ADVERTISEMENT

അടിമാലി∙ അവിശ്വാസ പ്രമേയത്തിലൂടെ എൽഡിഎഫിനു ഭരണം നഷ്ടപ്പെട്ട അടിമാലി പഞ്ചായത്തിൽ വരാനിരിക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ചതായി ആക്ഷേപം. 2 സ്ഥാനങ്ങളിലേക്കും ഇന്നു തിരഞ്ഞെടുപ്പ് നടത്തണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് 22നു മാത്രമാണു ലഭിച്ചെന്നതാണ് ആക്ഷേപം. കഴിഞ്ഞ 13ന് കമ്മിഷൻ ഓഫിസിൽ നിന്ന് ഇമെയിലിലൂടെ അറിയിപ്പ് അയച്ചെന്നാണു പറയുന്നത്. എന്നാൽ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പഞ്ചായത്ത് ഓഫിസിൽ സന്ദേശം എത്തിയത്.

റിട്ടേണിങ് ഓഫിസർക്ക് ഇതു സംബന്ധിച്ചുള്ള സന്ദേശം ഇനിയും ലഭിച്ചിട്ടില്ലെന്നതും വിചിത്രമാണ്. പഞ്ചായത്തിൽ നിന്നു ലഭിച്ച വിവരമാണ് ഇതു സംബന്ധിച്ചുള്ളതെന്ന് റിട്ടേണിങ് ഓഫിസർ പറഞ്ഞു. അംഗങ്ങൾക്ക് അറിയിപ്പ് നൽകി 7 പൂർണ പ്രവൃത്തിദിനത്തിനു ശേഷമാണു തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതിനുള്ള സമയം ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പു തീയതിയിൽ മാറ്റം വരുത്തണമെന്ന് കമ്മിഷൻ ഓഫിസിൽ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മേയ് 12ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് പ്രസിഡന്റ് ഷേർളി മാത്യു, വൈസ് പ്രസിഡന്റ് മേരി തോമസ് എന്നിവർ പുറത്തായത്. 21 അംഗ ഭരണസമിതിയിൽ സ്വതന്ത്രൻ ഉൾപ്പെടെ 12 അംഗങ്ങളുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഭരിച്ചിരുന്നത്. സിപിഐയിലെ ഒരംഗവും സ്വതന്ത്രനും യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിനു ഭരണം നഷ്ടമായത്. 3 ആഴ്ചയ്ക്കുള്ളിൽ പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതാണ്. 

ക്ഷേമകാര്യസമിതിയിലും അവിശ്വാസം വിജയിച്ചു

അടിമാലി പഞ്ചായത്തിൽ ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷയ്ക്കെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം വിജയിച്ചു. ഇതോടെ എൽഡിഎഫ് പ്രതിനിധി റൂബി സജി അധ്യക്ഷ സ്ഥാനത്തു നിന്നു പുറത്തായി. എൽഡിഎഫ് - 3, യുഡിഎഫ് -2 എന്നിങ്ങനെയാണ് സമിതിയിലുള്ളത്. സിപിഐ അംഗം സനിത സജിയുടെ പിന്തുണയോടെയാണ് റൂബിയെ പുറത്താക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com