ADVERTISEMENT

തൊടുപുഴ∙ സ്കൂൾ തുറക്കും മുൻപു പരമാവധി കുട്ടികൾക്കു കോവിഡ് വാക്സീൻ നൽകാൻ പ്രത്യേക വാക്സിനേഷൻ യജ്ഞവുമായി ആരോഗ്യവകുപ്പ്. 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സീൻ വിതരണമാണ് ജില്ലയിൽ ഊർജിതമാക്കിയിരിക്കുന്നത്. ഈ പ്രായക്കാരായ 17,829 പേർ ആദ്യ ഡോസും 5,710 പേർ രണ്ടാം ഡോസുമെടുത്തു. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ ഈ വിഭാഗത്തിൽ ആകെ 41,180 കുട്ടികൾക്കാണ് വാക്സീൻ നൽകേണ്ടത്.

ഇതുപ്രകാരം ആദ്യ ഡോസ് വാക്സിനേഷൻ 43 ശതമാനം പിന്നിട്ടതേ ഉള്ളൂ. അവധിക്കാലത്ത് വാക്സീനെടുക്കാനുള്ള സൗകര്യവും        ബോധവൽക്കരണവുമെല്ലാമുണ്ടായിട്ടും കുട്ടികൾക്കു വാക്സീൻ നൽകാൻ രക്ഷിതാക്കളിൽ പലരും തയാറാകാത്തതു വാക്സിനേഷനെ ബാധിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് സ്കൂളുകളിൽനിന്ന് അധ്യാപകർ രക്ഷിതാക്കളെ വിളിച്ച് കുട്ടികൾക്കു വാക്സീൻ നൽകുന്നതു സംബന്ധിച്ച് നിർദേശം നൽകുന്നുണ്ട്.

ഇതോടെ, കൂടുതൽ പേർ ഇപ്പോൾ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട്. സ്കൂൾ തുറക്കുന്നതു കണക്കിലെടുത്ത് ഈ മാസം 31നകം ആദ്യഡോസ് വാക്സിനേഷൻ ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ആർസിഎച്ച് ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. സിബി ജോർജ് പറഞ്ഞു. കോർബെവാക്സ് വാക്സീനാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് നൽകുന്നത്. 28 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് എടുക്കാം.

വീടിനു തൊട്ടടുത്ത സർക്കാർ ആരോഗ്യ കേന്ദ്രത്തിലെത്തി വാക്സീൻ സ്വീകരിക്കാം. കോവിൻ പോർട്ടൽ വഴി റജിസ്റ്റർ ചെയ്തോ നേരിട്ട് വാക്സിനേഷൻ കേന്ദ്രത്തിലെത്തി റജിസ്റ്റർ ചെയ്തോ വാക്സീൻ സ്വീകരിക്കാം. 12 വയസ്സ് പൂർത്തിയായ കുട്ടികൾക്ക് മാത്രമേ റജിസ്റ്റർ ചെയ്യാൻ സാധിക്കൂ. വാക്സീൻ സ്വീകരിക്കാൻ എത്തുമ്പോൾ സ്കൂൾ ഐഡി കാർഡോ ആധാറോ കൊണ്ടുവരണം.  

12–14 വയസ്സുകാരുടെ വാക്സിനേഷൻ

വാക്സീൻ നൽകേണ്ട ആകെ കുട്ടികൾ: 41,180, ആദ്യ ഡോസ് സ്വീകരിച്ചവർ: 17,829 (43.29%), രണ്ടാം ഡോസ് സ്വീകരിച്ചവർ: 5,710 (13.86%)

15–17 വയസ്സുകാരുടെ വാക്സിനേഷൻ

വാക്സീൻ നൽകേണ്ട ആകെ കുട്ടികൾ: 52,124, ആദ്യ ഡോസ് സ്വീകരിച്ചവർ: 37,011 (71.01%), രണ്ടാം ഡോസ് സ്വീകരിച്ചവർ: 27,089 (51.97%)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com