുറുകെ കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് ഗുരുതര പരുക്കേറ്റ പാറത്തോട്  ഓലിയാനിക്കൽ ഒ.എം. കുര്യാക്കോസ് (71) മരിച്ചു. ഏലം, കുരുമുളക് കർഷകനായിരുന്നു. തൂമ്പയ്ക്ക് വില ചോദിച്ച ശേഷം കുമളി മൂന്നാർ സംസ്ഥാന പാത കുറുകെ കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ഓട്ടോ ഇടിച്ചു.

തലയ്ക്ക് ഗുരുതര പരുക്കേറ്റ കുര്യാക്കോസിനെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

∙ജനുവരി 25, കാറിൽ ബൈക്ക് ഇടിച്ച് വിദ്യാർഥി മരിച്ചു

ഇന്നലെ പുലർച്ചെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ ബൈക്ക് ഇടിച്ചുകയറി  വിദ്യാർഥി തൽക്ഷണം മരിച്ചു. തിരിച്ചറിയാൻ കഴിയാത്തവിധം കഴുത്തിന് മുകളിലേക്ക് പരുക്കേറ്റു. ചക്കക്കാനം കല്ലുംകൂട്ടത്തിൽ സൂരജ് (24) ആണ് മരിച്ചത്. സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം.

എംജി യൂണിവേഴ്സിറ്റിയിൽ ബിരുദ വിദ്യാർഥിയാണ്. അമിതവേഗത്തിലെത്തിയ ഇരുചക്രവാഹനം നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ബേക്കറിയിലേക്ക് ഇടിച്ചു കയറി നിന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com