ADVERTISEMENT

പെൻഷൻ കുടിശിക വിതരണത്തിലും മെഡിസെപ് പദ്ധതി നടത്തിപ്പിലും സർക്കാർ കാണിക്കുന്ന അലംഭാവം  പെൻഷൻകാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത് 

കേരളത്തിൽ അഞ്ചേകാൽ ലക്ഷത്തിലധികം പെൻഷൻകാർ ഉണ്ടെന്നാണു കണക്കുകൾ. പെൻഷൻ കുടിശികയും 5 വർഷത്തിലൊരിക്കൽ ലഭിക്കുന്ന പെൻഷൻ പരിഷ്കരണ കുടിശികയും നൂലാമാലകളിൽ കുടുങ്ങിക്കിടക്കുമ്പോൾ ഈ തുക  കാത്തിരിക്കുന്ന ഒട്ടേറെ വയോജനങ്ങളുടെ ജീവിതമാണു വഴിമുട്ടുന്നത്.  പെൻഷൻകാരുടെ പ്രായത്തെ മാനിച്ചു ചികിത്സാ മേഖലകളിൽ പ്രത്യേക ആനുകൂല്യങ്ങൾ അനുവദിക്കാനും മുൻ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാനും സർക്കാർ തയാറാവണം. 

മെഡിസെപ്; വ്യാപിപ്പിക്കണം

മെഡിസെപ്പിന്റെ ആനുകൂല്യം പെൻഷൻകാർക്കു ലഭ്യമാവണമെങ്കിൽ കൂടുതൽ ആശുപത്രികൾ ഇതിന്റെ പരിധിയിൽ കൊണ്ടുവരണം. 2016ൽ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച മെഡിസെപ് പദ്ധതി അനിശ്ചിതമായി നീളുകയാണ്. 2022 മേയ് ആയിട്ടും ഇതു പൂർണമായ അർഥത്തിലാകുന്നില്ല.

ഭാര്യയും ഭർത്താവും പെൻഷൻകാരാണെങ്കിൽ ഒരാളുടെ പ്രീമിയം കൊണ്ട് രണ്ടാൾക്കും ആനുകൂല്യം ലഭിക്കണം. രണ്ടുപേരും നിർബന്ധമായി ചേരണമെന്ന വ്യവസ്ഥ അവകാശ ലംഘനമാണെന്നാണു സംഘടനാ ഭാരവാഹികൾ പറയുന്നത്. ഇതിനായി മെഡിസെപ് പദ്ധതിയിൽ ഓപ്ഷൻ അനുവദിക്കണമെന്നാണ് ആവശ്യം. 

''2019 ജൂലൈ മുതൽ ലഭിക്കേണ്ട ക്ഷാമാശ്വാസ കുടിശികയും പെൻഷൻ പരിഷ്കരണ കുടിശികയും 4 ഗഡുക്കളായി 2021 ഏപ്രിൽ, മേയ്, ഓഗസ്റ്റ്‌, നവംബർ മാസങ്ങളിൽ വിതരണം ചെയ്യുമെന്നു സർക്കാർ ഉത്തരവായിരുന്നു. രണ്ട് ഗഡു മാത്രം നൽകി. ബാക്കി 2024 മാർച്ച് വരെ പിടിച്ചുവച്ചു. പെൻഷൻകാരിൽ ഭൂരിഭാഗവും നിത്യേന മരുന്നു കഴിക്കുന്നവരാണ്. അതിനാൽ ഒപി ചികിത്സയ്ക്കും മെഡിക്കൽ ആനുകൂല്യം നൽകണം. ആയുർവേദം, ഹോമിയോ തുടങ്ങിയ വിഭാഗങ്ങളെ ഈ പദ്ധതിയിൽ പരിഗണിക്കണം. -ടി.ജെ.പീറ്റർ സംസ്ഥാന കമ്മിറ്റിയംഗം, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 

''പെൻഷൻ മുടങ്ങാതെ ലഭിക്കുന്നുണ്ട്. എന്നാൽ, മറ്റ് ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നില്ല. പെൻഷൻ പരിഷ്കരണ കുടിശികയുടെ മൂന്നും നാലും ഗഡു എത്രയും വേഗം ലഭ്യമാക്കണം.  മെഡിസെപ് പദ്ധതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കി പദ്ധതി ഫലപ്രദമായി നടപ്പാക്കണം. മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന ആശുപത്രികളെ ഇതിൽ ഉൾപ്പെടുത്തണം.  മെഡിക്കൽ അലവൻസ് വർധിപ്പിക്കണം. നാലായിരത്തിലധികം സർവീസ് പെൻഷൻകാർ തൊടുപുഴ സബ് ട്രഷറിയിൽ നിന്ന് ഇപ്പോൾ പ്രതിമാസം പെൻഷൻ വാങ്ങുന്നുണ്ട്. മാസാദ്യ ദിവസങ്ങളിൽ അനുഭവപ്പെടുന്ന തിരക്കുമൂലം പെൻഷൻകാരും മറ്റ് ഇടപാടുകൾക്കു വരുന്ന സാധാരണക്കാരും വളരെ  ബുദ്ധിമുട്ടുന്നു. ഈ സാഹചര്യത്തിൽ തൊടുപുഴയിൽ പെൻഷൻ ട്രഷറി അനുവദിക്കണം. -വി.കെ.മാണി ഇടുക്കി ജില്ലാ സെക്രട്ടറി, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 

''പെൻഷൻ പരിഷ്കരണ കുടിശികയുടെ ശേഷിക്കുന്ന രണ്ടു ഗഡുക്കളും എത്രയും വേഗം നൽകാൻ സർക്കാർ മനസ്സു കാട്ടണം. 2019 ജൂലൈ മുതലുള്ള കുടിശിക തുക 4 ഗഡുക്കളായി നൽകുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിലെ ഉറപ്പ്. ഒന്നും രണ്ടും ഗഡുക്കൾ നൽകി. മൂന്നും നാലും ഗഡുക്കൾക്കായുള്ള കാത്തിരിപ്പു നീളുകയാണ്. മെഡിസെപ് എത്രയും വേഗം നടപ്പിലാക്കണം. പദ്ധതിയുടെ ആനുകൂല്യം കുടുംബാംഗങ്ങൾക്കു കൂടി ലഭിക്കണം. -ആർ.വാസുദേവൻ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം 

''പെൻഷൻ പരിഷ്കരണ കുടിശിക നൽകുമെന്നു പറ‍ഞ്ഞ് ഇറക്കിയ ഉത്തരവു പിന്നീടു സർക്കാർ മരവിപ്പിച്ചു. 2024ൽ കുടിശിക തരാമെന്നാണ് ഇപ്പോൾ പറയുന്നത്. പെൻഷൻ പരിഷ്കരണ കുടിശിക പിടിച്ചുവച്ച ഏക സർക്കാരാണിത്. ആയുഷ്കാലം മുഴുവൻ കഷ്ടപ്പെട്ടവർക്കു ജീവിത സായാഹ്നത്തിൽ ലഭിക്കുന്ന ഏക വരുമാന മാർഗമാണിത്. പെൻഷൻ സമൂഹത്തോട് സർക്കാർ നീതിരഹിതമായി പെരുമാറുകയാണ്. -ടി.എസ്.സലീം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി

''കടുത്ത അവഗണനയാണു പെൻഷൻകാർ നേരിടുന്നത്. ക്ഷാമാശ്വാസ കുടിശികയും മറ്റും കിട്ടാതെയായിട്ടു രണ്ട് മാസമായി. കുടിശികയുടെ രണ്ട് ഗഡു തന്നു. ഇനിയും രണ്ട് ഗഡു കൂടി കിട്ടാനുണ്ട്. -ശിവാനന്ദൻ നായർ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറി

''കഴിഞ്ഞവർഷം വിതരണം ചെയ്യുമെന്ന്  അറിയിച്ചിരുന്ന പെൻഷൻ പരിഷ്കരണ കുടിശിക അനിശ്ചിതമായി നീട്ടി പെൻഷൻകാരെ ബുദ്ധിമുട്ടിക്കുന്ന നടപടിയിൽനിന്നു സർക്കാർ പിന്മാറണം. പെൻഷൻകാർക്കായി നടപ്പാക്കുമെന്നു പറഞ്ഞിരുന്ന ആരോഗ്യ ഇൻഷുറൻസ് ഇനിയും നടപ്പാക്കാത്തത് ക്രൂരതയാണ്. -കെ.സി.വിജയകുമാർ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്, ജില്ലാ പ്രസിഡന്റ് കോട്ടയം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com