ADVERTISEMENT

രാജകുമാരി∙ കൈവശഭൂമിക്ക് ഇതുവരെ പട്ടയം ലഭിക്കാത്ത അപേക്ഷകർക്ക് ഇന്ദിര ആവാസ് യോജന (ഐഎവൈ) ഉൾപ്പെടെയുള്ള സൗജന്യ ഭവന നിർമാണ പദ്ധതികളിൽ ഗുണഭോക്താക്കളാകുന്നതിന് പ്രത്യേക കൈവശരേഖ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2015ൽ സർക്കാർ ഇറക്കിയ മാർഗനിർദേശങ്ങൾ തോട്ടം മേഖലയിലെ നൂറു കണക്കിനു കുടുംബങ്ങൾക്ക് തിരിച്ചടിയാകുന്നു. പരമാവധി 5 സെന്റ് ഭൂമിക്ക് വരെയാണ് റവന്യു വകുപ്പ് കൈവശരേഖ അനുവദിക്കുന്നത്.

അപേക്ഷകർ കഴിഞ്ഞ 17 വർഷമായി ഇൗ സ്ഥലത്ത് താമസമുണ്ടായിരിക്കണമെന്ന നിർദേശമാണ് സാധാരണക്കാരായ തോട്ടം തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നത്. ആധാർ കാർഡ്, റേഷൻ കാർഡ്, തിരിച്ചറിയൽ രേഖകൾ എന്നിവ പരിശോധിച്ച് കൈവശ രേഖ നൽകുന്ന റവന്യു ഉദ്യോഗസ്ഥൻ ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിർദേശം. എന്നാൽ വർഷങ്ങളായി തോട്ടങ്ങളോടു ചേർന്നുള്ള ലയങ്ങളിലോ, വാടക വീടുകളിലോ താമസമാക്കിയവരാണ് എല്ലാ തൊഴിലാളികളും.

ഇവരുടെ തിരിച്ചറിയൽ രേഖകളിൽ പോലും ഇൗ മേൽവിലാസമാണുള്ളത്. ഇക്കാരണത്താൽ പല വില്ലേജുകളിൽ നിന്നും തോട്ടം തൊഴിലാളികൾക്ക് ആവശ്യമായ കൈവശ രേഖ നൽകുന്നില്ലെന്ന് പരാതിയുണ്ട്. ഇക്കാരണത്താൽ അനേകം കുടുംബങ്ങളാണ് സൗജന്യ ഭവന പദ്ധതികളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും വീട് നിർമിക്കാനാകാതെ വിഷമിക്കുന്നത്.

ഒറ്റമുറി പ്ലാസ്റ്റിക് ഷെഡിൽ ആറംഗ കുടുംബം

ഐഎവൈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ആകെയുള്ള 3 സെന്റ് ഭൂമിക്ക് കൈവശ രേഖ ലഭിക്കാത്തതിനാൽ 10 വർഷത്തിലധികമായി ഒറ്റ മുറിയുള്ള പ്ലാസ്റ്റിക് ഷെഡിൽ കഴിയുകയാണ് ചിന്നക്കനാൽ വെലക്ക് സ്വദേശി മാരിമുത്തുവിന്റെ കുടുംബം. മാരിമുത്തുവിന്റെ 66 വയസ്സുള്ള അമ്മ ജ്ഞാനത്തായി, ഭാര്യ റീജ, മക്കൾ പ്ലസ്ടു വിദ്യാർഥിനി‍ പ്രഭാവതി, 10ാം ക്ലാസ് വിദ്യാർഥിനി പ്രവീണ, 7ാം ക്ലാസ് വിദ്യാർഥി പ്രദീപ് എന്നിവരാണ് മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഒറ്റ മുറി ഷെഡിൽ ജീവിതം തള്ളിനീക്കുന്നത്.

കാട്ടാന ശല്യമുള്ള പ്രദേശത്താണ് മാരിമുത്തുവിന്റെ ഷെഡ്. മഴക്കാലത്ത്‍ ഷെഡിന്റെ അകത്തും വെള്ളം ഒഴുകിയെത്തും. ഭക്ഷണം പാകം ചെയ്യുന്നിടത്ത് തന്നെയാണ് ഇൗ ആറംഗ കുടുംബം ഉറങ്ങുന്നതും. ഇൗ ഒറ്റ മുറിയിൽ തന്നെയാണ് ചാക്കു കൊണ്ട് മറച്ച ശുചിമുറിയുള്ളത്. കോവിഡ് കാലത്ത് മക്കളുടെ ഓൺലൈൻ പഠനത്തിനു വാങ്ങിയ ടിവി മാത്രമാണ് ഇവരുടെ കുടിലിലെ ഏക ആഡംബരം.

2013ലും ഐഎവൈ പദ്ധതിയിൽ തന്റെ പേര് ഉൾപ്പെട്ടിരുന്നെന്നും കൈവശ രേഖ ലഭിക്കാത്തതിനാൽ പിന്നീട് ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും മാരിമുത്തു പറയുന്നു. 2015ൽ സർക്കാർ ഇറക്കിയ ഉത്തരവിലെ മാനദണ്ഡങ്ങളാണ് ഇൗ കുടുംബത്തിനും കൈവശരേഖ നൽകുന്നതിനു തടസ്സമായതെന്നാണ് റവന്യു അധികൃതർ പറയുന്നത്. മാരിമുത്തുവിന്റേതു പോലെ അനേകം കുടുംബങ്ങളാണ് വീടെന്ന സ്വപ്നം ചുവപ്പുനാടയിൽ കുരുങ്ങി ഇപ്പോഴും ലയങ്ങളിലും വാടക വീടുകളിലും കഴിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com