ADVERTISEMENT

തൊടുപുഴ ∙ മഴ തകർത്തു, കുളമായി തൊടുപുഴ. ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴയിൽ നഗരത്തിൽ പല ഭാഗവും വെള്ളത്തിലായി. വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതവും താറുമാറായി. മൂവാറ്റുപുഴ റോഡിൽ റോട്ടറി ജംക്‌ഷൻ, മണക്കാട് പഴയ റോഡ്, മങ്ങാട്ടുകവല– കാരിക്കോട് റോഡ്, കാഞ്ഞിരമറ്റം ജംക്‌ഷൻ, കെഎസ്ആർടിസി ജംക്‌ഷനു സമീപം ഇടുക്കി റോഡ്, പാലാ റോഡ് എന്നിവിടങ്ങളിൽ വെള്ളം  ഉയർന്ന് ഇതുവഴിയുള്ള ഗതാഗതം താറുമാറായി.

ഇന്നലെ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടിലായ മങ്ങാട്ടുകവല - കാരിക്കോട് റോഡിലൂടെ ഇരുചക്രവാഹനം ഒടിച്ചു വരുന്നതിനിടയിൽ വെള്ളം കയറി ഓഫായപ്പോൾ ‍ തളളി മറുവശത്ത് എത്തിക്കാൻ ശ്രമിക്കുന്ന യാത്രക്കാരൻ.

റോട്ടറി ജംക്‌ഷനിൽ ഓടകൾ നിറഞ്ഞ് വെള്ളം റോഡിലേക്ക് കയറിയതോടെയാണ് ഇവിടെ ഏറെ നേരം ഗതാഗതം താറുമാറായത്. ഇതിനു സമീപം വടക്കുമുറി ജംക്‌ഷനിലും ഏറെ നേരം വെള്ളക്കെട്ട് ഉണ്ടായി. മങ്ങാട്ടുകവല– കാരിക്കോട് റോഡിൽ മങ്ങാട്ടുകവല മുതൽ ജില്ല ആശുപത്രി കവാടം വരെയുള്ള ഭാഗത്ത് വെള്ളം ഉയർന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇതുവഴി പോകേണ്ട ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ന്യൂമാൻ കോളജിനു സമീപമുള്ള റോഡിലൂടെ കാരിക്കോട് എത്തിയാണ് പോയത്.

ഇന്നലെ പെയ്ത കനത്ത മഴയിൽ പഴയ മണക്കാട് റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാർ വെള്ളക്കെട്ടിലായപ്പോൾ.

പാലാ റോഡിൽ നിന്ന് പഴയ മണക്കാട് റോഡിൽ വെള്ളം ഉയർന്നതോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ വെള്ളത്തിലായി. ഇവിടെയുള്ള കടകളിലും വെള്ളം കയറി. കൂടാതെ ഇടുക്കി റോഡിലും, പാലാ റോഡിൽ ബസ് സ്റ്റാൻഡിനു സമീപവും, കാരിക്കോട് ഭാഗത്തും, വെള്ളം ഉയർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.  കനത്ത മഴയിൽ കാരിക്കോട് മേരി റാണി ബാലിക ഭവന്റെ മതിൽ ഒരു ഭാഗം റോഡിലേക്ക്  ഇടിഞ്ഞു വീണു. 

കനത്ത മഴയിൽ മുതലിയാർമഠം കുറുമ്പലത്ത് ലക്ഷ്മിയമ്മയുടെ വീടിനുള്ളിൽ വെള്ളം കയറിയപ്പോൾ

അധികൃതർ വാക്കുപാലിച്ചില്ല; ലക്ഷ്മിയമ്മ വെള്ളത്തിൽ

തൊടുപുഴ ∙ ഓടയിലെ വെള്ളം കയറി വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് നഗരസഭ ഓഫിസിൽ കിടപ്പു സമരത്തിനെത്തിയ മുതലിയാർമഠം കുറുമ്പലത്ത് ലക്ഷ്മിയമ്മയുടെ  വീട്ടിൽ ഇന്നലെ വൈകിട്ടത്തെ മഴയിൽ വെള്ളം കയറി. സമീപവാസി മണ്ണിട്ടും മക്കിട്ടും തടസ്സപ്പെടുത്തിയ നീരൊഴുക്കു സുഗമമാക്കി  ജീവ സുരക്ഷ ഉറപ്പാക്കുമെന്നു പറഞ്ഞ അധികൃതർ  വിളിച്ചിട്ട് ഫോൺ പോലും  എടുക്കുന്നില്ലെന്നാണ് പരാതി. 

വെള്ളം കെട്ടി നിന്നതിനെത്തുടർന്ന്  കടപുഴകിയ മരം  വീണ് വീടിന്റെ ഓടും ഭിത്തിയും തകർന്നു. കാൽ നൂറ്റാണ്ടായി താമസിക്കുന്ന വീട്ടിൽ ഒരു വർഷത്തിലേറെയായി  തുടരുന്ന ദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് രണ്ടാഴ്ച മുൻപ്  ലക്ഷ്മിയമ്മ(82) നഗരസഭ  ഓഫിസിൽ കിടപ്പു സമരത്തിന് എത്തിയത്. ഓടയിലെ വെള്ളം കയറി രൂപപ്പെടുന്ന വെള്ളക്കെട്ട് മൂലം വീട്ടിൽ കിടക്കാനോ പ്രാഥമിക ആവശ്യങ്ങൾ നടത്താനോ കഴിയാത്ത  സാഹചര്യമാണെന്നും വീട് തകർന്നേക്കും എന്ന   ഭയമുണ്ടെന്നും ഇവർ അധികൃതരെ അറിയിച്ചു. 

നഗരസഭ, ജില്ലാ കലക്ടർ , മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ തുടങ്ങിയവർക്ക് പരാതി നൽകിയതിൽ നടപടിക്ക് നിർദേശമുണ്ടെന്നും ഉടൻ പ്രശ്നത്തിന്  പരിഹാരം ഉണ്ടാക്കുമെന്നും ഉറപ്പ് നൽകി അധികൃതർ ഇവരെ അന്ന് മടക്കി അയച്ചു.  പക്ഷേ ഒരു നടപടിയും എടുത്തില്ല. 

തൊടുപുഴയെ മുക്കിയത് ഇവർ

∙ മഴക്കാല പൂർവ ശുചീകരണം നടത്താത്ത നഗരസഭാ അധിക‍ൃതർ.
∙ ഓടകളിൽ ചപ്പു ചവറുകളും ചെളിയും നിറഞ്ഞത് കണ്ടിട്ടും കണ്ടമട്ട് നടിക്കാത്ത ജനപ്രതിനിധികൾ .
∙ ടെലിഫോണിന്റെ പഴയ കേബിൾ വയറുകളും, ജല അതോറിറ്റിയുടെ പൈപ്പുകളും ഓടയ്ക്കുള്ളിലൂടെ കടത്തിവിട്ട് അതിൽ ചപ്പു ചവറുകളും മറ്റും അടിഞ്ഞ് ഓട അടയ്ക്കാൻ വഴിവച്ച ഉദ്യോഗസ്ഥർ.
∙ നേരത്തെ ഉണ്ടായിരുന്ന ഓടകളുടെ വീതി വളരെ കുറച്ച് പുതിയ കെട്ടിട സമുച്ചയങ്ങൾ നിർമിച്ചവർ. 

∙ ഓടയിലേക്ക് വെള്ളം ഇറങ്ങാനുള്ള സൗകര്യം ഇല്ലാതെ കെട്ടിടങ്ങളുടെ മുൻഭാഗം കോൺക്രീറ്റ് ചെയ്തവർ
∙ ഓടകളുടെ കയ്യേറ്റവും മറ്റും കണ്ടെത്തി കൃത്യമായി നടപടി എടുക്കാതെ ഉറക്കം നടിച്ച നഗരസഭ.
∙ വാർഡ് സാനിറ്റേഷൻ ഫണ്ട് ഇത്തവണ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകുന്ന കൗൺസിലർമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com