ADVERTISEMENT

ചെറുതോണി∙ കനത്തമഴയിലും പിന്തിരിയാത്ത പോരാട്ടവീര്യവുമായി ജനകീയ കൂട്ടായ്മയുടെ അതിജീവന മാർച്ച്. ഇടുക്കിയിലെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന ഭൂപ്രശ്നങ്ങളിൽ വീണ്ടും സമരം ശക്തമാക്കി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം നടക്കുന്ന വാഴത്തോപ്പിലേക്കു സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ചെറുതോണിയിൽ വച്ചു പൊലീസ് തടഞ്ഞു. ഭൂപതിവ് ചട്ട ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം.

മാർച്ച് മുതിർന്ന കുടിയേറ്റ കർഷകൻ ടി.എം.ചാക്കോ തെക്കേടത്ത് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്നു മാർച്ച് ചെറുതോണി പുതിയ പാലത്തിനു സമീപം വച്ച് പൊലീസ് തടഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ.വിനോദ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ഭൂവിഷയങ്ങൾക്കു പരിഹാരമുണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ രണ്ടാം പിണറായി വിജയൻ സർക്കാർ ജനങ്ങളെ കബളിപ്പിച്ചെന്നു ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

ജോണി പൈമ്പിള്ളി, പി.എം.ബേബി, ജോസ്കുട്ടി ഒഴുകയിൽ, ഡയസ് പുല്ലൻ എന്നിവർ പ്രസംഗിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി, അതിജീവന പോരാട്ട വേദി, തോപ്രാംകുടി പട്ടയാവകാശ സമിതി, കിഫ തുടങ്ങി മുപ്പതോളം സംഘടനകളാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നത്. ജനകീയ കൂട്ടായ്മ ചെയർമാൻ കെ.എൻ.ദിവാകരൻ, കൺവീനർ റസാഖ് ചൂരവേലിൽ എന്നിവർ നേതൃത്വം നൽകി.

കനത്ത മഴയെ മറന്നും ഇരുന്നൂറോളം ആളുകൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.വിവിധ സാമുദായിക സംഘടനകളും വ്യാപാരി വ്യവസായി ഏകോപന സമിതിയും അതിജീവന പോരാട്ടവേദിയും ചേർന്നാണു ജനകീയ കൂട്ടായ്മ രൂപീകരിച്ചത്. ഇടുക്കി എഎസ്പി രാജപ്രസാദിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം പ്രതിഷേധ മാർച്ച് അവസാനിക്കുന്നതു വരെ ക്യാംപ് ചെയ്തു. 

ജനകീയ കൂട്ടായ്മയുടെ ആവശ്യങ്ങൾ ഭൂപതിവു ചട്ട ഭേദഗതി

1964 ലെ ഭൂമിപതിവു ചട്ടം അനുസരിച്ച് നൽകിയ പട്ടയ ഭൂമി കൃഷിക്കും വീട് നിർമാണത്തിനും മാത്രമുള്ളതാണ്. റവന്യു വകുപ്പ് നൽകുന്ന കൈവശാവകാശ രേഖയിൽ ഭൂമി എന്ത് ആവശ്യത്തിനാണു പതിച്ചു നൽകിയിരിക്കുന്നതെന്നു വ്യക്തമാക്കാൻ തുടങ്ങിയതും 2019 ഓഗസ്റ്റ് 22ലെ ഉത്തരവ് പ്രകാരം പട്ടയ ഭൂമിയിൽ വീട് ഒഴികെയുള്ള നിർമാണ പ്രവർത്തനങ്ങൾ വിലക്കിയതും ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കി.

ചട്ട ലംഘനം കണ്ടെത്തിയാൽ പട്ടയം റദ്ദു ചെയ്യുന്നതിനും നിർമാണ വസ്തുക്കൾ പിടിച്ചെടുക്കുന്നതിനും ഇൗ ഉത്തരവിൽ വ്യവസ്ഥയുണ്ട്. ഭൂപതിവു ചട്ടം ഭേദഗതി ചെയ്താൽ  അവസാനിക്കുന്ന പ്രശ്നമാണെന്നതിനാൽ പട്ടയ ഭേദഗതി ഉടനെയുണ്ടാവണമെന്നാണു സംഘടനകളുടെ ആവശ്യം. 

നിർമാണ നിരോധനം നീക്കണം

ഇടുക്കി ജില്ലയിലെ 8 വില്ലേജുകളിൽ 2016 മുതൽ നിലനിൽക്കുന്ന നിർമാണ നിരോധനം നീക്കണമെന്നതും വലിയ ആവശ്യമാണ്. ടൂറിസത്തിനു സാധ്യതകളുള്ള  പ്രദേശങ്ങളിൽ നിലനിൽക്കുന്ന നിർമാണ നിരോധനം സംരംഭകരെ പ്രതികൂലമായി ബാധിക്കുന്നു. 

ഷോപ്പ് സൈറ്റുകൾക്ക് പട്ടയം

ഭൂപതിവ് ചട്ട ഭേദഗതി നടപ്പാക്കിയാൽ ഷോപ് സൈറ്റുകൾക്ക് പട്ടയം നൽകുന്നതിൽ തടസ്സങ്ങളുണ്ടാവില്ല. ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിൽ ഉൾപ്പെടെ ഭൂമിയുടെ ഉടമസ്ഥരും കൈവശക്കാരും പട്ടയത്തിന് അർഹരാണെന്ന് റവന്യു വകുപ്പ് പറയുമ്പോഴും ഷോപ് സൈറ്റുകൾക്ക് പട്ടയം നൽകുന്നതിന് വേണ്ടിയുള്ള നിയമ നിർമാണത്തിനോ ഭേദഗതിക്കോ സർക്കാരിനു താൽപര്യമില്ല. രാജാക്കാട്, മൂന്നാർ, കട്ടപ്പന മേഖലയിലാണ് പട്ടയം ഇല്ലാത്ത ഷോപ് സൈറ്റുകൾ കൂടുതലുള്ളത്.

ഷോപ് സൈറ്റുകൾക്ക് പട്ടയത്തിനായുള്ള അയ്യായിരത്തോളം അപേക്ഷകൾ റവന്യു ഓഫിസുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. കർഷകർക്ക് പട്ടയം നൽകിയ 1964ലെ ഭൂപതിവ് ചട്ട പ്രകാരവും 1993ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ ചട്ട പ്രകാരവും ഷോപ് സൈറ്റുകൾക്ക് പട്ടയം നൽകാൻ കഴിയില്ല. അതുകൊണ്ടു തന്നെ നിയമ ഭേദഗതിയിലൂടെ മാത്രമേ വ്യാപാരികൾ പതിറ്റാണ്ടുകളായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം നൽകാൻ സാധിക്കൂ. 

പത്ത് ചെയ്നിലും മൂന്നു ചെയ്നിലും പട്ടയ പ്രശ്നം

പത്ത് ചെയിൻ, മൂന്നു ചെയിൻ, ഉപേക്ഷിക്കപ്പെട്ട മറ്റു പദ്ധതി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പട്ടയത്തിനായി നൂറുകണക്കിനു കുടുംബങ്ങളാണ് കാത്തിരിക്കുന്നത്. ഇവിടങ്ങളിൽ റീസർവേ നടപടികൾ പോലും ആരംഭിക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്.

ബഫർ സോൺ

മതികെട്ടാൻ ചോലയിൽ ഒന്നര കിലോമീറ്റർ ദൂരം ബഫർ സോൺ ആക്കി അന്തിമവിജ്ഞാപനം ഇറങ്ങിയതിൽ ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്. വേണ്ടത്ര കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായാണ് തീരുമാനമുണ്ടായതെന്നാണു സംഘടനകളുടെ ആരോപണം. 

വന്യജീവി ആക്രമണം തടയണം

ജില്ലയിലെ വനാതിർത്തികളോടു ചേർന്ന ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം രൂക്ഷമാണ്. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതിനൊപ്പം കർഷകരുടെയും പ്രദേശവാസികളുടെയും ജീവനു തന്നെ വന്യജീവികൾ ഭീഷണിയാവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com