ADVERTISEMENT

നെടുങ്കണ്ടം ∙ ‘‘വീട് സ്വന്തമായി വയ്ക്കാനൊന്നും ആവതില്ല. മുൻപ് പ്ലാസ്റ്റിക് ഷീറ്റിന്റെ ഷെ‍ഡായിരുന്നു. പിന്നെ അമ്മയ്ക്ക് അസുഖം വന്നപ്പോൾ ജോലിക്കു പോയ വീടുകളിൽ നിന്നു ലഭിച്ച പഴയ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിച്ച് മറച്ച് ഒരു ഷെഡ്ഡുണ്ടാക്കി. ശുചിമുറിയൊക്കെ ഞങ്ങൾ സ്വന്തമായി ഉണ്ടാക്കിയതാ. ആദ്യം ചാക്ക് മറച്ചായിരുന്നു. പിന്നെ പിള്ളേരൊക്കെ വരുമ്പോൾ വിഷമം തോന്നി. അങ്ങനെയാണ് ശുചിമുറി സ്വന്തമായി ഉണ്ടാക്കിയത്.’’ ഇത് നെടുങ്കണ്ടം കല്ലാറ്റിൽ താമസിക്കുന്ന പാറയിൽ ഗീത വേണു (53)വിന്റെ വാക്കുകളാണ്. വീടിന്റെ അവസ്ഥ വളരെ മോശം. നല്ലൊരു കാറ്റ് വീശിയാൽ നിലംപതിക്കും.

ഗീതയുടെ ഭർത്താവിന് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ട്. 17 വർഷമായി ശ്വാസംമുട്ടലിനുള്ള മരുന്ന് കഴിക്കുന്നുണ്ട്. കുടുംബം മുന്നോട്ടു പോകണമെങ്കിൽ ജോലിക്കു പോകണം. വേണു ജോലിക്കു പോയാണ് കുടുംബം പുലർത്തുന്നത്. മുൻപ് ഗീത ജോലിക്ക് പോയിരുന്നു. കോവിഡ് വന്നതിന് ശേഷം ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഇതോടെ ജോലിക്കു പോകാതായി. കഴിഞ്ഞ വർഷം അമ്മ രാജമ്മ (91) മരിച്ചു.

അമ്മയെ സുരക്ഷിതയാക്കാനാണ് പ്ലാസ്റ്റിക് ഷെഡ് മാറ്റി ആസ്ബസ്റ്റോസ് ഷീറ്റാക്കിയത്. രണ്ടു പെൺമക്കളെയും വിവാഹം കഴിച്ചയച്ചു. രാത്രിയായാൽ അട്ടകൾ വീടിനുള്ളിൽ കയറിവരും. പേരക്കുട്ടികൾ വരുമ്പോൾ അവർക്കു പേടിയാണ്. ലോറികളിൽ ലോഡ് നനയാതിരിക്കാനായി ഉപയോഗിക്കുന്ന പടുത ഒരാൾ വെറുതേ തന്നു. ഇത് ഉപയോഗിച്ചാണ് മുറികൾ മറച്ചത്. നിലത്ത് പ്ലാസ്റ്റിക് വിരിച്ചാണ് തറ. കഴിഞ്ഞ 7 വർഷമായി വീടിന് പലയിടത്തും അപേക്ഷ നൽകി.

ഇത്തവണ ലൈഫ് മിഷൻ ലിസ്റ്റിൽ ഉൾപ്പെട്ടു എന്നു പറയുന്നുണ്ട്. അന്തിമ പട്ടിക പ്രഖ്യാപിക്കാത്തതിനാൽ അതും അറിയില്ല. എങ്കിലും വീടു കിട്ടുമെന്നാണ് പ്രതീക്ഷ. 3 സെന്റ് സ്ഥലത്താണ് ഷെഡ്ഡിരിക്കുന്നത്. മഴയായാൽ ചോർന്നൊലിക്കും. പാറക്കെട്ടിനോടു ചേർന്നാണ് വീട്. മഴ പെയ്താൽ വെള്ളക്കെട്ടും രൂപപ്പെടും. മഴക്കാലം പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ അടച്ചുറപ്പുള്ള വീട് വേണമെന്നുള്ളത് മാത്രമാണ് ഇവരുടെ സ്വപ്നം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com