ADVERTISEMENT

നെടുങ്കണ്ടം ∙ നെടുങ്കണ്ടം ടൗൺ ഫീഡറിൽ ഏരിയൽ ബഞ്ച്ഡ് കേബിൾ പദ്ധതിയുമായി കെഎസ്ഇബി. രണ്ടരക്കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കേബിൾ സ്ഥാപിച്ച് അതിലൂടെ വൈദ്യുതിവിതരണത്തിന് എത്തിക്കുന്നതിനാണ് കെഎസ്ഇബിയുടെ ബൃഹദ് പദ്ധതി. നെടുങ്കണ്ടം സബ് സ്റ്റേഷൻ മുതൽ 11.5 കിലോമീറ്റർ ദൈർഘ്യത്തിലാണ് കേബിളുകൾ സ്ഥാപിക്കുന്നത്. 30 മീറ്റർ ദൂരത്തിൽ ഇടവിട്ട് പോസ്റ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി കെഎസ്ഇബി ആരംഭിച്ചു.

11.5 കിലോമീറ്ററിനിടെ 300 പോസ്റ്റുകൾ സ്ഥാപിക്കും. തുടർന്ന് കരാറെടുത്ത കമ്പനി കേബിൾ സ്ഥാപിക്കും. നെടുങ്കണ്ടം ടൗൺ ഫീഡറിൽ വൈദ്യുത പ്രതിസന്ധി രൂക്ഷമാണ്. മഴക്കാലമായാൽ വൈദ്യുതി പൂർണമായി ഇല്ലാതാകും. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന എം.എം.മണി ഇടപെട്ടാണ് ടൗൺ ഫീഡറിൽ കേബിൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. 2 മാസം മുൻപ് ടെൻഡർ നടപടി പൂർത്തിയാക്കി. തോട്ടം മേഖലയിൽ മഴക്കാലത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്.

മഴ പെയ്താലും, കാറ്റടിച്ചാലും മരക്കൊമ്പും മരങ്ങളും ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീഴുന്നതോടെ വൈദ്യുത ബന്ധം വിഛേദിക്കപ്പെടും. പോസ്റ്റുകളടക്കം ഒടിഞ്ഞ് ഭീമമായ നഷ്ടം പതിവാണ്. ദിവസങ്ങളെടുത്താണ് കെഎസ്ഇബി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നത്. പുതിയ കേബിൾ സ്ഥാപിക്കുന്നതോടെ മരക്കൊമ്പ് വീണാലും വൈദ്യുത ബന്ധം തടസ്സപ്പെടില്ല. കേബിളിനുള്ളിലൂടെ 11 കെവി ലൈനാണ് കടന്നുപോകുന്നത്. ഇപ്പോൾ പ്രസരണം നടത്തുന്ന ലൈനുകളും മാറ്റില്ല.

കേബിളിനുള്ളിലൂടെ നടത്തുന്ന വൈദ്യുത വിതരണത്തിന് തടസ്സം നേരിട്ടാലും പകരമായി ഇപ്പോഴുള്ള വൈദ്യുത ലൈൻ ഉപയോഗിക്കാവുന്ന വിധത്തിലാണ് കെഎസ്ഇബി മാസ്റ്റർ പ്ലാൻ തയാറാക്കിയത്. ഇതിന് പുറമേ, ഗാർഹിക കണക്‌ഷനുകൾ നൽകുന്ന വൈദ്യുത പ്രസരണ ലൈനുകളിൽ സ്പേസർ സ്ഥാപിച്ചു തുടങ്ങി. മഴക്കാലത്ത് വൈദ്യുതി തടസ്സമുണ്ടാകിതിരിക്കാനും ലൈനുകൾ കൂട്ടിപ്പിണഞ്ഞുള്ള അപകടം ഒഴിവാക്കാനുമാണ് സ്പേസറുകൾ വൈദ്യുത ലൈനുകളിൽ ഘടിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com