ADVERTISEMENT

വണ്ണപ്പുറം ∙ വനംവകുപ്പ് തടസ്സം നിൽക്കുന്നതിനാൽ ഗോത്രവർഗ കോളനികളിലെ വികസന പ്രവർത്തനങ്ങൾ നടത്താനാവാതെ ജനപ്രതിനിധികളും മറ്റു വകുപ്പിലെ ഉദ്യോഗസ്ഥരും. ഏതാനും മാസമായി മീനുളിയാൻപാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. ഇതോടെ ഒരു പ്രദേശത്തിന്റെ ടൂറിസം വികസന സാധ്യതകളാണ് അടഞ്ഞത്. അതേസമയം വനം വകുപ്പ് തന്നെ ഇവിടെ നിയന്ത്രണത്തോടെ സഞ്ചാരികളെ പ്രവേശിപ്പിക്കാനുള്ള നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

റോഡു പണിക്കു തടസ്സം, പട്ടയം കിട്ടണമെങ്കിൽ തടസ്സം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ തടസ്സം കാട്ടിൽ ഉപജീവനം തേടിപ്പോകാൻ തടസ്സം ആകെ നിർമാണ പ്രവർത്തനങ്ങൾക്കെല്ലാം വനം വകുപ്പിന്റെ തടസ്സം. പോരെങ്കിൽ കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിനും തടസ്സം. അങ്ങനെ ഏതിനും തടസ്സം എന്തിനും തടസ്സം ഇതാണ് വണ്ണപ്പുറം പഞ്ചായത്തിലെ ഗോത്ര വർഗ മേഖലകളിൽ താമസിക്കുന്ന സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം.

വനം വകുപ്പിനെതിരെ ശബ്ദിച്ചാൽ കേസ്

നാട്ടിലെ വികസനം തടസ്സപ്പെടുത്തുന്ന വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യുകയോ എതിർക്കുകയോ ചെയ്താൽ കേസുകളുടെ ബഹളമായിരിക്കും. അടുത്ത നാളിൽ മീനുളിയാൻ പാറയിലേക്കുള്ള പ്രവേശനം തടഞ്ഞത് എതിർത്തു സമരം ചെയ്ത എല്ലാവരുടെയും പേരിൽ കേസെടുത്തു. മുള്ളരിങ്ങാട്– തലക്കോട് റോഡ് നിർമാണത്തിന് എത്തിയ തൊഴിലാളികളെ തടസ്സപ്പെടുത്തുകയും ജനപ്രതിനിധികളുടെ പേരിൽ കേസ് എടുക്കുകയും ചെയ്തിരുന്നു. ജനപ്രതിനിധികൾ രംഗത്ത് വന്നതോടെ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

പരിസ്ഥിതി നിയമത്തിന്റെ പേരിലും ദ്രോഹം

കേന്ദ്ര പരിസ്ഥിതി നിയമത്തിന്റെ മുന്നിൽ ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും മുട്ടുമടക്കും. വനം വകുപ്പുമായി ഉണ്ടാകുന്ന പരാതികളിൽ ജനങ്ങൾ സമീപിക്കുക ആദ്യം ജനപ്രതിനിധികളെയാണ്. ഇതിൽ പഞ്ചായത്തംഗം മുതൽ മന്ത്രിമാർ വരെയുണ്ടാകും. പ്രശ്ന പരിഹാരത്തിനു ശ്രമിക്കുന്ന ഇവർ പലപ്പോഴും സിസിഎഫ് മുതൽ ഡിഎഫ്ഒ വരെയുള്ള ഉദ്യോഗസ്ഥരുടെ മുന്നിൽ അടിയറവു പറയുകയാണ് പതിവ്.

ഏതെങ്കിലും പദ്ധതികൾ അനുവദിച്ചു വന്നാൽ വനം വകുപ്പിന്റെ തടസ്സവും ക്ലിയറൻസിൽ വരുന്ന കാല താമസവും മൂലം ഒരിക്കലും സമയത്തു നടക്കാറുമില്ല. ഇനി അനുമതിയോ ക്ലിയറൻസോ കിട്ടണമെങ്കിൽ ബെംഗളൂരുവിലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ സോണൽ ഓഫിസിൽ നിന്നു വേണം അനുമതി കിട്ടാൻ. അതിനുണ്ടാകുന്ന കാലതാമസം പറഞ്ഞറിയിക്കാൻ വയ്യ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com