ADVERTISEMENT

രാജകുമാരി∙ മുതുവാൻ സമുദായത്തിനെതിരെ വിവാദ പരാമർശം നടത്തിയ എം.എം.മണി എംഎൽഎക്കെതിരെ ആദിവാസി ക്ഷേമ സമിതി പ്രവർത്തകർ മേൽ കമ്മിറ്റിക്ക് നൽകിയ പരാതി സിപിഎം നേതൃത്വം ഇടപെട്ട് ഒത്തുതീർപ്പാക്കി. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളുൾപ്പെടെ 10 ആദിവാസി ക്ഷേമ സമിതി നേതാക്കളാണ് എം.എം.മണിക്കെതിരെ ആദിവാസി ക്ഷേമ സമിതി ശാന്തൻപാറ ഏരിയ പ്രസിഡന്റിന് പരാതി നൽകിയത്. ‍

ആദിവാസി ക്ഷേമ സമിതി ജില്ലാ സമ്മേളനത്തിലും പിന്നീട് ഇടമലക്കുടി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വിജയിച്ചതിനുശേഷവും എം.എം.മണി മുതുവാൻ വിഭാഗത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചെന്നായിരുന്നു ഇവരുടെ പരാതിയിലെ ആരോപണം. ആദിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരും എകെഎസ് നേതൃത്വവും തയാറായില്ലെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു.

പ്രശ്നം പരിഹരിക്കാതെ അടിമാലിയിൽ വച്ച് നടക്കുന്ന എകെഎസ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റിയംഗങ്ങളായ ചെമ്പകത്തൊഴുക്കുടി സ്വദേശി പി.രാമചന്ദ്രൻ, ആർ.രാധാകൃഷ്ണൻ, സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.ലക്ഷ്മണൻ, എകെഎസ് നേതാക്കളായ എസ്.മനു, എം.വിജയകുമാർ, സി.മനോഹരൻ, ആർ.രാജപ്പൻ, ആർ.രാജൻ, പി.മരുത്‌മുത്തു, പി.എസ്.ശശി എന്നിവരാണ് പരാതിയിൽ ഒപ്പിട്ടിരുന്നത്.

ഇവരുടെ പരാതി സംബന്ധിച്ച മാധ്യമ വാർത്തകളെ തുടർന്ന് സിപിഎം പ്രാദേശിക നേതാക്കൾ ഇടപെട്ട് ഇവരുമായി ശാന്തൻപാറയിൽ വച്ച് ചർച്ച നടത്തി ഒത്തു തീർപ്പിലെത്തുകയായിരുന്നു. പ്രശ്നങ്ങളിൽ ഇടപെടുമെന്ന് സിപിഎം നേതാക്കൾ ഉറപ്പ് നൽകിയതോടെയാണ് പരാതിക്കാരായ സിപിഎം പ്രവർത്തകർ എകെഎസ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. എം.എം.മണിക്കെതിരെ ആദിവാസി ക്ഷേമ സമിതിയംഗങ്ങളായ പാർട്ടി അംഗങ്ങൾ പരാതിയുമായി രംഗത്തു വന്ന സാഹചര്യം പാർട്ടി ഏറെ ഗൗരവത്തോടെയാണു നോക്കിക്കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com