ADVERTISEMENT

അടിമാലി ∙ മാങ്കുളം പഞ്ചായത്തിലെ കള്ളക്കുട്ടിക്കുടിയിലേക്കുള്ള തകർന്ന പാലത്തിന്റെ പുനർനിർമാണം ഈ വേനൽക്കാലത്തും സാധ്യമായില്ല. ഇതോടെ കുടി നിവാസികൾക്കു ഇത്തവണത്തെ കാലവർഷവും ദുരിതയാത്രയായി മാറും. 2018ലെ പ്രളയത്തിലാണ് പാലം തകർന്നത്. വേനൽക്കാലത്ത് പുഴയിൽ ഒഴുക്ക് കുറയുന്നതോടെ കുടുംബങ്ങൾക്ക് പുഴയിലൂടെ നടന്ന് അക്കരെയിക്കരെ എത്താനാകും.എന്നാൽ മഴക്കാലം ആരംഭിച്ചാൽ പുഴ മുറിച്ചു കടക്കാൻ പാലം അല്ലാതെ മറ്റ് മാർഗങ്ങളില്ല.

തകർന്ന പാലത്തിന് പകരം സംവിധാനം ഒരുക്കാൻ ബന്ധപ്പെട്ടവർ കൂട്ടാക്കാതെ വന്നതോടെ കഴിഞ്ഞ 3 വർഷമായി ആദിവാസികൾ മുൻ കൈ എടുത്ത് ഈറ്റ ഉപയോഗിച്ച് താൽക്കാലിക പാലം നിർമിച്ചാണ് മറുകര എത്തുന്നത്. എന്നാൽ ഒരു വർഷം മുൻപ് റീബിൽഡ് കേരളയിൽ പെടുത്തി പാലം നിർമാണത്തിന് നടപടി ആരംഭിച്ചതായി ഭരണാധികാരികൾ അറിയിച്ചെങ്കിലും ഇത് പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ്. ഇതോടെ വീണ്ടും ഈറ്റ  ഉപയോഗിച്ച് നടപ്പാലം നിർമിച്ചിരിക്കുകയാണ് ആദിവാസികൾ.

ഈറ്റപ്പാലത്തിന് ഒരു വർഷത്തെ ആയുസ്സ് മാത്രമാണുള്ളത്. ഇത്തരം സാഹചര്യത്തിൽ മൂന്നാമത്തെ പാലമാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. മഴ കനത്താൽ കുതിച്ചൊഴുകുന്ന കാട്ടാറിനു കുറുകെ ഈറ്റപ്പാലത്തിലൂടെ സാഹസികമായാണ് ആദിവാസി കുടുംബങ്ങളുടെ യാത്ര. അവശ്യ വസ്തുക്കൾ വാങ്ങാനുൾപ്പെടെ കുടുംബങ്ങൾക്ക് മാങ്കുളത്ത് എത്തണമെങ്കിൽ മഴക്കാലത്ത് ഈറ്റപ്പാലത്തെ ആശ്രയിക്കണം. കുട്ടികൾക്ക് സ്കൂളിൽ പോകുന്നതിനും ആശ്രയം ഈറ്റ പാലമാണ്. ഇത്തരം സാഹചര്യത്തിൽ യാത്രാദുരിതം തിരിച്ചറിയണമെന്നാണ് ആദിവാസി കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com