ADVERTISEMENT

തൊടുപുഴ ∙ പാചകവാതക വിലവർധനയിൽ നട്ടംതിരിയുന്ന ജനത്തിന് ഇടിത്തീയായി പച്ചക്കറി വിപണിയിലെ വിലക്കയറ്റം. തക്കാളി, ബീൻസ്, മുരിങ്ങക്കായ എന്നിവയുടെ വില കേട്ടാൽ തന്നെ വയറു നിറയും !. ഒരു കിലോഗ്രാം തക്കാളിക്ക് 100–120 രൂപ വരെയാണ് ചില്ലറവില. ഒരാഴ്ച മുൻപു 40 രൂപയായിരുന്നു. ബീൻസിന് ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയായി. ഇന്നലെ 100 രൂപയായിരുന്നു വില. മുരിങ്ങക്കായ വില 120 രൂപയിൽ എത്തിനിൽക്കുകയാണ്. വള്ളിപ്പയർ കിലോഗ്രാമിന് 80 രൂപ, വഴുതനങ്ങ 50 രൂപ എന്നീ നിരക്കിലാണ് വിൽപന.

മറ്റു പച്ചക്കറികൾക്ക് വിലയിൽ കാര്യമായ മാറ്റമില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ ഉയരാൻ സാധ്യത ഉണ്ടെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. ജില്ലയിലെ പല ടൗണുകളിലും പച്ചക്കറികൾക്കു 5 മുതൽ 20 രൂപ വരെ വിലയിൽ വ്യത്യാസമുണ്ട്. ഒരു സ്ഥലത്തു തന്നെ പല കടകളിലും വ്യത്യസ്ത നിരക്കുകളിലാണ് വിൽപന. പാചകവാതകത്തിനു പിന്നാലെ പച്ചക്കറിക്കും വില കൂടിയതോടെ അടുക്കളയിൽ ആധിയേറുകയാണ്.

ഇതര സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടർന്നു പച്ചക്കറിയുടെ വരവു കുറഞ്ഞതാണു വില കൂടാൻ കാരണമായി വ്യാപാരികൾ പറയുന്നത്. വില ഉയർന്നതോടെ വിൽപന ഗണ്യമായി കുറഞ്ഞതായും ഇവർ പറയുന്നു. വിലവർധന ഹോട്ടലുടമകളെയും പ്രതിസന്ധിയിലാക്കുന്നു. കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് പതിയെ കരകയറുന്നതിനിടെയാണ് പാചകവാതകം, ഇന്ധനം, പച്ചക്കറി തുടങ്ങി എല്ലാറ്റിനും വില കുതിച്ചുയരുന്നത്.

അനിയന്ത്രിത വിലക്കയറ്റം കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുകയാണ്. സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ നിത്യോപയോഗ സാധനങ്ങൾക്കുണ്ടായ വിലക്കയറ്റം സാധാരണ കുടുംബങ്ങളെ സാരമായി ബാധിക്കും.വിലക്കയറ്റം തടയാൻ വിപണിയിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.

മറ്റു പച്ചക്കറികളുടെ ചില്ലറവില (കിലോഗ്രാമിന്): 

കാരറ്റ്–40–50, വെണ്ടയ്ക്ക–50, പാവയ്ക്ക–70, പടവലങ്ങ–50, കോവയ്ക്ക–50, കാബേജ്–40, ബീറ്റ്റൂട്ട്–50, ചുവന്നുള്ളി–40, സവാള–20, മത്തങ്ങ–20, വെള്ളരിക്ക–25, ഇഞ്ചി–50, പച്ചമുളക്–40.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com