ADVERTISEMENT

മൂന്നാർ ∙ തോട്ടം തൊഴിലാളികളുടെ വിരമിക്കൽപ്രായം 58 ൽ നിന്ന് 60 ആക്കാനുള്ള സർക്കാർ തീരുമാനം തൊഴിലാളികൾക്കു മാത്രമല്ല തോട്ടം മേഖലയ്ക്കാകെ ഗുണകരമാവുമെന്നു പ്രതീക്ഷ. നിലവിൽ, കടുത്ത തൊഴിലാളിക്ഷാമമാണ് ഈ മേഖല നേരിടുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ നിയമിക്കുന്നതിനൊപ്പം വിരമിക്കുന്ന തൊഴിലാളികൾക്കു സേവന കാലാവധി നീട്ടിനൽകിയും താൽക്കാലിക തൊഴിലാളികളെ നിയോഗിച്ചുമാണു നിലവിൽ തോട്ടം ഉടമകൾ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ശ്രമിക്കുന്നത്.

ഉത്തരേന്ത്യയിൽ നിന്നു തൊഴിലാളികളെ എത്തിച്ചാണ് കണ്ണൻ ദേവൻ പോലുള്ള വലിയ തോട്ടങ്ങൾ പ്രവർത്തിക്കുന്നത്. പക്ഷേ, ഇവർ സ്ഥിരമായി നിൽക്കുമെന്ന് ഉറപ്പില്ലാത്തതു പ്രശ്നമാണ്. പെൻഷൻ പ്രായ വർധന സംബന്ധിച്ച് 2021 ഫെബ്രുവരി 18ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിരമിക്കൽ പ്രായം ഉയർത്തിയത്. യന്ത്രവൽക്കരണത്തിലൂടെ തൊഴിലാളിക്ഷാമം പരിഹരിക്കാൻ മാനേജ്മെന്റുകൾ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു പരിമിതികൾ ഏറെയാണ്.യന്ത്രങ്ങൾ ഉപയോഗിച്ചു ശേഖരിക്കുന്ന കൊളുന്തിന്റെ ഗുണനിലവാരം കൈകൊണ്ടു ശേഖരിക്കുന്നതിനെക്കാൾ കുറവാണ്.

പുതിയ തീരുമാനം തൊഴിലാളികൾക്കും ആശ്വാസമാണ്. വിരമിക്കുന്ന സമയത്തു മെച്ചപ്പെട്ട ഗ്രാറ്റുവിറ്റി ലഭിക്കുമെന്നതാണ് ഒരു ഗുണം. തോട്ടം തൊഴിലാളികളുടെ വേതന പരിഷ്കരണത്തിനുള്ള സമയം കഴിഞ്ഞു. അതിനാൽ വിരമിക്കൽ കാലാവധി നീട്ടിക്കിട്ടുന്നവർക്ക് അവർ വിരമിക്കുന്നതിനു മുൻപ് വേതന വർധന ഉണ്ടാകുമെന്നതിനാൽ ഗ്രാറ്റുവിറ്റിയും അതിനനുസരിച്ചു കൂടും. വിരമിക്കുന്ന സമയത്തെ വേതനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാറ്റുവിറ്റി കണക്കാക്കുന്നത്. മൂന്നാർ തോട്ടംമേഖലയിൽ ഒട്ടേറെ ഭവനരഹിതരായ തൊഴിലാളികളുണ്ട്. വിരമിക്കുന്ന സമയത്ത് അവർ താമസിക്കുന്ന ലയങ്ങൾ കമ്പനിക്കു വിട്ടുനൽകിയാൽ മാത്രമേ വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.

പലരും ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മൂന്നാർ പഞ്ചായത്തിൽ ലൈഫ് പദ്ധതിക്ക് ഇപ്പോൾ മാത്രമാണ് അനുമതിയായത്. അടുത്ത രണ്ട് വർഷത്തിനിടെ ഈ പദ്ധതിപ്രകാരം വീട് ലഭിക്കുമെന്നതിനാൽ വിരമിക്കുമ്പോൾ ഇവർക്കു സമാധാനമായി ലയങ്ങൾ തിരിച്ചുനൽകി ആനുകൂല്യങ്ങൾ കൈപ്പറ്റാം. കണ്ണൻ ദേവൻ കമ്പനിയിൽ 10000 സ്ഥിരം തൊഴിലാളികളും 1800 താൽക്കാലികക്കാരുമാണ് ഉള്ളത്. തലയാറിൽ 500, ഹാരിസൺ 435, ടാറ്റയുടെ പള്ളിവാസൽ, പെരിയകനാൽ എസ്റ്റേറ്റുകളിലായി 1020 എന്നിങ്ങനെയാണ് മറ്റു തോട്ടങ്ങളിലെ തൊഴിലാളികളുടെ എണ്ണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com