ചക്രവാതച്ചുഴിയും ന്യൂനമർദപ്പാത്തിയും; ഇടവേളയില്ലാതെ പരക്കെ മഴ, ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടി

SHARE

തൊടുപുഴ ∙ കേരളത്തിനു മുകളിലെ ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ നീണ്ടുകിടക്കുന്ന ന്യൂനമർദപ്പാത്തിയും മൂലം ജില്ലയിൽ പരക്കെ മഴ. ചൊവ്വാഴ്ച രാത്രി തുടങ്ങിയ മഴ ഇന്നലെ പകലും കാര്യമായ ഇടവേളയില്ലാതെ തുടർന്നു. പലയിടങ്ങളിലും രാത്രിയും മഴ തുടരുകയാണ്. കാലവർഷമെത്തുന്നതിനു മുൻപേ ജില്ലയിൽ മഴ ശക്തമായത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

അങ്ങിങ്ങ് മരം വീണതൊഴിച്ചാൽ ഇതുവരെ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ ഇന്നലെ യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തതു ശരാശരി 13.12 മില്ലീമീറ്റർ മഴയാണ്. തൊടുപുഴ താലൂക്കിലായിരുന്നു കൂടുതൽ മഴ. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. 

ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടി

മഴ തുടരുന്നതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായിത്തുടങ്ങി. ഇടുക്കി അണക്കെട്ടിലേക്ക് 7 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ ജലമാണ് ഇന്നലെ ഒഴുകിയെത്തിയത്. മൂലമറ്റം പവർഹൗസിൽ ശരാശരി 7 ദശലക്ഷം യൂണിറ്റ് പ്രതിദിന വൈദ്യുതി ഉൽപാദനം നടക്കുന്നതിനാൽ ഡാമിലെ ജലനിരപ്പിൽ കാര്യമായ മാറ്റമില്ല.

2339.90 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷിയുടെ 37 ശതമാനമാണിത്. വൃഷ്ടിപ്രദേശത്ത് ഇന്നലെ 10.60 മില്ലിമീറ്റർ മഴ ലഭിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിലുയർന്ന് 130.35 അടിയിലെത്തി. മലങ്കര, പൊന്മുടി, ലോവർ പെരിയാർ, നേര്യമംഗലം ഡാമുകളിലേക്കുള്ള നീരൊഴുക്കിലും വർധനയുണ്ട്.

മുന്നൊരുക്കങ്ങൾ പൂർത്തിയായി:  കലക്ടർ

ശക്തമായ മഴയെത്തുടർന്നുണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിന് ജില്ലയിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ സമിതി (ഡിഇഒസി) അധ്യക്ഷ കൂടിയായ കലക്ടർ ഷീബ ജോർജ് അറിയിച്ചു. കലക്ടറേറ്റിലും എല്ലാ താലൂക്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. എല്ലാ പഞ്ചായത്തിലും കൺട്രോൾ റൂം തുറക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്.

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി, അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടി മാറ്റാൻ കലക്ടർ നിർദേശം നൽകി. റോഡരികിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളിടത്ത് സുരക്ഷാ നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തോട്ടം മേഖലയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റാൻ വനം വകുപ്പിനു നിർദേശം നൽകി. അപകടസാധ്യതാ പ്രദേശങ്ങളിൽ നിന്ന്  മാറ്റിപ്പാർപ്പിക്കേണ്ടി വരുന്നവരുടെ പട്ടിക തയാറാക്കാനും അവർക്കാവശ്യമായ ക്യാംപുകൾ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കാനും താലൂക്ക്, വില്ലേജ്, പഞ്ചായത്ത് വകുപ്പുകൾക്കു നിർദേശം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA