ADVERTISEMENT

തൊടുപുഴ∙ ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു തദ്ദേശ വാർഡുകളിൽ രണ്ടു സീറ്റുകളിൽ എൽഡിഎഫും ഒരു സീറ്റിൽ ബിജെപിയും വിജയിച്ചു. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്ന ഉടുമ്പന്നൂർ പഞ്ചായത്തിലെ 12–ാം വാർഡായ വെള്ളന്താനം സിപിഐ പിടിച്ചെടുത്തപ്പോൾ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ നാലാം വാർഡായ ചേമ്പളം എൽഡിഎഫ് നിലനിർത്തി. ഇടമലക്കുടി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ ആണ്ടവൻകുടിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി നിമലാവതി കണ്ണൻ 21 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തി.

പഞ്ചായത്തംഗമായിരുന്ന കാമാക്ഷി മരിച്ചതിനെത്തുടർന്നായിരുന്നു ഇടമലക്കുടിയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.ഇവിടെ 159 വോട്ടർമാരിൽ 104 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ബിജെപി 54, എൽഡിഎഫ് 33, കോൺഗ്രസ്‌ 17 എന്നിങ്ങനെയാണ് വോട്ടിങ് നില. നിലവിൽ കോൺഗ്രസ്‌ ഭരിക്കുന്ന ഈ പഞ്ചായത്തിൽ കോൺഗ്രസ് – 6, ബിജെപി –5, എൽഡിഎഫ് –2 എന്നിങ്ങനെയാണ് അംഗസംഖ്യ. വെള്ളന്താനത്ത് എൽഡിഎഫിനായി മത്സരിച്ച സിപിഐയിലെ ജിൻസി സാജൻ വിജയിച്ചു.

ജിൻസി സാജന് 612 വോട്ടും യുഡിഎഫിനായി മത്സരിച്ച കോൺഗ്രസിൽ നിന്നുള്ള മിനി ബെന്നിക്ക് 381 വോട്ടും എൻഡിഎക്കായി മത്സരിച്ച ബിജെപിയിൽ നിന്നുള്ള കെ.കെ. ഷൈനി മോൾക്ക് 59 വോട്ടുമാണ് ലഭിച്ചത്. ആകെ 1052 വോട്ടാണ് പോൾ ചെയ്തത്. വനിതാ സംവരണമായ വാർഡിൽ കോൺഗ്രസിലെ ബിന്ദു സജീവ് പഞ്ചായത്തംഗത്വം രാജിവച്ച് വിദേശത്തേക്കു പോയതിനെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

അയ്യപ്പൻകോവിൽ പഞ്ചായത്ത് നാലാം വാർഡ് ചേമ്പളത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഷൈമോൾ രാജൻ 78 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് എൽഡിഎഫ് നിലനിർത്തി. 388 വോട്ടാണ് ഷൈമോൾക്കു ലഭിച്ചത്. യുഡിഎഫിലെ സുനിത ബിജു 310 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി ആശ മോൾ 62 വോട്ടുകൾ നേടി. ആകെ 1010 വോട്ടർമാരുള്ള വാർഡിൽ 760 പേരാണ് വോട്ട് ചെയ്തത്. സിപിഐ പ്രതിനിധിയായിരുന്ന മിനിമോൾ നന്ദകുമാർ പ്രസിഡന്റ് പദവിയും മെംബർ സ്ഥാനവും രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിനു വഴിതുറന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com