ADVERTISEMENT

മറയൂർ∙ ദിണ്ടുകൊമ്പിൽ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ചിന്നിച്ചിതറിയതു കാൽനടയാത്ര ദുഷ്കരമാക്കുന്നു. പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും അറവുശാലകളിലെ അവശിഷ്ടങ്ങളും ചേർന്ന മാലിന്യങ്ങളിൽ നിന്നു വമിക്കുന്ന ദുർഗന്ധത്തിൽ വീർപ്പുമുട്ടുകയാണ് നാട്ടുകാർ. രാത്രിയുടെ മറവിൽ റോഡിലും തോട്ടിലുമായി മാലിന്യം തള്ളുന്നത് ഇതുവഴിയുള്ള യാത്രപോലും ദുഷ്കരമാക്കുന്നു. വളരെ നാളായി തുടരുന്ന മാലിന്യപ്രശ്നം പരിഹരിക്കാൻ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.

വേനൽക്കാലത്ത് അടിസ്ഥാന ആവശ്യങ്ങൾക്കായി നാട്ടുകാർ ആശ്രയിക്കുന്നത് ദിണ്ടുകൊമ്പ് റോഡരികിലൂടെ ഒഴുകുന്ന തോടിനെയാണ്. എന്നാൽ തോട്ടിലിറക്കി കന്നുകാലികളെ കുളിപ്പിക്കുന്നതും മത്സ്യവിൽപനയ്ക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ കഴുകുന്നതും മൂലം തോട് മലിനമായി. അടിസ്ഥാനാവശ്യങ്ങൾക്കായി ഈ തോട്ടിലെ വെള്ളം ഉപയോഗിക്കുന്ന ജനങ്ങളെ ഇത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മാലിന്യങ്ങൾ കൂടി തോട്ടിലേക്ക് വലിച്ചെറിയാൻ തുടങ്ങിയതോടെ വെള്ളത്തിൽ നിന്നു ദുർഗന്ധം വമിക്കുന്ന സാഹചര്യമാണ്.

പ്രദേശത്തെ വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾക്കു പുറമേ വളർത്തു മൃഗങ്ങൾ മരണപ്പെട്ടാൽ തോട്ടിലേക്ക് തള്ളുന്നതും പതിവായതോടെ റോഡും തോടും കൂടുതൽ മലിനമായി. റോഡ് സൈഡിൽ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാനായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ദുർഗന്ധം മൂലം ദിണ്ടുകൊമ്പ് റോഡിലൂടെയുള്ള യാത്ര തീർത്തും പ്രയാസകരമായ സാഹചര്യത്തിൽ അധികൃതർ മാലിന്യങ്ങൾ നീക്കം ചെയ്തും മുന്നറിയിപ്പ് ഫലകം സ്ഥാപിച്ചും എത്രയും വേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com