ADVERTISEMENT

വാർധക്യത്തിൽ സംരക്ഷണം കിട്ടാത്ത മാതാപിതാക്കൾക്ക് അനുകൂലമായി മുതിർന്ന പൗരന്മാരുടെ സംരക്ഷണ ക്ഷേമ നിയമത്തിൽ ചട്ട ഭേദഗതിക്ക് സർക്കാർ തയാറെടുക്കുന്നു. ഈ വാർത്ത ഒട്ടേറെ പേർക്ക് ഒരേസമയം ആശ്വാസം, ആഹ്ലാദകരം

തൊടുപുഴ∙ വാർധക്യത്തിൽ സംരക്ഷിക്കാത്ത മക്കളിൽ നിന്ന് സ്വത്ത് തിരിച്ചെടുക്കാൻ മാതാപിതാക്കൾക്ക് കൂടുതൽ അധികാരം ലഭിക്കും വിധം കേന്ദ്ര നിയമത്തിലെ ചട്ടം പരിഷ്കരിക്കാനുള്ള സർക്കാർ നീക്കം ഏറെ പ്രതീക്ഷ നൽകുന്നു. ആവശ്യമുള്ളപ്പോൾ സംരക്ഷിച്ചില്ലെങ്കിൽ തിരിച്ചെടുക്കുമെന്ന വ്യവസ്ഥയോടെ റജിസ്റ്റർ ചെയ്യുന്ന വസ്തു വകകൾ മാത്രമേ നിലവിൽ ഇൗ നിയമ പ്രകാരം തിരികെ ലഭിക്കുകയുള്ളൂ. ചട്ട ഭേദഗതി നടപ്പാക്കുന്നതോടെ‍ മക്കളിൽ നിന്ന് സംരക്ഷണം ലഭിക്കാത്തതുമായി ബന്ധപ്പെട്ട മാതാപിതാക്കളുടെ പരാതികൾ കുറയുമെന്നാണു നിയമ വിദഗ്ധർ പറയുന്നത്.

പിതാവിനെ കുടുക്കാൻ വ്യാജ പരാതികൾ നൽകുന്ന മക്കൾ

ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിൽ നടന്ന സംഭവമാണ്. മാതാപിതാക്കളുടെ സ്വത്തിനു വേണ്ടി സ്ഥിരമായി വഴക്കിടുന്ന ആൺമക്കൾ ഇതിനായി കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഇവർ വീട്ടിൽ നിന്നു മാറിത്താമസിച്ചു. ഇതിനിടെ പ്രായമായ മാതാവ് വീട്ടിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ചു. തുടർന്ന് വീണ്ടും പിതാവുമായി അടുത്തു കൂടിയ മക്കൾ തങ്ങൾക്ക് നിലവിൽ നൽകിയ സ്വത്ത് പോരെന്ന് പറഞ്ഞു.

പിതാവിന്റെ പേരിലുള്ള സ്വത്തു കൂടി എഴുതി വേണമെന്നായിരുന്നു ആവശ്യം. എന്നാൽ വാർധക്യ സഹജമായ അസുഖങ്ങൾ മൂലം വിഷമിക്കുന്ന തന്നെ സംരക്ഷിക്കാൻ മക്കൾ തയാറാവില്ലെന്നുറപ്പായതിനാൽ പിതാവ് ഇൗ ആവശ്യം നിരാകരിച്ചു. ഇതോടെ മക്കൾ പിതാവിനെതിരെ സ്ത്രീ പീഡനമുൾപ്പെടെയുള്ള പരാതികളുമായി പൊലീസിനെ സമീപിച്ചെങ്കിലും അന്വേഷണത്തിൽ ഇവ വ്യാജമാണെന്നു കണ്ടെത്തി.

ആരോപണങ്ങളുന്നയിച്ച് പിതാവിനെ മാനസികമായി തകർക്കാനായിരുന്നു മക്കളുടെ ശ്രമം. എന്നാൽ നിയമ വഴിയിൽ സഞ്ചരിച്ച് തന്റെ നിരപരാധിത്വം തെളിയിച്ച പിതാവ് ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടതിന്റെ വേദനയിൽ ഓരോ ദിവസവും മുന്നോട്ടു പോവുകയാണ്.

ഹൈറേഞ്ചിൽ വൃദ്ധസദനങ്ങൾ ഹൗസ് ഫുൾ

നഗര പ്രദേശങ്ങളെ അപേക്ഷിച്ച് വയോജന സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം ലോറേഞ്ച്, ഹൈറേഞ്ച് മേഖലകളിൽ കുറവാണെങ്കിലും നിലവിലുള്ള സ്ഥാപനങ്ങൾ ഹൗസ് ഫുൾ ആണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഇതര ജില്ലകളിൽ നിന്ന് ഇവിടെയെത്തി ഇത്തരം സ്ഥാപനങ്ങളിൽ താമസിക്കുന്നവരും അനാഥരും ഇക്കൂട്ടത്തിലുണ്ട്.

എങ്കിലും മക്കൾ ഉപേക്ഷിച്ചവരാണ് കൂടുതലുള്ളതെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ജില്ലയിലാകെ മുപ്പതോളം വൃദ്ധസദനങ്ങളുണ്ടെന്നാണു കണക്ക്. വയോജനങ്ങളുമായി ബന്ധപ്പെട്ട കേസുകളും പരാതികളും മെയിന്റനൻസ് ട്രൈബ്യൂണലാണു പരിഗണിക്കുന്നത്. ജില്ലയിൽ ഇടുക്കിയിലും ദേവികുളത്തുമാണ് മെയിന്റനൻസ് ട്രൈബ്യൂണൽ പ്രവർത്തിക്കുന്നത്.

വെള്ളക്കടലാസിൽ പരാതി നൽകാം

സംരക്ഷണം നൽകുന്നില്ലെന്ന പരാതി മുതിർന്ന പൗരന്മാർക്കു വെള്ളക്കടലാസിൽ എഴുതി ആർഡിഒയ്ക്കു നേരിട്ടു സമർപ്പിക്കാം. പരമാവധി 10,000 രൂപ വരെ ചെലവിനു നൽകണമെന്നു മെയ്ന്റനൻസ് ട്രൈബ്യൂണലിനു വിധിക്കാം. സ്വത്തു തിരികെയെടുക്കാനും ട്രൈബ്യൂണലിനു അധികാരമുണ്ട്. ട്രൈബ്യൂണലിന്റെ വിധിക്കെതിരെ കലക്ടർക്ക് അപ്പീൽ നൽകാം. കോടതികളെയും സമീപിക്കാം. മാതാപിതാക്കളെ ഉപദ്രവിക്കുന്നതായി പരാതിയുണ്ടായാൽ ട്രൈബ്യൂണൽ പൊലീസിനെ അറിയിച്ചു തുടർനടപടി സ്വീകരിക്കും.

കള്ള പ്രമാണം: പരാതിയുമായി വയോധിക

തന്റെയും മകന്റെയും പേരിലുള്ള 70 സെന്റ് സ്ഥലവും വീടും കള്ള പ്രമാണം ചമച്ച് കൈവശപ്പെടുത്തിയശേഷം വീട്ടിൽ നിന്ന് ഇറക്കി വിട്ടതായി വയോധികയുടെ പരാതി. അടിമാലി മാങ്കടവ് നായിക്കുന്ന് ചാത്തനാട്ടു കൂടിയിൽ പരേതനായ പൗലോസിന്റെ ഭാര്യ അന്നക്കുട്ടിയാണ് മകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മകനും കുടുംബവും അടിമാലി ചുറ്റുപാറയിലേക്ക് താമസം മാറ്റിയതോടെ നായിക്കുന്നിലെ വീട്ടിൽ അവർ തനിച്ചാണു താമസിച്ചിരുന്നത്.

കഴിഞ്ഞ ഏപ്രിൽ 7ന് റോയി എന്നയാളും ഭാര്യയും വീട്ടിലെത്തി തങ്ങളുടെ വീടും സ്ഥലവും ആണെന്നു പറഞ്ഞ് ഇവരെ ബലമായി ഇറക്കി വിട്ടത്രേ. ഇപ്പോൾ മകളോടൊപ്പമാണു താമസിക്കുന്നത്. ഇതുസംബന്ധിച്ച്‌ വെള്ളത്തൂവൽ വില്ലേജ് ഓഫിസിൽ അന്വേഷിച്ചപ്പോഴാണ് സ്ഥലവും വീടും റോയിയുടെ പേരിലേക്ക് ആധാരം ചെയ്തതായി മനസ്സിലായത്.

kerala-police

കഴിഞ്ഞ ഫെബ്രുവരിയിൽ മകനും മരുമകളും ചേർന്നു തന്നെ കാറിൽ കൊണ്ടുപോയി പല ഓഫിസുകളിലും കയറ്റി പേപ്പറുകളിൽ വിരലടയാളം പതിപ്പിച്ചിരുന്നതായി അന്നക്കുട്ടി പറയുന്നു. അടുത്ത നാളിലാണ് ചതി മനസ്സിലായതത്രെ. ഭൂമിയും വീടും തിരികെ ലഭിക്കുന്നതിനു നടപടി ആവശ്യപ്പെട്ട് ദേവികുളം സബ് കലക്ടർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് അന്നക്കുട്ടി.

സ്വത്തിന്റെ ഒരു പിടി നമ്മുടെ കയ്യിൽ വേണം 

വാർധക്യത്തിൽ സംരക്ഷിക്കാത്ത മക്കളിൽ നിന്നു സ്വത്ത് തിരിച്ചെടുക്കാൻ മാതാപിതാക്കൾക്ക് അധികാരം നൽകുന്ന നിയമം അനിവാര്യമാണെന്നു വാഴത്തോപ്പിലെ മുതിർന്ന കർഷകൻ പറഞ്ഞു. ‘ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് മാതാപിതാക്കളെ ദൈവത്തെ പോലെയാണ് കണ്ടിരുന്നത്. മക്കൾ പ്രായമായാൽ മാതാപിതാക്കൾക്ക് ഒരു കുറവും വരുത്താതെ രാജാക്കന്മാരെ പോലെ കൊണ്ടു നടക്കുമായിരുന്നു. അത് സ്വത്ത് ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരു നിഷ്ഠ തന്നെയായിരുന്നു.

മാതാപിതാക്കളുടെ കണ്ണീരു വീഴ്ത്തുന്നവനെ കണ്ടാൽ കുളിക്കാതെ വീട്ടിൽ കയറരുത് എന്നൊരു ചൊല്ലു പോലുമുണ്ടായിരുന്നു. എന്നാൽ ആ കാലം മാറി പോയി. ഇപ്പോൾ മക്കൾക്ക് മാതാപിതാക്കളെ വേണ്ട. സ്വത്ത് മതി എന്ന അവസ്ഥയായിട്ടുണ്ട്. ജീവിത കാലം മുഴുവൻ കഷ്ടപ്പെട്ടു സമ്പാദിച്ച സമ്പത്തിന്റെ ഒരു പിടി നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ വെറുതേയങ്ങ് എഴുതിത്തള്ളാൻ മക്കൾ തയാറാവില്ല’.

''നീക്കത്തെ അനുകൂലിക്കുന്നു

വാർധക്യത്തിൽ സംരക്ഷിക്കാത്ത മക്കളിൽ നിന്നു സ്വത്ത് തിരിച്ചെടുക്കാൻ മാതാപിതാക്കൾക്കു കൂടുതൽ അധികാരം ലഭിക്കുംവിധം കേന്ദ്ര നിയമത്തിലെ ചട്ടം പരിഷ്കരിക്കാനുള്ള തീരുമാനത്തെ പൂർണമായും അനുകൂലിക്കുന്നു. സ്വത്ത് കൈവശമാകും വരെ രക്ഷിതാക്കളെ സ്നേഹത്തോടെ പരിചരിക്കുകയും അതിനു ശേഷം അവരെ നോക്കാതെ വീട്ടിൽ നിന്നു പുറത്താക്കുക വരെ ചെയ്യുന്ന മക്കളുടെ എത്രയെത്ര വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഭക്ഷണവും മരുന്നും പോലും കൃത്യമായി ലഭിക്കാതെ വീടുകളിൽ ദുരിതമനുഭവിക്കുന്ന, അയൽവാസികളോടു പോലും ഒന്നും തുറന്നു പറയാനാകാതെ, വീടുകളിൽ ഒതുങ്ങിക്കഴിയുന്ന പലരെയും അറിയാം. ഈയൊരു സാഹചര്യത്തിൽ, എപ്പോൾ വേണമെങ്കിലും സ്വത്ത് തിരിച്ചെടുക്കാമെന്ന നിയമം വന്നാൽ സ്വത്ത് പോകുമെന്ന ഭയത്താലെങ്കിലും രക്ഷിതാക്കളെ നോക്കാൻ മക്കൾ തയാറാകുമെന്നാണ് കരുതുന്നത്. -റിട്ട ബാങ്ക് ഉദ്യോഗസ്ഥൻ, കോലാനി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com