ADVERTISEMENT

കട്ടപ്പന∙ മാനേജരായി ജോലി ചെയ്തിരുന്ന തോട്ടത്തിൽ നിന്നു ലക്ഷങ്ങളുടെ തടികൾ വെട്ടിവിറ്റ ശേഷം ഒളിവിൽപോയ പ്രതി പിടിയിലായത് മീൻ കയറ്റുമതി ചെയ്യാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെ. പുറ്റടി മണിയംപെട്ടിയിലെ 40 ഏക്കറോളം വരുന്ന തോട്ടത്തിന്റെ മാനേജരായിരുന്ന ആലപ്പുഴ വെൺവേലിൽ തോമസ് വി.ജേക്കബ് (ജൂഡി-49) ആണു കഴിഞ്ഞദിവസം പുതുച്ചേരിയിലെ കാരയ്ക്കൽ ഹാർബറിൽ നിന്നു പൊലീസിന്റെ പിടിയിലായത്. കുവൈത്തിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി ജിജി ജേക്കബിന്റെ മണിയംപെട്ടിയിലുള്ള തോട്ടത്തിന്റെ മാനേജരായിരുന്നു തോമസ്.

തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങളാണു വെട്ടിക്കടത്തിയത്. തെളിവുനശിപ്പിക്കാനായി മരക്കുറ്റികൾ പിഴുതു മാറ്റിയതായി പൊലീസ് കണ്ടെത്തി. അതിനാൽ എത്ര മരങ്ങൾ വെട്ടിയെന്നു സ്ഥിരീകരിക്കാനായിട്ടില്ല. ഒളിവിൽപോയ തോമസ് കുറച്ചുദിവസം കോയമ്പത്തൂരിൽ ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. അതോടെ, കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിൽ എസ്ഐ സജിമോൻ ജോസഫ്, സിപിഒമാരായ ടോണി ജോൺ, വി.കെ.അനീഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. കോയമ്പത്തൂരിൽ നിന്നു പ്രതി ഗോവയിലേക്കാണു കടന്നത്. അവിടെ ചീട്ടുകളിച്ചു പണം നഷ്ടപ്പെട്ടതായാണു പൊലീസ് പറയുന്നത്.

പിന്നീടു തമിഴ്നാട്ടിലെ നാഗപട്ടണം, പുതുച്ചേരിയിലെ കാരയ്ക്കൽ എന്നിവിടങ്ങളിൽ മത്സ്യബന്ധന ബോട്ടിൽ ജോലിക്കു കയറിയ തോമസ് ഫോൺ പോലും ഉപയോഗിക്കാതിരുന്നതിനാൽ പിടികൂടാൻ അന്വേഷണ സംഘം ഏറെ ബുദ്ധിമുട്ടി. സ്വദേശികളുടെ വിശ്വാസമാർജിച്ച ശേഷം മീൻ കയറ്റുമതി ചെയ്യാനായിരുന്നു തോമസിന്റെ പദ്ധതിയെന്നു പൊലീസ് പറഞ്ഞു. ഇവിടെ അപരിചിതർക്കു മീൻ വിൽപന ആരംഭിക്കാനുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് മത്സ്യബന്ധന ബോട്ടിൽ ജോലിക്കു കയറിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com