ADVERTISEMENT

മറയൂർ ∙ വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി കർഷകർ. കാട്ടുപോത്ത്, കാട്ടാന, പന്നി, മാൻ, മ്ലാവ് എന്നീ വന്യമൃഗങ്ങളുടെ നിരന്തര ശല്യത്തിനിടയിലാണ് കർഷകർ ജീവിക്കുന്നത്. പലരും കൃഷി ഉപേക്ഷിച്ചു. പ്രദേശത്ത് രാപകലില്ലാതെ വന്യമൃഗങ്ങൾ റോഡിലും കൃഷി സ്ഥലത്തും തമ്പടിക്കുകയാണ്. തിങ്കൾ വൈകിട്ട് പെരടിപള്ളം റോഡിൽ ഒറ്റയാൻ മണിക്കൂറുകളോളം തമ്പടിച്ചിരുന്നു.

ഇതു വഴി യാത്ര ചെയ്യാൻ കഴിയാതെ സാഹചര്യമുണ്ടായി. ബൈക്ക് യാത്രികരായ യുവാക്കളെ കാട്ടാന ആക്രമിക്കുന്ന അവസ്ഥയുമുണ്ടായി. അർധരാത്രി ഒരുമണിയോടെ കീഴാന്തൂർ ശിവൻപന്തിയിൽ സ്വകാര്യ കോട്ടേജ് മുറ്റത്തെത്തിയ 3 കൊമ്പന്മാർ പ്ലാവിൽ നിന്നു ചക്ക അകത്താക്കിയ ശേഷമാണു സ്ഥലംവിട്ടത്. വേലികളും കൊമ്പന്മാർ നശിപ്പിച്ചു. 

വെട്ടുകാട്ടിൽ തരിശുഭൂമിയായ നെൽപാടത്ത് യുവകർഷകൻ സെൽജു.
വെട്ടുകാട്ടിൽ തരിശുഭൂമിയായ നെൽപാടത്ത് യുവകർഷകൻ സെൽജു.

മടുത്തു; ഇനി കൃഷിക്കില്ലെന്ന് സെൽജു

മറയൂർ∙ കാന്തല്ലൂർ വെട്ടുക്കാട്ടിൽ യുവകർഷകനായ വാഴയിൽ സെൽജു ഒടുവിൽ നെൽക്ക‍ൃഷി ഉപേക്ഷിക്കുന്നു. വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണാത്തതാണ് കൃഷി ഉപേക്ഷിക്കാൻ കാരണമെന്നാണു സെൽജു പറയുന്നത്. 40 വയസ്സുള്ള സെൽജു തന്റെ പിതാവിനൊപ്പമാണു കൃഷിപ്പണിക്ക് ഇറങ്ങിയത്. കൃഷിയോടുള്ള താൽപര്യം കൊണ്ട് മറ്റു സംരംഭങ്ങളെല്ലാം വേണ്ടെന്നുവച്ചു. സ്വന്തം കൃഷിസ്ഥലമായി രണ്ടര ഏക്കർ കൂടാതെ മൂന്നേക്കർ പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നുണ്ടായിരുന്നു.

ഒട്ടേറെ ഇനത്തിലുള്ള പഴവർഗങ്ങളും ശീതകാല പച്ചക്കറികളും ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ  സവാള, ഉള്ളി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം സ്ട്രോബറി കൃഷി മാറ്റി പുതിയ ഇനം നെൽക്കൃഷി ചെയ്തു. കഴിഞ്ഞ മാസം 3 കൊമ്പന്മാർ എത്തി നെൽക്കൃഷി നശിപ്പിച്ചു. ഒരു തരി നെല്ല് പോലും കൊയ്തെടുക്കാൻ കഴിഞ്ഞില്ല. ആനച്ചൂര് മാറത്തതിനാൽ ബാക്കിവന്ന പുല്ല് പശുവും തിന്നുന്നില്ല. ഇതോടെ നെൽക്കൃഷി ചെയ്തിരുന്ന സ്ഥലം തരിശുഭൂമിയാക്കി മാറ്റാനാണ് സെൽജുവിന്റെ തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com