ADVERTISEMENT

തൊടുപുഴ∙ പി.കെ.സുരേഷിനും ഭാര്യ ആർഎൽവി ലതയ്ക്കും ഭരതനാട്യം കുടുംബകാര്യമാണ്. അമ്മയും അച്ഛനും രണ്ടു മക്കളും ചേർന്നുള്ള ഭരതനാട്യത്തിന്റെ വേറിട്ട ആവിഷ്കാരം വേദിയിലെത്തുമ്പോൾ സഫലമാവുന്നത് ഈ കുടുംബത്തിന്റെ നൃത്തസപര്യയാണ്. പടിഞ്ഞാറേ കോടിക്കുളം സർക്കാർ ഹൈസ്കൂളിലെ മുൻ മലയാളം അധ്യാപകൻ പി.കെ.സുരേഷ്, ഭാര്യ ആർഎൽവി ലത, മകൾ മീനാക്ഷി, മകൻ ശ്രീഹരി എന്നിവരാണു സമന്വയം നൃത്താവിഷ്കാരം ഒരുക്കുന്നത്.

ഇന്നു വൈകിട്ട് 4നു തൊടുപുഴ ഷെറോൺ ഓഡിറ്റോറിയത്തിലാണ് പരിപാടി. വീട്ടിലെ നാലു പേരും നൃത്തം ചെയ്യുമെങ്കിലും ഒന്നിച്ച് ഒരു വേദിയിൽ നൃത്തം അവതരിപ്പിക്കണമെന്ന ആഗ്രഹം മറ്റു തിരക്കുകൾ കാരണം നടക്കാതെ പോവുകയായിരുന്നു. സ്റ്റേജ് ഒരുങ്ങിയെങ്കിലും കോവിഡ് രൂക്ഷമായതോടെ പരിപാടി നടക്കാതെപോയി. തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളജിൽ നിന്നു ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചിപ്പുഡിയിലും പോസ്റ്റ് ഡിപ്ലോമ നേടിയ ലത കാൽ നൂറ്റാണ്ടിലേറെയായി നൃത്താധ്യാപികയാണ്.

സുരേഷ് 1996ലെ എംജി സർവകലാശാല ബിഎഡ് കലോത്സവത്തിൽ ഭരതനാട്യം, കുച്ചിപ്പുഡി, നാടോടി നൃത്തം, മോഹിനിയാട്ടം എന്നിവയിൽ ഒന്നാമതെത്തി കലാപ്രതിഭയായിരുന്നു. അധ്യാപക ജോലിയിൽ നിന്നു വിരമിച്ച ശേഷം അണ്ണാമല സർവകലാശാലയിൽ ഭരതനാട്യം എംഎ പഠിക്കുന്നു. അച്ഛനു കൂട്ടായി എംബിഎ വിദ്യാർഥിനിയായ മകൾ മീനാക്ഷിയും ഇതേ കോഴ്സിനു ചേർന്നിട്ടുണ്ട്. സിബിഎസ്ഇ സഹോദയ കലോത്സവത്തിലെ കലാതിലകമായിരുന്നു മീനാക്ഷി.

2020ൽ തൊടുപുഴ അൽ അസ്ഹർ കോളജിൽ നടന്ന എം ജി കലോത്സവത്തിൽ ഭരതനാട്യത്തിൽ സമ്മാനം നേടി. എട്ടാം ക്ലാസിലേക്ക് എത്തിയ മകൻ ശ്രീഹരിയും സ്കൂൾ കലോത്സവ നൃത്തവേദിയിൽ മികവു തെളിയിച്ചു. തൊടുപുഴയിൽ ചിദംബരം സ്കൂൾ ഓഫ് ഡാൻസിന്റെ ഡയറക്ടറാണ് ആർഎൽവി ലത. ആർഎൽവി കോളജിലെ ഭരതനാട്യ വിഭാഗം മുൻ മേധാവി കലാക്ഷേത്രം വിലാസിനി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. സ്‌കൂളിലെ നൃത്ത വിദ്യാർഥികളുടെ അരങ്ങേറ്റവും ഇതോടൊപ്പം നടക്കുമെന്നു പി.കെ.സുരേഷ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com