കളിക്കുന്നതിനിടെ വഴിതെറ്റി; മൂന്നര വയസ്സുള്ള കുട്ടി ഒരു രാത്രി തനിയെ വന്യമൃഗ ശല്യമുള്ള തോട്ടത്തിൽ

missing
representative image
SHARE

രാജകുമാരി ∙ കാട്ടിനുള്ളിലെ ഏലത്തോട്ടത്തിൽ വഴിതെറ്റിപ്പോയ പെൺകുഞ്ഞിനെ ഒരു രാത്രി നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മൺ- ജ്യോതി ദമ്പതികളുടെ മൂന്നര വയസ്സുള്ള മകളാണ് വന്യമൃഗ ശല്യമുള്ള തോട്ടത്തിൽ ഒരു രാത്രി മുഴുവൻ തനിയെ കഴിഞ്ഞത്. രാജകുമാരി ബി ഡിവിഷനിലെ ഏലത്തോട്ടത്തിൽ നിന്ന് ചൊവ്വാഴ്ച പകൽ മൂന്നോടെയാണ് കുട്ടിയെ കാണാതായത്.

ഇന്നലെ രാവിലെ എട്ടോടെ മുക്കാൽ കിലോമീറ്റർ ദൂരെയുള്ള തോട്ടത്തിൽ നിന്നു കണ്ടെത്തി. ഒന്നര വയസ്സുള്ള സഹോദരനോടും മറ്റൊരു കുട്ടിയോടുമൊപ്പം കളിക്കുന്നതിനിടെ ഏലത്തോട്ടത്തിൽ കയറിയ കുട്ടിക്ക് വഴി തെറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശാന്തൻപാറ പൊലീസും മൂന്നാർ, നെടുങ്കണ്ടം, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് രാത്രിയിൽ തിരച്ചിൽ നടത്തിയത്. അടുത്തുള്ള പടുതാക്കുളം വറ്റിച്ചും തിരഞ്ഞു.

ഇന്നലെ രാവിലെ കെ.മുരുകൻ എന്ന തൊഴിലാളി സമീപത്തെ ഏലത്തോട്ടത്തിൽ കീടനാശിനി തളിക്കാനെത്തിയപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ഏലച്ചെടിയുടെ ചുവട്ടിൽ ഭയന്നു വിറച്ചിരിക്കുന്ന കുഞ്ഞിനെ കണ്ടെത്തി. രാത്രിയിൽ കൊടും തണുപ്പും മഞ്ഞ് മൂടിയ അന്തരീക്ഷവുമാണ് ഇവിടെ. കീറിത്തുടങ്ങിയ ഒരു ബനിയനും പാന്റ്സും മാത്രമാണ് കുട്ടി ധരിച്ചിരുന്നത്. ഒരാഴ്ച മുൻപാണ് ഇതിനു സമീപത്തെ മറ്റൊരു തോട്ടത്തിൽ കാട്ടാനക്കൂട്ടം എത്തിയത്. പൊലീസ് കേസെടുത്തതിനാൽ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ ശേഷമാണ് കുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS