ADVERTISEMENT

ചെറുതോണി ∙ ബസ് കാത്തിരിപ്പു കേന്ദ്രം പോലും ഇല്ലാത്ത ജില്ലാ ആസ്ഥാനം എന്ന് ഇനി വിശേഷിപ്പിക്കേണ്ട, ചെറുതോണിയിലെ ബസ് സ്റ്റാൻഡിന്റെയും അനുബന്ധമായി ജില്ലാ പഞ്ചായത്ത് നിർമിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന്റെയും നിർമാണം അതിവേഗം പുരോഗമിക്കുന്നു. പ്രളയത്തിൽ താറുമാറായ ചെറുതോണി ടൗണിന്റെ മുഖഛായ മാറ്റുന്നതിനു രണ്ടു വർഷം മുൻപ് റോഷി അഗസ്റ്റിൻ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ഒന്നാം ഘട്ടമായി അനുവദിച്ചതോടെയാണ് ബസ് സ്റ്റാൻഡിന്റെ നിർമാണം ആരംഭിച്ചത്. ഇടുക്കി പൊലീസ് സ്റ്റേഷനു സമീപം ജില്ലാ പഞ്ചായത്ത് വിട്ടുനൽകിയ സ്ഥലം വീതി കൂട്ടി നിരപ്പാക്കിയെടുക്കുകയാണ് ആദ്യം ചെയ്തത്.

തുടർന്ന് ജില്ലാ പഞ്ചായത്ത് ഇവിടെ ആധുനിക രീതിയിലുള്ള വ്യാപാര സമുച്ചയം നിർമിക്കുന്നതിനു തുക അനുവദിച്ചു. തറനിരപ്പിൽ മാത്രം 80,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമാണത്തിനു 2 കോടി രൂപയാണ് വകയിരുത്തിയത്. പണി ആരംഭിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ 24 മുറികളുള്ള ഒരു നില ഏതാണ്ട് പൂർത്തിയായി. തറയുടെയും വൈദ്യുതീകരണത്തിന്റെയും മറ്റും ജോലികളുമാണ് ഇനി അവശേഷിക്കുന്നത്. ഇതിനിടയിൽ പദ്ധതിയുടെ രണ്ടാം ഘട്ടമായി റോഡ് നിർമാണവും ആരംഭിച്ചു.

ഇതിനായി 50 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചത്. പൊലീസ് സ്റ്റേഷനു മുന്നിലൂടെയുള്ള റോഡ് വീതി കൂട്ടി പുനർനിർമിച്ച് നിർദിഷ്ട ബസ് സ്റ്റാൻഡിലൂടെ കടന്ന് തിയറ്റർ പടിക്കലേക്ക് വൺവേ മാതൃകയിലാണ് എത്തിക്കുന്നത്. ഇതിനായി ചെറുതോണിപ്പുഴയ്ക്കു കുറുകെ ഒരു പാലവും വേണ്ടിയിരുന്നു. റോഡിന്റെയും പാലത്തിന്റെയും നിർമാണവും അവസാനഘട്ടത്തിലാണ്. നിർദിഷ്ട ബസ് സ്റ്റാൻഡിനും തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയ്ക്കും ഇടയിലൂടെ ഒഴുകുന്ന ചെറുതോണിപ്പുഴയ്ക്ക് സംരക്ഷണഭിത്തി കെട്ടുന്നതിനും ഇതോടൊപ്പം പദ്ധതിയുണ്ട്.

ഇറിഗേഷൻ വകുപ്പ് ഇതിനായി ഒരു കോടി രൂപ അനുവദിച്ചു കഴിഞ്ഞു. പദ്ധതിയുടെ അവസാന ഘട്ടമായി ബസ് സ്റ്റാൻഡിനോടു അനുബന്ധിച്ച് കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററും ടാക്സി സ്റ്റാൻഡും നിർമിക്കുന്നതിനും ലക്ഷ്യമുണ്ട്. ബസ് സ്റ്റാൻഡ് യാഥാർഥ്യമാകുന്നതിനൊപ്പം ടൗണിൽ നിന്നു മെഡിക്കൽ കോളജ് വരെയുള്ള ഭാഗം വീതി കൂട്ടി നിർമിക്കുന്നതിനുള്ള പദ്ധതി കൂടി ലക്ഷ്യം കണ്ടാൽ ജില്ലാ ആസ്ഥാനത്തെ ഗതാഗതക്കുരുക്കിനും പരിഹാരമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com