ADVERTISEMENT

തെരുവുനായ ശല്യം രൂക്ഷമായ വാത്തിക്കുടി പഞ്ചായത്തിലെ തേക്കിൻതണ്ടിൽ രണ്ടുമാസം മുൻപു നായയുടെ ആക്രമണത്തിൽ പരുക്കേറ്റ വീട്ടമ്മ പേവിഷ ബാധയേറ്റ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. വണ്ണപ്പുറത്ത മുണ്ടൻമുടിയിലും കഴിഞ്ഞ ദിവസം പേപ്പട്ടി ആക്രമണമുണ്ടായി. അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ജനങ്ങൾക്ക് വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടാകും

തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന് ആരംഭിച്ച പദ്ധതി ജില്ലയിൽ വൻ പരാജയം. നായ്ക്കളെ കൊല്ലുന്നത് ഒഴിവാക്കുന്നതിനും ഇവയുടെ എണ്ണം കുറയ്ക്കുന്നതിനും വേണ്ടിയാണ് നിർബന്ധിത വന്ധ്യംകരണത്തിനു പദ്ധതി കൊണ്ടുവന്നത്. ഇതിനായി എല്ലാ പഞ്ചായത്തുകളും എല്ലാ വർഷവും നിശ്ചിത തുക ജില്ലാ പഞ്ചായത്തിനു കൈമാറണം.

മിക്ക പഞ്ചായത്തുകളും 3 ലക്ഷം രൂപ വീതം വിഹിതം നൽകുകയാണു പതിവ്. ജില്ലാ പഞ്ചായത്താണ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനു പരിശീലനം ലഭിച്ചവർക്കു കരാർ നൽകുന്നത്. എന്നാൽ, ഇതു കാര്യക്ഷമമായി നടത്തുന്നില്ലെന്നാണ്‌ പഞ്ചായത്ത് അധികൃതർ പറയുന്നത്. ഇതു സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പുകളോ എത്ര നായ്ക്കളെ വന്ധ്യംകരിച്ചെന്നോ തങ്ങളെ അറിയിക്കാറില്ലെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു.

ചെറുതോണി

ഒരു മുഴം ഭൂമിയിൽ ഒരു ചാൺ പാമ്പ് എന്നാണു ചൊല്ല്. ജില്ലാ ആസ്ഥാനത്തെ തെരുവുനായ്ക്കളുടെ കാര്യത്തിലാണ് ഈ ചൊല്ല് കൂടുതൽ ചേരുന്നതെന്ന‌ു നാട്ടുകാർ പറയും. എവിടെ നോക്കിയാലും നായ്ക്കളാണ്. ഇതിനു രാവെന്നോ, പകലെന്നോ വ്യത്യാസമില്ല. നായ്ക്കളെ പേടിച്ച് ഒറ്റയ്ക്ക് സഞ്ചരിക്കാൻ പോലും നാട്ടുകാർ ഭയപ്പെടുകയാണ്. കുട്ടികളെ സ്കൂളുകളിൽ വിടുന്നതിനും തിരികെക്കൊണ്ടു വരുന്നതിനും മുതിർന്നവർ വേണമെന്നാണ് അവസ്ഥ. ടൗണുകളിൽ രാത്രിയിലെ സ്ഥിതി പറയുകവേണ്ട.

ആശുപത്രികളുടെയും പൊതുസ്ഥാപനങ്ങളുടെയും ചുറ്റുവട്ടത്തും നായ ശല്യം രൂക്ഷമാണ്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ സദാസമയവും നായ്ക്കളെ കാണാം. രോഗികളെയും കൂട്ടിരിപ്പുകാരെയും ഇവ ആക്രമിച്ച സംഭവങ്ങളും ഏറെയുണ്ട്. ചെറുതോണിക്കും പൈനാവിനും ഇടയിലുള്ള വനമേഖലയിൽ പെറ്റുപെരുകുന്ന നായ്ക്കൾ വന്യജീവികൾക്കും ഭീഷണിയാണ്.

ഒരു വർഷത്തിനിടെ മ്ലാവുകൾ ഉൾപ്പെടെ ഒട്ടേറെ വന്യജീവികളെ നായ്ക്കൾ ആക്രമിച്ചു കൊന്നിരുന്നു. വന്ധ്യംകരണത്തിനു വേണ്ടി വിവിധ പ്രദേശങ്ങളിൽ നിന്നു കരാറുകാർ പിടിച്ചു കൊണ്ടു വരുന്ന നായ്ക്കളെ ജില്ലാ ആസ്ഥാനത്ത് ആളൊഴിഞ്ഞ മേഖലകളിൽ തുറന്നു വിടുന്നതായി ആക്ഷേപമുണ്ട്. കഞ്ഞിക്കുഴി, വാത്തിക്കുടി, കാമാക്ഷി, മരിയാപുരം പഞ്ചായത്തുകളിലും ശല്യം രൂക്ഷമാണ്.

തൊടുപുഴ

തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും നായ്ക്കളുടെ കടിയേറ്റു ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. രാത്രിസമയത്തു നഗരത്തിലെ പല റോഡുകളും തെരുവുനായ്ക്കൾ കയ്യടക്കും. കാൽനട യാത്രക്കാർക്കാണു കൂടുതൽ ഭീഷണി. തെരുവുനായ്ക്കൾ മൂലം അപകടത്തിൽപെട്ട ഇരുചക്രവാഹന യാത്രക്കാരും ഏറെ. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർക്കു പിന്നാലെ നായ്ക്കൾ ഓടുന്നതും പതിവാണ്. വളർത്തു മൃഗങ്ങളെയും ഇവ വെറുതേ വിടാറില്ല.

വന്ധ്യംകരണ പദ്ധതി താളം തെറ്റിയതാണു നഗരത്തിലെ നായശല്യത്തിനു കാരണമെന്ന് പരാതിയുണ്ട്. മു‍ൻപു നഗരസഭയിൽ പദ്ധതി നടപ്പാക്കിയിരുന്നു. പിന്നീടിതു നിലച്ചു. ഈ സാമ്പത്തിക വർഷം പദ്ധതി നടത്തിപ്പിനായി തുക വകയിരുത്തിയിട്ടുണ്ടെന്നു നഗരസഭാധ്യക്ഷൻ സനീഷ് ജോർജ് പറഞ്ഞു. ശാസ്ത്രീയമായ അറവുശാലകളുടെ അഭാവവും അലക്ഷ്യമായ മാലിന്യം തള്ളലും മറ്റൊരു കാരണമാണ്. മാലിന്യസംസ്കരണം കൃത്യമായി നടന്നാൽ ഒരുപരിധിവരെ ശല്യം കുറയ്‌ക്കാമെന്നു മൃഗസംരക്ഷണവകുപ്പ് അധികൃതർ പറയുന്നു.

നെടുങ്കണ്ടം

കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തുണ്ടായ തെരുവുനായ ആക്രമണത്തിൽ 7 പേർക്കാണു പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ കൽകൂന്തൽ സന്തോഷ് ഭവനത്തിൽ രത്നമ്മ (75) പറയുന്നതിങ്ങനെ: ‘‘ രാവിലെ പുരയിടത്തിലേക്ക് ഇറങ്ങിയ സമയത്താണ് ആക്രമണം. കടിച്ചു വലിച്ച് നിലത്തു വീഴ്ത്തി. കയ്യിലും പുറത്തും കാലിലും കടിച്ചു.

കരഞ്ഞതോടെ മകനും ഭാര്യയും സമീപവാസികളും എത്തിയതാണ് രക്ഷയായത്.’’ നെടുങ്കണ്ടത്ത് ഈയിടെ നായ കുറുകെച്ചാടി ബൈക്ക് മറിഞ്ഞ് യുവാവിനു പരുക്കേറ്റിരുന്നു. തൂക്കുപാലത്തു രാവിലെ നടക്കാനിറങ്ങുന്നവർ കയ്യിലൊരു വടിയും പിടിച്ചാണ് നടക്കുന്നത്. ടൗണിന്റെ എല്ലായിടത്തും നായപ്പടയാണ്.

അടിമാലി

ടൗണിൽ ബസ് സ്റ്റാൻഡ്, മാർക്കറ്റ്, ഗവ. ഹൈസ്കൂൾ, പഞ്ചായത്ത് ഓഫിസ്, കാംകോ ജംക്‌ഷൻ, അമ്പലപ്പടി, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലാണ് നായശല്യം കൂടുതൽ. പ്രഭാതസവാരിക്കാർ, പത്ര വിതരണക്കാർ, വിദ്യാർഥികൾ എന്നിവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. പലതവണ പഞ്ചായത്ത് അധികൃതർക്കു പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.

മുട്ടം

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം ശങ്കരപ്പള്ളിയിൽ ബൈക്കിൽ പോവുകയായിരുന്ന കോളപ്ര താഴത്തെചോന്നാട്ട് രഞ്ജിത്തിന്റെ ബൈക്കിനു കുറുകെ തെരുവുനായ ചാടി. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു ഗുരുതരമായി പരുക്കേറ്റ രഞ്ജിത്ത് കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഭക്ഷ്യ അവശിഷ്ടങ്ങൾ പാതയോരത്ത് ഉപേക്ഷിക്കുന്നതാണ് ശല്യം രൂക്ഷമാകാൻ കാരണം. ഇരുചക്രവാഹനങ്ങൾ അടുത്തെത്തുമ്പോൾ കടിക്കാനായി നായ്ക്കൾ ഓടിയെത്തുന്നതു പതിവാണ്. പലരും വാഹനം വേഗത്തിൽ ഓടിച്ചുപോവുകയാണ് പതിവ്. ഇത് അപകടസാധ്യത കൂട്ടുന്നു.

മൂലമറ്റം

ടൗണിൽ കാൽനട യാത്രക്കാരെ നായ്ക്കൾ ആക്രമിക്കുന്നതു പതിവാണ്. കഴിഞ്ഞ ദിവസം മറയൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പ്രകാശ് നൈനാൻ ഡ്യൂട്ടിക്കു പോകാനായി പുലർച്ചെ മൂലമറ്റം ബസ് സ്റ്റാൻഡിലേക്കു വരുന്ന വഴി നായ ആക്രമിച്ചു.

സാരമായി പരുക്കേറ്റ പ്രകാശ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. സ്വകാര്യ ബസ് സ്റ്റാൻഡിൽ നായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർഥിക്കു പരുക്കേറ്റതും ഈയിടെ. കശാപ്പുശാലകൾ കേന്ദ്രീകരിച്ചാണ് ഇവ ചുറ്റിത്തിരിയുന്നത്.

കട്ടപ്പന

നഗരത്തിലും സമീപ പ്രദേശങ്ങളിലും നായ്ക്കളുടെ ശല്യം മൂലം വിദ്യാർഥികളെ സ്കൂളിൽ അയയ്ക്കുന്നതുപോലും ആശങ്കയോടെയാണ്. നഗരസഭാ മിനി സ്റ്റേഡിയം, നഗരസഭാ ഓഫിസ് പരിസരം, ബസ് സ്റ്റാൻഡ് തുടങ്ങിയ മേഖലകളിലാണ് ഇവ ചുറ്റിത്തിരിയുന്നത്. പ്രഭാതസവാരിക്ക് ഇറങ്ങുന്നവരും പത്ര വിതരണക്കാരുമെല്ലാം ദുരിതത്തിലാണ്.കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ, ഇരട്ടയാർ, വണ്ടൻമേട് തുടങ്ങിയ മേഖലകളിലും നായ്ക്കളുടെ ശല്യം വർധിച്ചു.

കഴിഞ്ഞമാസം അയ്യപ്പൻകോവിൽ മേഖലയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾക്കു പരുക്കേറ്റിരുന്നു. ചെന്നിനായ്ക്കൻകുടി കോളനിയിൽ പേവിഷ ബാധയേറ്റ് കാള ചാകുകയും ചെയ്തു. വളർത്തു നായ്ക്കൾക്കു കുത്തിവയ്പ് എടുക്കാനും തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുമുള്ള നടപടി കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാണ്.

കുമളി

വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയുടെ പരിസര പ്രദേശത്തും കുമളി ടൗണിലും നായ്ക്കൾ വിലസുകയാണ്. കുമളി ബസ് സ്റ്റാൻഡ്, ടൗൺ പരിസരം, ബൈപാസ് റോഡുകൾ എന്നിവയിലെല്ലാം രാപകൽ ഭേദമില്ലാതെ നായ്ക്കൂട്ടത്തെ കാണാം. സ്കൂൾ കുട്ടികൾ അടക്കമുള്ളവരുടെ യാത്ര ഭീതിയോടെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com